| Tuesday, 12th January 2021, 7:53 am

തുര്‍ക്കിയിലെ മതപ്രബോധകന്‍ അദ്‌നാന്‍ ഒക്തറിന് 1075 വര്‍ഷം തടവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്താംബുള്‍: ടെലിവിഷന്‍ മതപ്രബോധകനും ഹാറൂണ്‍ യഹ്യ എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന എഴുത്തുകാരനുമായ അദ്നാന്‍ ഒക്തറിനു തുര്‍ക്കി കോടതി 1,075 വര്‍ഷം തടവുശിക്ഷ വിധിച്ചു. ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കാണ് ഒക്തറിന് ശിക്ഷ വിധിച്ചത്.

10 വ്യത്യസ്ത കേസുകളിലായാണ് ഇസ്താംബൂളിലെ കോടതിയുടെ നടപടി. ലൈംഗികാതിക്രമം, പ്രായപൂര്‍ത്തിയാവാത്തവരെ ലൈംഗികമായി ദുരുപയോഗം ചെയ്യല്‍, വഞ്ചന, രാഷ്ട്രീയ, സൈനിക ചാരവൃത്തിക്ക് ശ്രമം തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് 1,075 വര്‍ഷം തടവുശിക്ഷ വിധിച്ചത്.

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മതപ്രചാരകന്‍ ഫത്തുല്ല ഗുലന്റെ സംഘവുമായി ഒക്തറിന് ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2016 ലെ അട്ടിമറി ശ്രമത്തില്‍ തുര്‍ക്കി പ്രതി സ്ഥാനത്ത് കാണുന്നയാളാണ് ഫത്തുല്ല ഗുലന്‍.

സ്വന്തം ടെലിവിഷന്‍ ചാനലായ എ 9ല്‍ അദ്നാന്‍ ഒക്തര്‍ അവതരിപ്പിക്കുന്ന ഇസ്‌ലാമിക വിഷയങ്ങള്‍ക്കൊപ്പം കിറ്റന്‍സ് എന്ന് വിശേഷിപ്പിക്കുന്ന സ്ത്രീകളുടെ നൃത്ത പരിപാടികളും ഉള്‍പ്പെടുത്താറുണ്ടായിരുന്നു.

തുര്‍ക്കിയിലെ ഇസ്‌ലാമിക പണ്ഡിതര്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഒക്തറിന്റെ മാനസിക നില തകരാറിലാണെന്നായിരുന്നു തുര്‍ക്കി ഇസ്‌ലാമിക കാര്യ വിഭാഗം മേധാവി അലി എര്‍ബാസ് അന്ന് വിശേഷിപ്പിച്ചത്.

ലൈംഗിക ആരാധനാ രീതി പിന്തുടരുന്ന അനുയായി വൃന്ദത്തെ വളര്‍ത്തിക്കൊണ്ടുവരികയായിരുന്നു ഹാറൂണ്‍ യഹ്‌യ എന്നാണ് ആരോപണം.

2018 ല്‍ രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ ഒക്തറിനേയും അനുയായികളേയും അറസ്റ്റ് ചെയ്തിരുന്നു. അന്ന് അദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് ആയുധങ്ങളും ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളും പൊലിസ് പിടിച്ചെടുത്തിരുന്നതായി തുര്‍ക്കിഷ് ദിനപത്രം ഹുറിയത് റിപോര്‍ട്ട് ചെയ്തിരുന്നു.

അസാധാരണ ശക്തിയുള്ള തനിക്ക് ആയിരത്തോളം കാമുകിമാരുണ്ടെന്ന് ഒക്തര്‍ ഡിസംബറില്‍ ജഡ്ജിയോട് പറഞ്ഞിരുന്നു. 1990 കളില്‍ ഒന്നിലേറെ ലൈംഗികാതിക്രണ കേസുകളില്‍ കുടുങ്ങിയ ഒരു വിഭാഗത്തിന്റെ നേതാവായാണ് ഒക്തര്‍ ആദ്യമായി ജനശ്രദ്ധ നേടിയത്.

ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തെ നിരാകരിക്കുന്ന അദ്നാന്‍ ഒക്തര്‍, ഹാറൂണ്‍ യഹ്യ എന്ന തൂലികാനാമത്തില്‍ 770 പേജുള്ള ‘ദി അറ്റ്ലസ് ഓഫ് ക്രിയേഷന്‍’ എന്ന പുസ്തകം ഉള്‍പ്പെടെ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Turkish televangelist sentenced to 1,075 years for sex crimes

We use cookies to give you the best possible experience. Learn more