| Friday, 27th October 2023, 7:22 pm

ഐ.പി.എല്ലിന് മുമ്പേ ചെന്നൈ-രാജസ്ഥാന്‍ ഫാന്‍സിന് ആഘോഷം; സംഭവം ടി-20യാണെങ്കിലും ആറ് ഓവറില്‍ വിജയിച്ചു

സ്പോര്‍ട്സ് ഡെസ്‌ക്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മിസോറാമിനെതിരെ തകര്‍പ്പന്‍ പ്രകടനവുമായി മുംബൈ. തുഷാര്‍ ദേശ്പാണ്ഡെയുടെ തകര്‍പ്പന്‍ ബൗളിങ് പ്രകടനവും ബാറ്റിങ്ങില്‍ യശസ്വി ജെയ്‌സ്വാളിന്റെയും ശിവം ദുബെയുടെയും വെടിക്കെട്ടിന്റെ ബലത്തിലാണ് മുംബൈ വിജയിച്ചുകയറിയത്.

മത്സരത്തില്‍ ഹാട്രിക്കടക്കം നാല് വിക്കറ്റ് വീഴ്ത്തിയാണ് തുഷാര്‍ ദേശ്പാണ്ഡേ നിര്‍ണായകമായത്. ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമായ ദേശ്പാണ്ഡേയുടെ പ്രകടനത്തില്‍ ആരാധകര്‍ ആവേശത്തിലാണ്.

മത്സരത്തില്‍ ടോസ് നേടിയ മുംബൈ നായകന്‍ അജിന്‍ക്യ രഹാനെ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവെച്ച് മുംബൈ ബൗളര്‍മാര്‍ പന്തെറിഞ്ഞ് തുടങ്ങിയതോടെ മിസോറാം നിന്ന് വിയര്‍ത്തു.

രണ്ടാം ഓവറിലെ നാലാം പന്തിലാണ് ആദ്യ വിക്കറ്റ് വീഴുന്നത്. വികാഷ് കുമാറിനെ ക്ലീന്‍ ബൗള്‍ഡാക്കി ദേശ്പാണ്ഡേയാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്.

തൊട്ടടുത്ത പന്തില്‍ വിക്കറ്റ് കീപ്പര്‍ ജെഹു ആന്‍ഡേഴ്‌സണെ പ്രസാദ് പവാറിന്റെ കൈകളിലെത്തിച്ച് മടക്കിയ ദേശ്പാണ്ഡേ, ഓവറിലെ അവസാന പന്തില്‍ ജോസഫ് ലാല്‍തന്‍ഖുമയെയും മടക്കി. ലാല്‍തന്‍ഖുമയും പ്രസാദ് പവാറിന്റെ കൈകളില്‍ ഒതുങ്ങിയതോടെ ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ആദ്യ ഇംപാക്ട് പ്ലെയര്‍ കൂടിയായ ദേശ്പാണ്ഡേ തന്റെ ഹാട്രിക്കും പൂര്‍ത്തിയാക്കുകയായിരുന്നു.

മിസോറാം ബാറ്റര്‍മാരെ വമ്പന്‍ സ്‌കോര്‍ നേടാനോ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താനോ അനുവദിക്കാതിരുന്ന മുംബൈ 18.3 ഓവറില്‍ എതിരാളികളെ 76 റണ്‍സിന് ഓള്‍ ഔട്ടാക്കുകയായിരുന്നു.

മുംബൈക്കായി തുഷാര്‍ ദേശ്പാണ്ഡേ നാല് ഓവര്‍ പന്തെറിഞ്ഞ് 13 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. വികാഷ് കുമാര്‍, ജെഹു ആന്‍ഡേഴ്‌സണ്‍, ജോസഫ് ലാല്‍തന്‍ഖുമ എന്നിവര്‍ക്ക് പുറമെ ജി ലാല്‍ബിയാക്വേലയെയുമാണ് ദേശ്പാണ്ഡേ പുറത്താക്കിയത്.

77 റണ്‍സിന്റെ വിജയലക്ഷ്യം മുംബൈ 36 പന്തില്‍ മറികടക്കുകയായിരുന്നു. രാജസ്ഥാന്‍ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളിന്റെ വെടിക്കെട്ടില്‍ മുംബൈ വിജയിച്ചുകയറുകയായിരുന്നു. 22 പന്തില്‍ 46 റണ്‍സാണ് ജെയ്‌സ്വാള്‍ അടിച്ചെടുത്തത്. ഏഴ് ബൗണ്ടറിയും രണ്ട് സിക്‌സറുമായിരുന്നു ജെയ്‌സ്വാളിന്റെ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നത്.

അഞ്ച് പന്തില്‍ പുറത്താകാതെ 17 റണ്‍സടിച്ച ശിവം ദുബെയും ഒമ്പത് പന്തില്‍ 14 റണ്‍സും നേടി ആംഗ്രിഷ് രഘുവംശയും മുംബൈയുടെ അനായാസ വിജയത്തില്‍ കരുത്തായി.

ഐ.പി.എല്ലില്‍ ഓരോ ടീമുകളും നിലനിര്‍ത്തിയ താരങ്ങളുടെയും ഒഴിവാക്കിയ താരങ്ങളുടെയും പട്ടിക സമര്‍പ്പിക്കാന്‍ ഒരു മാസത്തില്‍ താഴെ മാത്രം സമയം ബാക്കി നില്‍ക്കെ താരങ്ങള്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.

ഡിസംബര്‍ 19ന് നടക്കുന്ന താരലേലത്തോടെയാണ് ഐ.പി.എല്ലിന്റെ 16ാം എഡിഷന് തുടക്കമാകുന്നത്.

ഗ്രൂപ്പ് എ-യില്‍ ഏഴ് മത്സരത്തില്‍ നിന്നും ആറ് ജയവുമായി രണ്ടാം സ്ഥാനത്താണ് മുംബൈ. ഒറ്റ ജയവുമായി മിസോറാം ഏഴാമതാണ്.

Content Highlight: Tushar Deshpandey picks hastrick in SMAT

Latest Stories

We use cookies to give you the best possible experience. Learn more