ഐ.പി.എല്‍ 2023ലെ 49ാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടുകയാണ്. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ എം.എ ചിദംബരം സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ധോണി ബാറ്റിങ് തെരഞ്ഞെടുത്തു.
മികച്ച തുടക്കമായിരുന്നില്ല മുംബൈ ഇന്ത്യന്‍സിന് ലഭിച്ചത്. ഓപ്പണര്‍മാരായ കാമറൂണ്‍ ഗ്രീനിനെ ആറ് റണ്‍സിനും ഇഷാന്‍ കിഷനെ ഏഴ് റണ്‍സിനും നഷ്ടമായപ്പോള്‍ വണ്‍ ഡൗണായെത്തിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മൂന്ന് പന്ത് നേരിട്ട് പൂജ്യത്തിന് പുറത്തായി.
14ന് മൂന്ന് എന്ന നിലയില്‍ ഉഴറിയ മുംബൈയെ പൊരുതാവുന്ന സ്‌കോറിലേക്കെത്തിച്ചത് നേഹല്‍ വദേരയും സൂര്യകുമാര്‍ യാദവും ചേര്‍ന്നാണ്. വദേര 51 പന്തില്‍ നിന്നും 64 റണ്‍സ് നേടിയപ്പോള്‍ സ്‌കൈ 22 പന്തില്‍ നിന്നും 26 റണ്‍സ് നേടി പുറത്തായി. ഒടുവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സാണ് സന്ദര്‍ശകര്‍ നേടിയത്.
പേസര്‍മാരായിരുന്നു സി.എസ്.കെയുടെ കരുത്ത്. ധോണിപ്പടക്കായി ദീപക് ചഹര്‍, തുഷാര്‍ ദേശ്പാണ്ഡേ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ മതീശ പതിരാന മൂന്ന് വിക്കറ്റും നേടി. രവീന്ദ്ര ജഡേജയാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.
നാല് ഓവര്‍ പന്തെറിഞ്ഞ് 26 റണ്‍സ് മാത്രം വഴങ്ങിയാണ് ദേശ്പാണ്ഡേ രണ്ട് വിക്കറ്റ് വീഴ്ത്തിയത്. ഈ നേട്ടത്തിന് പിന്നാലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്താനും താരത്തിന് സാധിച്ചു.
കാമറൂണ്‍ ഗ്രിനിനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് ദേശ്പാണ്ഡേ വേട്ടക്ക് തുടക്കമിട്ടത്. പിന്നാലെ അപകടകാരിയായ ടിം ഡേവിഡിനെ ഋതുരാജ് ഗെയ്ക്വാദിന്റെ കൈകളിലെത്തിച്ചും താരം മടക്കി.
11 മത്സരത്തില്‍ നിന്നും 19 വിക്കറ്റ് വീഴ്ത്തിയാണ് താരം വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്തിയത്.
ഇതിന് മുമ്പ് താരം പര്‍പ്പിള്‍ ക്യാപ് സ്വീകരിച്ച കാഴ്ച ഐ.പി.എല്‍ ആരാധകരൊന്നും മറന്നുകാണില്ല. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ ആവശ്യത്തിലധികം റണ്‍സ് വഴങ്ങി ടീമിന്റെ തോല്‍വിക്ക് കാരണക്കാരനായതിന് ശേഷമായിരുന്നു താരം പര്‍പ്പിള്‍ ക്യാപ് സ്വീകരിക്കാന്‍ ചെന്നത്. അന്ന് ഏറെ സങ്കടത്തോടെയാണ് താരം പര്‍പ്പിള്‍ ക്യാപ് സ്വീകരിച്ചത്.
എന്നാല്‍ മുംബൈക്കെതിരായ മത്സരത്തിലെ വിക്കറ്റ് നേട്ടത്തിന് പിന്നാലെ വീണ്ടും ഈ നേട്ടം താരത്തെ തേടിയെത്തിയപ്പോള്‍ പുഞ്ചിരിച്ചുകൊണ്ട് ഏറെ അഭിമാനത്തോടെയാണ് തുഷാര്‍ പര്‍പ്പിള്‍ ക്യാപ് എടുത്തണിഞ്ഞത്.
അതേസമയം, മുംബൈ ഉയര്‍ത്തിയ 140 റണ്‍സിന്റെ ടാര്‍ഗെറ്റ് ചെയ്‌സ് ചെയ്തിറങ്ങിയ ഹോം ടീം ആറ് ഓവര്‍ പിന്നിടുമ്പോള്‍ 55ന് ഒന്ന് എന്ന നിലയിലാണ്. 16 പന്തില്‍ നിന്നും 30 റണ്ണടിച്ച ഗെയ്ക്വാദിന്റെ വിക്കറ്റാണ് സി.എസ്.കെക്ക് നഷ്ടമായത്. പിയൂഷ് ചൗളയുടെ പന്തില്‍ ഇഷാന്‍ കിഷന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.