| Monday, 13th April 2020, 10:22 pm

കൊറോണ എന്ന് മിണ്ടിപ്പോകരുത്, തുര്‍ക്ക്‌മെനിസ്ഥാനിലെ കല്‍പന

ശ്രിന്‍ഷ രാമകൃഷ്ണന്‍

ആരോഗ്യവകുപ്പ് ഇറക്കിയ ബ്രോഷറില്‍ കൊറോണ എന്ന വാക്ക് പോലുമില്ല. ഡോക്ടര്‍മാര്‍ കൊവിഡെന്ന് പറയരുത്. മാധ്യമങ്ങള്‍ക്കും പൂര്‍ണ്ണവിലക്ക്. തുര്‍ക്ക്‌മെനിസ്ഥാനില്‍ എന്താണ് നടക്കുന്നത്?

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കൊറോണ എന്ന വാക്ക് ഉപയോഗിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് പോലും നിയന്ത്രണങ്ങളുള്ള ഒരു രാജ്യം. തുര്‍ക്ക്മെനിസ്ഥാന്‍. ഇവിടെ മാധ്യമങ്ങളില്‍ കൊറോണ എന്ന വാക്ക് വരാന്‍ പാടില്ലെന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. തുര്‍ക്ക്‌മെനിസ്ഥാനില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്ല, കഫ്റ്റീരിയകളും റെസ്റ്ററന്റുകളും തുറന്നു കിടക്കുന്നു. ആളുകള്‍ കൂട്ടമായെത്തി വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നു. മാസ്‌ക് ധരിക്കാതെ ആളുകള്‍ തെരുവുകളിലൂടെ നടക്കുന്നു. കൊവിഡ് കേസുകള്‍ ഇനിയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് അവകാശപ്പെടുന്ന ഏഷ്യന്‍ രാജ്യമായ തുര്‍ക്ക്‌മെനിസ്ഥാനില്‍ ഇപ്പോഴും ഇങ്ങനെയെല്ലാമാണ് കാര്യങ്ങള്‍.

എന്ത് കൊണ്ടാണ് തുര്‍ക്ക്‌മെനിസ്ഥാനില്‍ ഇതുവരെയും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത്. കൊവിഡ് കേസുകളില്ലെന്ന സര്‍ക്കാരിന്റെ ഔദ്യോഗിക വാദത്തെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് പറയുകയാണ് തുര്‍ക്ക്‌മെനിസ്ഥാന്‍ ആരോഗ്യ മേഖലയെ കുറിച്ച് പഠനം നടത്തിയ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനില്‍ പ്രൊഫസറായ മാര്‍ട്ടിന്‍ മക്കീ.

എച്ച്.ഐ.വി ബാധിച്ച ആരും തങ്ങളുടെ രാജ്യത്ത് ഇല്ലെന്ന് കഴിഞ്ഞ ഒരു ദശാബ്ദമായി അവകാശപ്പെടുന്ന രാജ്യമാണ് തുര്‍ക്ക്‌മെനിസ്ഥാന്‍. 2000ത്തില്‍ പ്ലേഗ് അടക്കമുള്ള പകര്‍ച്ച വ്യാധികള്‍ പടരുന്ന വാര്‍ത്ത മറച്ചുവെക്കാന്‍ തുര്‍ക്ക്‌മെനിസ്ഥാന്‍ ശ്രമിച്ചുവെന്നതും പ്രൊഫസര്‍ മാര്‍ട്ടിന്‍ മക്കി ചൂണ്ടിക്കാണിക്കുന്നു. ഇതിനു പുറമെ കൊവിഡ്, രാജ്യത്ത് ഉണ്ടെന്ന സംശയം പോലും പുറത്ത് പറയാന്‍ ഭയപ്പെടുന്ന അവിടുത്തെ സ്റ്റേറ്റ് ഏജന്‍സിയില്‍ ജോലി ചെയ്യുന്ന ഒരു സുഹൃത്തിന്റെ വാക്കുകളും ഭയപ്പെടുത്തുന്നത് ആണെന്നാണ് മാര്‍ട്ടിന്‍ അഭിപ്രായപ്പെടുന്നത്.

ഏപ്രില്‍ ഏഴിന് വേള്‍ഡ് ഹെല്‍ത്ത് ഡേയില്‍ ആളുകള്‍ കൂട്ടമായെത്തിയ സൈക്കിള്‍ റാലിയും തുര്‍ക്ക്‌മെനിസ്ഥാനില്‍ അരങ്ങേറി. തുര്‍ക്ക്‌മെനിസ്ഥാന്‍ പ്രസിഡന്റ് ഗുര്‍ഭാംഗുലി ബെര്‍ദേമുഹമ്മദോവായിരുന്നു വേള്‍ഡ് ഹെല്‍ത്ത് ഡേയിലെ പ്രധാന താരം. ലോകത്ത് ദിവസേന ആയിരകണക്കിന് കൊവിഡ് മരണങ്ങളും പതിനായിരക്കണക്കിന് കൊവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സമയത്താണ് ഇത് നടന്നത് എന്നതും ശ്രദ്ധിക്കേണ്ടതാണ്. തുര്‍ക്ക്‌മെനിസ്ഥാന്‍ പ്രസിഡന്റാകുന്നതിന് മുന്‍പ് ആരോഗ്യമന്ത്രിയായും അതിന് മുന്‍പ് ഡോക്ടറായുമൊക്കെ പ്രവര്‍ത്തിച്ച് പരിചയമുള്ള പ്രസിഡന്റിന് ഇപ്പോഴും കാര്യങ്ങളുടെ ഗൗരവം മനസിലായില്ലെന്നാണ് പരക്കെ ഉയരുന്ന ആരോപണം.

ആരോഗ്യമേഖയെക്കുറിച്ച് നിരവധി പുസ്തകങ്ങളുമെഴുതിയ തുര്‍ക്ക്‌മെനിസ്ഥാന്‍ പ്രസിഡന്റ് പ്രതിരോധത്തിനായി ഔഷധമായ ഹര്‍മല കത്തിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നഗ്‌നനേത്രങ്ങള്‍കൊണ്ട് കാണാന്‍ സാധിക്കാത്ത വൈറസുകളെയും ബാക്റ്റീരിയകളെയും ഹര്‍മലയ്ക്ക് നശിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രസിഡന്റിന്റെ അവകാശ വാദം. വൈറസ് വ്യാപനം പ്രതിരോധിക്കാന്‍ ഫ്യുമിഗേഷന്‍ നടപടികളുമായി മുന്നോട്ട് പോകുന്നതിനൊപ്പം സര്‍ക്കാര്‍ അധികൃതര്‍ ഈ ചെടിയും കത്തിക്കുന്നുണ്ട് എന്ന് തുര്‍ക്ക്‌മെന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആരോഗ്യമെന്നത് തുര്‍ക്ക്‌മെനിസ്ഥാന്‍ പ്രസിഡന്റിന്റെ പ്രധാന മുദ്രാവാക്യങ്ങളിലൊന്നാണ്. സര്‍ക്കാര്‍ ചാനലില്‍ അദ്ദേഹം ആരോഗ്യ പരിപാലനത്തിന്റെ ഭാഗമായി വെയ്റ്റ് ലിഫ്റ്റ് ചെയ്യുന്നതും സൈക്കിള്‍ ചവിട്ടുന്നതുമായ ദൃശ്യങ്ങള്‍ നിരന്തരം സംപ്രേക്ഷണം ചെയ്യാറുണ്ട്്. പ്രഭാത വ്യായാമത്തിന്റെ പ്രാധാന്യം വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ യൂണിഫോം ധരിച്ച് നിത്യവും വ്യായാമത്തില്‍ ഏര്‍പ്പെടണമെന്ന നിര്‍ദേശം പുറപ്പെടുവിച്ച പ്രസിഡന്റാണ് ബെര്‍ദിമുഹമ്മദോവ്. അദ്ദേഹത്തിന്റെ ഹെല്‍ത്ത് ഹാപ്പിനസ് ക്യാംപയിന്റെ ഭാഗമായായിരുന്നു ഇതെല്ലാം. രാജ്യം ആരോഗ്യത്തിലാണ് അതുകൊണ്ട് സന്തോഷത്തിലുമാണ് എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ഇതെല്ലാം തുര്‍ക്ക്‌മെനിസ്ഥാനില്‍ നടക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇത്തരമൊരു സാഹചര്യത്തില്‍ കൊവിഡ് വ്യാപാനം ഉണ്ടായാല്‍ പ്രസിഡന്റിന്റെ സന്ദേശങ്ങളിലെ പൊള്ളത്തരങ്ങള്‍ പുറത്ത് വരാന്‍ ഇടയാകും. അതുകൊണ്ട് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താലും സര്‍ക്കാര്‍ അത് മറച്ചുവെക്കാന്‍ ശ്രമിക്കുമെന്ന് ആരോപണങ്ങള്‍ ഉണ്ടെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. മാര്‍ച്ച് 31ന് തുര്‍ക്ക്‌മെനിസ്ഥാന്‍ കൊറോണ എന്ന വാക്ക് മാധ്യമങ്ങളിലുള്‍പ്പെടെ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന് റിപ്പോര്‍ട്ടേഴ്‌സ് വിത്ത് ഔട്ട് ബോര്‍ഡേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊറോണ എന്ന വാക്ക് ഉപയോഗിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് പോലും നിയന്ത്രങ്ങള്‍ ഉണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രസിഡന്റ് മറച്ചുവെക്കുന്നതില്‍ അന്താരാഷ്ട്ര മാധ്യമങ്ങളിലുള്‍പ്പെടെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

തുര്‍ക്ക്‌മെനിസ്ഥാനില്‍ കൊവിഡ് മൂലം നിരവധി മരണങ്ങള്‍ ഉണ്ടായേക്കാമെന്നും സര്‍ക്കാര്‍ ആരെയും അറിയാക്കാതെ ആ വിവരങ്ങളെല്ലാം കുഴിച്ചു മൂടുമെന്നും ഫ്രീഡം ഓഫ് തുര്‍ക്ക്‌മെന്‍ സിറ്റിസണ്‍സ് എന്ന സംഘടനയിലെ ഡയാന സെര്‍ബിയാനിക് പറയുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പ്രവര്‍ത്തന സ്വാതന്ത്ര്യത്തില്‍ ഉത്തര കൊറിയയേക്കാള്‍ പിന്നിലാണ് തുര്‍ക്ക്‌മെനിസ്ഥാന്‍ എന്ന് 2019ല്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. സര്‍ക്കാര്‍ മാധ്യമങ്ങളും തുര്‍ക്ക്‌മെനിസ്ഥാന്‍ പ്രസിഡണ്ടും വളരെ അപൂര്‍വ്വമായി മാത്രമേ കൊവിഡ് അല്ലെങ്കില്‍ കൊറോണ എന്ന വാക്ക് ഉപയോഗിക്കാറുള്ളൂ. ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ ബ്രോഷറില്‍ പോലും കൊറോണ എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്ന് ക്രോണിക്കിള്‍ ഓഫ് തുര്‍ക്ക്‌മെനിസ്ഥാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊവിഡ് വ്യാപനമുണ്ടായാല്‍ താങ്ങാനുള്ള ശക്തിയോ സൗകര്യമോ തുര്‍ക്ക്‌മെനിസ്ഥാനിനില്ലെന്നത് കാര്യങ്ങള്‍ കൂടുതല്‍ ഗൗരവതരമാക്കുന്നുണ്ട്. വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി തുര്‍ക്ക്‌മെനിസ്ഥാന്‍ എയര്‍പോര്‍ട്ടുകളടക്കം അടച്ചിടുന്ന നടപടിയിലേക്ക് നേരത്തെ നീങ്ങിയിരുന്നു. ഇത് വൈറസ് വ്യാപനം തടയാന്‍ സഹായിച്ചിട്ടുണ്ടാകുമെന്നാണ് യു.എന്‍ വിലയിരുത്തല്‍. അതേസമയം തുര്‍ക്ക്‌മെനിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന യു.എന്‍ ഏജന്‍സി പറയുന്നത് തങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്നാണ്. ഫെബ്രുവരി ആദ്യ ആഴ്ച്ചയില്‍ തന്നെ ചൈനയില്‍ നിന്നുള്ള വിമാനങ്ങള്‍ക്കും യാത്രികര്‍ക്കും തുര്‍ക്ക്‌മെനിസ്ഥാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. യാത്രക്കാര്‍ക്ക് പ്രത്യേക ക്വാറന്റയ്ന്‍ സോണും ഉണ്ടാക്കി. എന്നാല്‍ ചില യാത്രക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുത്ത് രണ്ടാഴ്ച്ച നീളുന്ന ക്വാറന്റയ്‌നില്‍ നിന്ന് രക്ഷപ്പെട്ടുവെന്നും ആരോപണങ്ങള്‍ ഉണ്ട്.

കൊവിഡ് വ്യാപനം തടയാന്‍ കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ കഴിയൂ. ഏതെങ്കിലും ഒരു ഭാഗത്ത് നിന്നുള്ള വീഴ്ച്ച വീണ്ടും രോഗം പടര്‍ന്നു പിടിക്കാന്‍ ഇടയാക്കും. ഇത്തരമൊരു സാഹചര്യത്തില്‍ മറ്റ് രാജ്യങ്ങള്‍ക്ക് രോഗം നിയന്ത്രിക്കാന്‍ സാധിച്ചാലും ശ്രദ്ധാപൂര്‍വ്വമല്ലാത്ത തുര്‍ക്ക്‌മെനിസ്ഥാന്റെ ഇടപെടല്‍ വീണ്ടും കൊവിഡ് ഉണ്ടാകാനുള്ള അവസരത്തിന് ഇടയാക്കുമെന്നും പ്രൊഫസര്‍ മാര്‍ട്ടിന്‍ മക്കീ പറയുന്നു.

ശ്രിന്‍ഷ രാമകൃഷ്ണന്‍