| Wednesday, 22nd August 2018, 10:07 am

അമേരിക്കയ്‌ക്കെതിരെ തുര്‍ക്കിയില്‍ വ്യാപക പ്രതിഷേധം; ഐ ഫോണ്‍ തല്ലിത്തകര്‍ക്കുന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

അങ്കാറ: അമേരിക്കയോടുള്ള രോഷം പ്രകടിപ്പിക്കാന്‍ വ്യത്യസ്തമായൊരു വഴി സ്വീകരിച്ചിരിക്കുകയാണ് തുര്‍ക്കിയിലെ പൗരന്മാര്‍. തുര്‍ക്കിയില്‍ നിന്നുള്ള സ്റ്റീല്‍ കയറ്റുമതിയ്ക്ക് അധിക തീരുവ ഈടാക്കാനുള്ള അമേരിക്കയുടെ തീരുമാനത്തിനെതിരെയാണ് രാജ്യത്ത് പ്രതിഷേധം അലയടിക്കുന്നത്.

തുര്‍ക്കി പൗരന്മാര്‍ തങ്ങളുടെ ഐഫോണുകള്‍ തല്ലിത്തകര്‍ക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിഷയം രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടിയത്. അമേരിക്കന്‍ ഉത്പന്നമായ ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ അത് തല്ലിത്തകര്‍ത്ത് രോഷം പ്രകടിപ്പിക്കുന്ന വീഡിയോകള്‍ വലിയ ചര്‍ച്ചകള്‍ക്കു വഴി വച്ചിരിക്കുകയാണ്. നിരവധി പേരാണ് ഇത്തരത്തില്‍ സ്വന്തം ഐഫോണ്‍ തല്ലിത്തകര്‍ത്ത് വീഡിയോ പങ്കു വച്ചിരിക്കുന്നത്.

പ്രധാന അമേരിക്കന്‍ കമ്പനികളുടെ ഉത്പന്നങ്ങള്‍ പരസ്യമായി തല്ലിത്തകര്‍ക്കുന്ന നീക്കം നേരത്തേ ആരംഭിച്ചിരുന്നെങ്കിലും, ഐഫോണ്‍ ചുറ്റിക വച്ച് തകര്‍ക്കുന്ന വീഡിയോകളാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ട്രംപിനോടും അമേരിക്കയോടുമുള്ള വിദ്വേഷം സൂചിപ്പിക്കാനാണ് ശ്രമമെന്ന് വീഡിയോ പോസ്റ്റു ചെയ്തവര്‍ ഒന്നടങ്കം പറയുന്നു.

അമേരിക്കന്‍ നീക്കത്തിനു മറുപടിയായി അവിടെനിന്നുമുള്ള ഇറക്കുമതിയുടെ മേലുള്ള നികുതി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍ വര്‍ദ്ധിപ്പിച്ചിരുന്നു. എര്‍ദോഗന്റെ ഈ തീരുമാനത്തോടുള്ള പിന്തുണ പ്രഖ്യാപിക്കാനാണ് വീഡിയോ പ്രതിഷേധമെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

ഐഫോണ്‍ ഉപയോഗം ഒഴിവാക്കി സാംസങ്ങിലേക്കു തിരിയാന്‍ എര്‍ദോഗന്‍ നേരത്തേ ആഹ്വാനം ചെയ്തിരുന്നു. കൊക്ക കോളാ ബോട്ടിലുകള്‍, ഡോളര്‍ നോട്ടുകള്‍ തുടങ്ങി മറ്റു വസ്തുക്കള്‍ നശിപ്പിക്കുന്ന വീഡിയോകളും വൈറലാണ്. പ്രതിഷേധം അറിയിക്കാനായി മാത്രം ഇത്തരം അമേരിക്കന്‍ നിര്‍മിത വസ്തുക്കള്‍ തുര്‍ക്കിക്കാര്‍ ശേഖരിക്കുകയാണ്. #TurkeyWillPrevail എന്ന ഹാഷ് ടാഗിനൊപ്പം പ്രചരിക്കുന്ന വീഡിയോകള്‍ രാജ്യാന്തരമായി വ്യാപിക്കുകയാണിപ്പോള്‍.

We use cookies to give you the best possible experience. Learn more