ഷിംല: ഉയര്‍ന്ന ജാതിക്കാര്‍ ശ്മശാനം വിട്ടുനല്‍കാത്തതിനെ തുടര്‍ന്ന് ദളിത് സ്ത്രീയുടെ മൃതദേഹം കാട്ടില്‍ അടക്കം ചെയ്ത് വീട്ടുകാര്‍. ഹിമാചല്‍ പ്രദേശിലെ ഫോസല്‍ വാലിയിലാണ് സംഭവം. താഴ്ന്ന ജാതിക്കാര്‍ ആയതിനാല്‍ ഗ്രാമത്തിലെ പൊതുശ്മശാനം വിട്ടുനല്‍കില്ലെന്ന നിലപാടിലായിരുന്നു ചിലരെന്ന് കുടംബം പറഞ്ഞു.
വാര്‍ധക്യകാല അസുഖത്തെ തുടര്‍ന്ന് ഏറെക്കാലം കിടപ്പിലായ സ്ത്രീയായിരുന്നു മരണപ്പെട്ടത്. മുത്തശിയുടെ മൃതദേഹം അടക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഗ്രാമത്തിലെ ശ്മശാന അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും. താഴ്ന്ന ജാതിക്കാരയതിനാല്‍ സംസ്‌ക്കാരം നടത്താന്‍ അനുവദിക്കില്ലെന്ന് അവര്‍ പറയുകയായിരുന്നെന്ന് കൊച്ചുമകന്‍ രാം പറയുന്നു.
ഉയര്‍ന്ന ജാതിക്കാരുടെ ഇത്തരത്തില്‍ പറയുന്നതിന്റെ വീഡിയോ രാം ഫോണില്‍ റെക്കോഡ് ചെയ്യുകയും ചെയ്തിരുന്നു.
താഴ്ന്ന ജാതിക്കാരുടെ മൃതദേഹം പൊതുശ്മശാനത്തില്‍ അടക്കം ചെയ്താല്‍ ദൈവകോപം ഉണ്ടാകുമെന്നും അത്തരത്തില്‍ നാടിന് എന്തെങ്കിലും ആപത്ത് സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദി നിങ്ങള്‍ ആയിരിക്കുമെന്നാണ് അവര്‍ പറഞ്ഞത്. ഇതിന് പിന്നാലെ മുത്തശിയുടെ മൃതദേഹം ഞങ്ങള്‍ കാട്ടില്‍ അടക്കം ചെയ്യുകയായിരുന്നു- രാം പറയുന്നു.
വീഡിയോ വൈറലായതിന് പിന്നാലെ ഡെപ്യൂട്ടി കമ്മീഷണര്‍ യൂനസ് എസ്.ഡി.എമ്മിനോടും ഡി.എസ്.പിയോടും സംഭവം അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വീഡിയോയുടെ സത്യാവസ്ഥ അന്വേഷിക്കുമെന്നും ഗ്രാമവാസികളില്‍ നിന്ന് മൊഴിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ പരാതി ലഭിച്ചിട്ടില്ല. വീഡിയോ മാത്രമാണ് ശ്രദ്ധയില്‍പ്പെട്ടത്. ഇത്തരം വിഷയങ്ങളില്‍ കര്‍ശനമായ നടപടി തന്നെ സ്വീകരിക്കുമെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.