| Saturday, 9th December 2023, 1:52 pm

കോടതി വിചാരണകളെ തടസപ്പെടുത്താന്‍ നെതന്യാഹു ഗസയില്‍ വംശഹത്യ നടത്തുന്നു: തുര്‍ക്കി പ്രസിഡന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അങ്കാറ: തന്റെ രാഷ്ട്രീയ ഭാവി സംരക്ഷിക്കുന്നതിനായി ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഫലസ്തീനില്‍ വംശഹത്യ നടത്തുകയാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിപ് എര്‍ദോഗന്‍.

ഒക്ടോബര്‍ 7ന് ഹമാസ് ഇസ്രഈലില്‍ നടത്തിയ പ്രത്യാക്രമണം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നെതന്യാഹു ഈ തീരുമാനത്തിലെത്തിയതെന്ന് എര്‍ദോഗന്‍ പറഞ്ഞു. ഗ്രീസ് സന്ദര്‍ശത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ നീക്കത്തിന് പിന്നില്‍ തന്റെ രാഷ്ട്രീയ ജീവിതം സംരക്ഷിക്കുകയും നിലവിലുള്ള കോടതി വിചാരണകള്‍ തടസപ്പെടുത്തുകയും ചെയ്യുക എന്നതാണ് നെതന്യാഹുവിന്റെ യഥാര്‍ത്ഥ ലക്ഷ്യമെന്ന് എര്‍ദോഗന്‍ ചൂണ്ടിക്കാട്ടി.

നിരവധി അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട് നെതന്യാഹു ജുഡീഷ്യല്‍ പ്രക്രിയകളിലൂടെ കടന്നുപോവുകയായിരുന്നെന്ന് എര്‍ദോഗന്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രി ശിക്ഷിക്കപെടുമെന്ന രീതിയിലുള്ള വിവരങ്ങള്‍ പുറത്തുവന്ന കാലയളവിലാണ് ഗസയില്‍ ഇസ്രഈല്‍ ഭരണകൂടം ആക്രമണം പുറപ്പെടുവിക്കുന്നതെന്നും എര്‍ദോഗന്‍ കൂട്ടിച്ചേര്‍ത്തു.

ഗസയിലെ ഉപരോധം നീളുന്നതിനനുസരിച്ച് താന്‍ വിചാരണ ചെയ്യപെടുന്നതില്‍ നിന്ന് രക്ഷ നേടുമെന്ന വിശ്വാസത്തോടെയാണ് സംഘര്‍ഷം നീട്ടികൊണ്ടുപോവുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ദീഘകാലമായി നേരിടുന്ന നിരവധി അഴിമതി ആരോപണങ്ങളിലുള്ള വിചാരണ പുനരാരംഭിക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നെതന്യാഹുവിനെതിരെയുള്ള ആരോപണങ്ങളിലുള്ള വിചാരണ ജറുസലേമിലെ കോടതിയില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ നിലവിലെ എല്ലാ അഴിമതി ആരോപണങ്ങളും നെതന്യാഹു നിഷേധിച്ചു. തന്റെ സര്‍ക്കാരിനെ തകര്‍ക്കാന്‍ വേണ്ടി പ്രതിപക്ഷവും മാധ്യമങ്ങളും സംയുക്തമായി നടത്തിയ മാന്ത്രിക വേട്ടയുടെ ഇരയാണ് താനെന്നും പ്രധാനമന്ത്രി ആരോപിച്ചു. സ്വയം സംരക്ഷണത്തിനായി നെതന്യാഹു പുതിയ നിയമ നിര്‍മാണത്തിന് മുതിര്‍ന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു.

Content Highlight: Turkish President Says Netanyahu Is Committing Genocide In Gaza To Obstruct Court Trials

We use cookies to give you the best possible experience. Learn more