ന്യൂദല്‍ഹി: രാഷ്ട്രപിതാവിനെ കൊല്ലാന്‍ നാഥുറാം ഗോഡ്സെക്ക് മുന്തിയ തോക്ക് എത്തിച്ചുകൊടുത്തത് ഹിന്ദുത്വ നേതാവ് വി.ഡി. സവര്‍ക്കറാണെന്ന് മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനും എഴുത്തുകാരനുമായ തുഷാര്‍ ഗാന്ധി.
ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് വി.ഡി. സവര്‍ക്കര്‍ക്കെതിരെ കടുത്ത ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ഈ വാര്‍ത്തകള്‍ക്കിടയിലാണ് തുഷാര്‍ ഗാന്ധിയുടെ പ്രതികരണം.
‘സവര്‍ക്കര്‍ ബ്രിട്ടീഷുകാരെ സഹായിക്കുക മാത്രമല്ല ചെയ്തത്. ബാപ്പുവിനെ (ഗാന്ധിജി) വധിക്കാന്‍ നല്ല തോക്ക് കണ്ടെത്തിക്കൊടുത്തതും സവര്‍ക്കറാണ്. ബാപ്പുവിന്റെ വധത്തിനു രണ്ട് ദിവസം മുമ്പ് വരെ മഹാത്മാ ഗാന്ധിയുടെ കൊലപാതകം നടത്താന്‍ പറ്റിയ ഒരു ആയുധവും ഗോഡ്സെയുടെ കൈയിലുണ്ടായിരുന്നില്ല,’ എന്നാണ് തുഷാര്‍ ഗാന്ധി ട്വീറ്റ് ചെയ്തത്.
വെറുതെ ആരോപണം നടത്തുകയല്ലെന്നും ചരിത്രത്തില്‍ രേഖപ്പെപ്പെടുത്തിയ കാര്യമാണ് താന്‍ പറഞ്ഞതെന്നും ട്വീറ്റിന് വിശദീകരണമായി അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
നേരത്തെ വി.ഡി. സവര്‍ക്കര്‍ക്കെതിരെയുള്ള രാഹുല്‍ ഗാന്ധിയെ പരാമര്‍ശത്തെ പിന്തുണച്ച് തുഷാര്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.
‘വീര്‍ സവര്‍ക്കര്‍ ബ്രിട്ടീഷുകാരുടെ സുഹൃത്തായിരുന്നു. ജയിലില്‍ നിന്ന് പുറത്തുകടക്കാന്‍ അദ്ദേഹം അവരോട് മാപ്പ് പറഞ്ഞു. ഇത് വാട്സ്ആപ്പ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ളതല്ല, ചരിത്ര രേഖയാണ്,’ എന്നാണ് തുഷാര്‍ ഗാന്ധി പറഞ്ഞിരുന്നത്.
ഭാരത് ജോഡോ യാത്രയില്‍ തുഷാര്‍ ഗാന്ധി പങ്കെടുത്തിരുന്നു. മഹാരാഷ്ട്ര ഷെഗാവിലെ ബുല്‍ധാന ജില്ലയില്‍ വെച്ചാണ് രാഹുലിനൊപ്പം നടക്കാന്‍ തുഷാര്‍ ഗാന്ധിയെത്തിയത്.
അതേസമയം, ബ്രിട്ടീഷ് ജയിലില്‍ കഴിയവേ, അവരുടെ ദയ തേടി വി.ഡി സവര്‍ക്കര്‍ അയച്ച കത്തായിരുന്നു രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ചര്‍ച്ചയാക്കിയിരുന്നത്.
‘ഞാന്‍ നിങ്ങളുടെ വിനീത ദാസനായിരിക്കാന്‍ യാചിക്കുന്നുവെന്ന’ പരാമര്‍ശമടക്കമുള്ള കത്ത് ഉയര്‍ത്തിപ്പിടിച്ചാണ് ഭാരത് ജോഡോ യാത്രയുടെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി സവര്‍ക്കര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്.