2008ല്‍ ചൈനയിലെ ബീജിങ്ങില്‍ വെച്ചായിരുന്നു അത് വരെയുള്ള രാജ്യത്തിന്റെ ഒളിമ്പിക്സ് ചരിത്രത്തിലെ എക്കാലത്തെയും വലിയ നേട്ടം ഇന്ത്യ സ്വന്തമാക്കുന്നത്. അഭിവനവ് ബിന്ദ്ര ഷൂട്ടിങ് റേഞ്ചില്‍ നിന്ന് ഇന്ത്യയ്ക്ക് വേണ്ടി ആദ്യമായി ഒളിമ്പിക്സ് സ്വര്‍ണ മെഡള്‍ നേടി. രാജ്യത്തിനായി സ്വര്‍ണമെഡല്‍ സമ്മാനിക്കുമ്പോള്‍ ബിന്ദ്രയുടെ പ്രായം 26 വയസ്. 2016ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ കൂടി പങ്കെടുത്ത് 30ാം വയസില്‍ വളരെ നേരത്തേ തന്നെ ബിന്ദ്ര തോക്ക് താഴെ വച്ചു.
ബിന്ദ്ര ഇന്ത്യക്കായി സ്വര്‍ണം നേടിയ ബീജിങ്ങില്‍ അതേ ഷൂട്ടിങ് റേഞ്ചില്‍ തന്റെ 35ാം വയസില്‍ ഒരാള്‍ തുര്‍ക്കിക്കായി അരങ്ങേറ്റം കുറിച്ചു. പക്ഷെ മത്സരിച്ച 50 പേരില്‍ 44ാമനായി നിരാശയോടെ അയാള്‍ക്ക് പിന്‍വാങ്ങേണ്ടി വന്നു. പിന്നീട് ലണ്ടന്‍ ഒളിമ്പിക്‌സിലും റിയോ ഒളിമ്പിക്‌സിലും പങ്കെടുത്തെങ്കിലും വെറും കയ്യോടെ തന്നെ മടങ്ങേണ്ടി വന്നു…
ഒടുവില്‍ പതിറ്റാണ്ടുകളായുള്ള നിരാശയ്ക്ക് അറുതിയായിരിക്കുന്നു. മെഡലിനായുള്ള നീണ്ട കാത്തിരിപ്പിനും കഠിന പ്രയത്നത്തിനും ഫലമുണ്ടായിരിക്കുന്നു. 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്സഡ് വിഭാഗത്തില്‍ തുര്‍ക്കിയുടെ യൂസഫ് ഡിക്കേച്ച് കൂട്ടുകാരിക്കൊപ്പം വെള്ളിമെഡല്‍ കരസ്ഥമാക്കുമ്പോള്‍ പ്രായം 51 വയസ്.
മെഡല്‍ നേട്ടത്തോടൊപ്പം ലോകമെമ്പാടും സമൂഹമാധ്യമങ്ങളിലൂടെ തരംഗമായി മാറിയിരിക്കുകയാണ് യൂസഫ്. ഒറ്റനോട്ടത്തില്‍ തന്നെ സാധാരണക്കാരനെന്ന തോന്നലുളവാക്കുന്ന ഷൂട്ടിങ് റേഞ്ചിലെ യൂസഫിന്റെ സമീപനമാണ് സമൂഹമാധ്യമ പ്രെഫൈലുകള്‍ ആഘോഷമാക്കിയത്. അപാരമായ ഏകാഗ്രത അത്യാവശ്യമായ ഒരു മത്സരയിനമാണ് ഷൂട്ടിങ്. അത് കൊണ്ട് തന്നെ മത്സരിക്കുന്നവരിലധികവും ചെവിയും കണ്ണും അത്യാധുനിക സംവിധാനങ്ങളോടെ സുരക്ഷിതമാക്കിയാണ് ഷൂട്ടിങ്ങില്‍ മാറ്റുരയ്ക്കാറുള്ളത്.
മിക്കവരും ക്യത്യമായി ലക്ഷ്യം കാണാനായി ഒരു കണ്ണില്‍ ബ്ലൈന്‍ഡറും മറുകണ്ണില്‍ ലെന്‍സും അലോസരപ്പെടുത്തുന്ന ശബ്ദങ്ങള്‍ ഒഴിവാക്കാനായി ചെവികള്‍ മൂടുന്ന വലിയ ഇയര്‍ ബ്ലൈന്‍ഡറുകളുമൊക്കെ ധരിച്ചാണ് മത്സരത്തിനിറങ്ങാറുളളത്. അവിടെയാണ് ഒരു ടീഷര്‍ട്ടും സാധാരണ കണ്ണടയും ധരിച്ച് വലത് കയ്യില്‍ തോക്കേന്തി ഇടം കൈ പോക്കറ്റില്‍ വച്ച് കൂളായി ടാര്‍ഗറ്റിലേക്ക് ട്രിഗറമര്‍ത്തിയാണ് യൂസഫ് 51-ാം വയസില്‍ വെള്ളി മെഡല്‍ സ്വന്തമാക്കിയത്. ഇത് എങ്ങനെ ആഘോഷിക്കാതിരിക്കും .
യൂസഫ് തോക്കേന്തി ഉന്നം പിടിച്ച് കൂളായുള്ള നില്‍പ്പ് പങ്ക് വെച്ച് നിരവധി പോസ്റ്റുകളും കമന്റുകളുമാണ് മെഡല്‍ നേട്ടത്തിന് ശേഷം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞത്. അതിലൊന്നില്‍ ഇങ്ങിനെ പറയുന്നു ‘നിലവില്‍ ലോകത്തിലെ ഏറ്റവും പ്രശസ്തനായ മനുഷ്യന്‍. യൂസഫിനെ പോലെ കൂളായിരിക്കൂ’ എന്നാണ് അഭിനന്ദന പോസ്റ്റില്‍ തുര്‍ക്കിയിലെ ഫ്രാന്‍സ് എംബസി കുറിച്ചിരിക്കുന്നത്.
വിഖ്യാതമായ ജെയിംസ് ബോണ്ട് സിനിമയിലെ സംഭാഷണശകലത്തെ അനുകരിച്ച് ഞാന്‍ ഡിക്കേച്ച്, യൂസഫ് ഡിക്കേച്ച് എന്നും അടയാളപ്പടുത്തുന്ന ചില പോസ്റ്റുകളുണ്ട്. ഔദ്യോഗിക ഒളിമ്പിക്സിന്റെ സമൂഹമാധ്യമ അക്കൗണ്ടും ട്രന്റിനൊപ്പം ചേര്‍ന്നിട്ടുണ്ട്. പ്രത്യേകിച്ച് പരിയപ്പെടുത്തലിന്റെ ആവശ്യകതയില്ലാത്ത പാരീസ് ഒളിമ്പിക്സിലെ ഷൂട്ടിങ് സ്പോര്‍ട്സ് താരം എന്നാണ് യൂസഫിന്റെ ചിത്രത്തിന് താഴെ അടിക്കുറിപ്പായി എഴുതിയിരിക്കുന്നത്.
എന്തായാലും കാഴ്ചയിലെ കൂള്‍ പരിവേഷത്തിന്റെ ആഘോഷങ്ങള്‍ക്കപ്പുറം സ്വന്തമാക്കിയ നേട്ടത്താല്‍ അടയാളപ്പെടുത്തേണ്ട പേരാണ് യൂസഫ് ഡിക്കേച്ച്. ഒളിമ്പിക്സ് എപ്പോഴും അസാമാന്യ കായികമികവ് ആവശ്യപ്പെടുന്ന മത്സരവേദിയാണ്. അവിടെ ഓരോ തവണയും മെഡല്‍ പ്രതീക്ഷയോടെ തന്നെ അയാളെത്തി. പക്ഷെ നാല് തവണയും തോറ്റ് തോക്ക് താഴ്ത്തി പിന്‍വാങ്ങേണ്ടി വന്നു.
നിരന്തരമായ പരാജയങ്ങള്‍ക്കൊന്നും അയാളെ തളര്‍ത്താനായില്ല. ഒടുവില്‍ അമ്പത്തിയൊന്നാം വയസിലെ അഞ്ചാം വരവില്‍ മെഡല്‍ നേട്ടത്തിലേക്കയാള്‍ കാഞ്ചി വലിച്ചിരിക്കുന്നു. ഒരുപക്ഷെ മെഡലണിഞ്ഞ് പോഡിയത്തില്‍ നിന്നപ്പോള്‍ അയാള്‍ ലോകത്തോടായ് പറയാനാഗ്രഹിച്ചിരുന്നത് ഇങ്ങിനെതന്നെയായിരിക്കാം. യെസ്, അയാം ഡിക്കേച്ച്, യൂസഫ് ഡിക്കേച്ച്. ലോകം ആ മന്ത്രണം കേട്ടിരിക്കുന്നു.
Content Highlight: Turkish sharpshooter Yusuf Dikeç wins silver at Paris Olympics