national news
'സവര്‍ക്കര്‍ മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തിന് ഒത്താശ ചെയ്ത ആളാണ്'; ഭാരത് രത്‌ന നല്‍കുന്നതിന് പിന്നിലെ അജണ്ട മനസിലാക്കണമെന്ന് തുഷാര്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 25, 06:42 pm
Saturday, 26th October 2019, 12:12 am

സവര്‍ക്കര്‍ക്ക് ഭാരത് രത്‌ന നല്‍കാനുള്ള മഹാരാഷ്ട്ര ബി.ജെ.പി സര്‍ക്കാരിന്റെ നീക്കത്തെ കടുത്തഭാഷയില്‍ വിമര്‍ശിച്ച് ഗാന്ധിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധി. ഗാന്ധിയുടെ കൊലപാതകത്തിന്റെ ഒത്താശക്കാര്‍ ഹിന്ദുത്വ പ്രചാരകരാണെന്നും അവര്‍ നിഷ്‌കളങ്കരാണെന്ന് കോടതി പറഞ്ഞിട്ടില്ലെന്നും തുഷാര്‍ ഗാന്ധി പറഞ്ഞു.

‘ഗാന്ധിയുടെ കൊലപാതത്തിന് പിന്നിലെ യഥാര്‍ത്ഥ അജണ്ടകളും ഉപജാപങ്ങളും നമ്മള്‍ മനസിലാക്കേണ്ടതുണ്ട്. പ്രത്യേകിച്ചും അദ്ദേഹത്തിന്റെ മരണത്തിന് ഒത്താശ ചെയ്യുന്നവര്‍ക്ക് ഭാരത രത്‌ന നല്‍കാനുള്ള നീക്കം നടക്കുമ്പോള്‍’, തുഷാര്‍ ഗാന്ധി പി.ടി.ഐയോട് പറഞ്ഞു.

സവര്‍ക്കറെ കുറ്റവിമുക്തനാക്കിയ കോടതി വിധിയും തുഷാര്‍ ചൂണ്ടിക്കാട്ടി. സവര്‍ക്കറുടെ പങ്ക് വ്യക്തമാക്കുന്നതിന് ആവശ്യമായ തെളിവുകള്‍ ഹാജരാക്കപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സവര്‍ക്കര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും അയാള്‍ നിഷ്‌കളങ്കനാണെന്ന് കോടതി പറഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ സവര്‍ക്കര്‍ക്ക് ഭാരത് രത്‌ന നല്‍കുമെന്ന് ബി.ജെ.പി പറഞ്ഞിരുന്നു.