| Friday, 21st August 2020, 6:39 pm

ക്രിസ്ത്യന്‍ പള്ളികളെ വിടാതെ എര്‍ദൊഗാന്‍; ഹയ സോഫിയക്കു പിന്നാലെ തുര്‍ക്കിയിലെ ഒരു ചരിത്ര സ്മാരകം കൂടി മസ്ജിദാക്കാന്‍ ഉത്തരവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അങ്കാര: തുര്‍ക്കിയില്‍ ചരിത്ര സ്മാരകങ്ങളെ മുസ്‌ലിം പള്ളിയാക്കി മാറ്റുന്ന സര്‍ക്കാര്‍ നടപടികള്‍ തുടരുന്നു. ചരിത്ര പ്രസിദ്ധമായ ചോറ മ്യൂസിയം ആണ് ഹയ സോഫിയക്കു പിന്നാലെ മുസ്‌ലിം പള്ളിയാക്കി മാറ്റുന്നത്. മുമ്പ് ബൈസന്റൈന്‍ കാലഘട്ടത്തിലെ ആരാധനാലയമായിരുന്ന ഈ മ്യൂസിയം കോടതി ഉത്തരവ് പ്രകാരം മുസ്‌ലിം ആരാധനയ്ക്കായി വിട്ടു നല്‍കണമെന്നാണ് തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാന്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നത്.

കഴിഞ്ഞ നവംബറിലാണ് ചോറ മ്യൂസിയം മുസ്‌ലിം പള്ളിയാക്കി മാറ്റണമെന്ന് രാജ്യത്തെ ഉന്നത കോടതി ഉത്തരവിട്ടത്. 1000 വര്‍ഷത്തോളം പഴക്കമുള്ള ഈ ചരിത്ര സ്മാരകം നേരത്തെ മുസ്ലിം പള്ളിയാക്കി മാറ്റിയ ഹയ സോഫിയയെ പോലെ തന്നെ ക്രിസ്ത്യന്‍ ചരിത്ര പശ്ചാത്തലത്തില്‍ വരുന്നതാണ്.

4-ാം നൂറ്റാണ്ടില്‍ ബൈസന്റൈന്‍ കാലഘട്ടത്തിലായിരുന്നു ചോറ ചര്‍ച്ച് നിര്‍മ്മിച്ചത്. 12ാം നൂറ്റാണ്ടില്‍ ഭൂമികുലുക്കത്തില്‍ ഭാഗികമായി തകര്‍ന്ന ഈ പള്ളി 1077-81 കാലഘട്ടത്തില്‍ പുനരുദ്ധീകരിച്ചിരുന്നു. 1453 ല്‍ ഓട്ടോമന്‍ സേന ഇന്നത്തെ ഇസ്താബൂള്‍ പിടിച്ചടക്കിയതിനു ശേഷം ഇത് മുസ്ലിം പള്ളിയാക്കുകയായിരുന്നു. ഇസ്താബൂളിലെ ഫാത്തിഹ് ജില്ലയിലാണ് ഈ ചരിത്ര സ്മാരകം സ്ഥിതി ചെയ്യുന്നത്.

പിന്നീട് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമാണ് ഇവിടെ മ്യൂസിയമാക്കുന്നത്. ഒരു കൂട്ടം അമേരിക്കന്‍ ചരിത്ര കലകാരന്‍മാരുടെ സഹായത്തോടെയാണ് ചോറയുടെ പഴയ ക്രിസ്ത്യന്‍ സ്മാരകങ്ങള്‍ പുനരുദ്ധീകരിച്ചത്. 1958 ല്‍ ഇവിടം പൊതു സന്ദര്‍ശനത്തിനായി തുറന്നു കൊടുക്കുകയായിരുന്നു.

മുസ്ലിം പള്ളിയാക്കി മാറ്റിയതിനു ശേഷം ഇവിടേക്ക് സന്ദര്‍ശകരെ പ്രവേശിപ്പിക്കുമോ എന്നതില്‍ ഇതുവരെ പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. അതേ സമയം ഇവിടത്തെ ക്രിസ്ത്യന്‍ ബിംബങ്ങള്‍ മുസ്ലിം പ്രാര്‍ത്ഥനാ സമയത്ത് മറയ്ക്കപ്പെടും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹയ സോഫിയയിലും ഇങ്ങനെ മറയ്ക്കപ്പെട്ടിരുന്നു.

കഴിഞ്ഞ ജൂലൈയില്‍ തുര്‍ക്കിയിലെ ചരിത്ര സ്മാരകമായിരുന്നു ഹയ സോഫിയ മുസ്‌ലിം ആരാധനലയമാക്കി മാറ്റിയിരുന്നു.

86 വര്‍ഷത്തിനു ശേഷം ആദ്യമായാണ് ഹയ സോഫിയയില്‍ നമസ്‌കാരം നടക്കുകയും ചെയ്തു. 1453 ല്‍ ഓട്ടോമന്‍ പടനായകര്‍ ഇപ്പോഴത്തെ ഇസ്താംബൂള്‍ കീഴടക്കുന്നതിനു മുമ്പ് ഹയ ,സോഫിയ ബൈസന്റൈന്‍ കാലഘട്ടത്തിലെ പ്രധാന ആരാധനായലമായിരുന്നു. ഓട്ടോമന്‍ കാലഘട്ടത്തില്‍ ഈ ആരാധനാലയം മുസ്‌ലിം പള്ളി ആക്കുകയായിരുന്നു. പിന്നീട് 1934 ല്‍ ആണ് പള്ളി മ്യൂസിയം ആക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more