ഇസ്രഈൽ സൈന്യത്തിൽ ജോലി ചെയ്യുന്നവരുടെ പൗരത്വം റദ്ദാക്കി സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന് തുർക്കി
World News
ഇസ്രഈൽ സൈന്യത്തിൽ ജോലി ചെയ്യുന്നവരുടെ പൗരത്വം റദ്ദാക്കി സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന് തുർക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th July 2024, 12:39 pm

അങ്കാറ: ഗസയിലെ വംശഹത്യക്കായി ഇസ്രഈല്‍ സൈന്യത്തില്‍ ജോലി ചെയ്തവരുടെ പൗരത്വം റദ്ദാക്കുമെന്ന് തുർക്കി. ഇതുമായി ബന്ധപ്പെട്ട ബില്‍ തുര്‍ക്കി പാര്‍ലമെന്റ് പാസാക്കി.

ഇസ്രഈല്‍ സൈന്യത്തില്‍ ജോലി ചെയ്തവരുടെ പൗരത്വം റദ്ദാക്കി അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള ബില്ലാണ് തുർക്കി പാര്‍ലമെന്റ് പാസാക്കിയത്. ഇസ്രഈല്‍ സേനയില്‍ ജോലി ചെയ്യുന്ന പൗരന്‍മാര്‍ തിരികെ വരണമെന്ന് തുര്‍ക്കി ഇതിനോടകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

രാജ്യത്തേക്ക് തിരിച്ചെത്താത്ത പൗരന്‍മാര്‍ക്കെതിരെയാണ് നടപടിയെടുക്കുകയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ബുധനാഴ്ചയാണ് പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചത്. ഗസയിലെ വംശഹത്യയില്‍ ആയിരക്കണക്കിന് തുര്‍ക്കി പൗരന്‍മാര്‍ പങ്കെടുത്തെന്നാണ് ബില്‍ അവതരിപ്പിച്ചുകൊണ്ടുള്ള പ്രമേയത്തില്‍ പറയുന്നത്.

യുദ്ധത്തില്‍ പങ്കെടുത്ത് തുര്‍ക്കി പൗരന്‍മാര്‍ വംശഹത്യയിലെ കുറ്റവാളികളാണെന്നും പ്രമേയത്തില്‍ കൂട്ടിച്ചേര്‍ത്തു. 1950ല്‍ രാജ്യം അംഗീകരിച്ച വംശഹത്യ കണ്‍വെന്‍ഷന്‍ പ്രകാരം തുര്‍ക്കി പൗരന്‍മാര്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും പ്രമേയത്തില്‍ പറഞ്ഞു.

ഭരണകക്ഷിയായ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്ടി (എ.കെ.പി) ഉള്‍പ്പെടെ നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ ബില്ലിനെ പിന്തുണച്ചു. തീവ്ര വലതുപക്ഷ നാഷണലിസ്റ്റ് മൂവ്‌മെന്റ് പാര്‍ട്ടി (എം.എച്ച്.പി), മറ്റ് ദേശീയ പ്രതിപക്ഷ പാര്‍ട്ടികളും ബില്ലിന് പിന്തുണ അറിയിച്ചു.

അതിനിടെ, കഴിഞ്ഞദിവസം ഗസയിലെ ഖാന്‍ യൂനിസിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ നിരവധി ഫലസ്തീനികള്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തില്‍ 71 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായും 289 പേര്‍ക്ക് പരിക്കേറ്റതായും ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ആക്രമണത്തിന്റെ ലക്ഷ്യം ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ തലവന്‍ മുഹമ്മദ് ഡീഫാണെന്ന് പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രഈല്‍ സൈനിക റേഡിയോ അറിയിച്ചു. ഇത് പിന്നീട് ഇസ്രഈല്‍ സൈന്യം സ്ഥിരീകരിക്കുകയും ചെയ്തു.

Content Highlight: Turkiye moves to revoke citizenship from those serving Israel army