| Sunday, 10th December 2023, 4:28 pm

വെടിനിര്‍ത്തല്‍ പ്രഖ്യാപനം തടയുന്നതില്‍ അമേരിക്ക ഇസ്രഈലിന്റെ സംരക്ഷകനെന്ന് തുര്‍ക്കി പ്രസിഡന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്താൻബുൾ: ഗസയിലെ വെടിനിര്‍ത്തല്‍ ആഹ്വാനം തടയുന്നതില്‍ സ്വാധീനം ചെലുത്തിയതിലൂടെ ‘ഇസ്രഈലിന്റെ സംരക്ഷകന്‍’ എന്ന പദവി അമേരിക്ക നേടിയെന്ന് നാറ്റോ അംഗം കൂടിയായ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍. യു.എന്‍ രക്ഷാ സമിതിയുടെ വെടിനിര്‍ത്തല്‍ പ്രമേയം വീറ്റോ ചെയ്ത അമേരിക്കക്കെതിരെ ഇസ്താംബൂളില്‍ നടന്ന ലോക മനുഷ്യാവകാശ ദിന പരിപാടിയില്‍ എര്‍ദോഗന്‍ ആഞ്ഞടിച്ചു.

യു.എസിന്റെ വീറ്റോ കാരണം ഗസയിലെ പ്രശ്‌നങ്ങളില്‍ ഒരു തീരുമാനവും എടുക്കാന്‍ കഴിഞ്ഞില്ലെന്നും യു.എന്‍ രക്ഷാ സമിതി പരിഷ്‌കരിക്കേണ്ടത് അത്യാവശ്യമെന്നും എര്‍ദോഗന്‍ ചൂണ്ടിക്കാട്ടി. ചൈന, ഫ്രാന്‍സ്, റഷ്യ, യു. കെ എന്നിങ്ങനെ വീറ്റോ അധികാരമുള്ള യു.എന്‍.എസ്.സിയിലെ അഞ്ച് സ്ഥിരാംഗങ്ങള്‍ക്കപ്പുറത്തേക്ക് ലോകം വ്യാപിച്ചിരിക്കുന്നുവെന്നും തുര്‍ക്കി പ്രസിഡന്റ് കുറ്റപ്പെടുത്തി.

‘പാശ്ചാത്യ രാജ്യങ്ങളുടെ അസാധാരണമായ പിന്തുണയുള്ള ഇസ്രഈല്‍ ഭരണകൂടം, ഗസയില്‍ കൊലപാതകങ്ങളും കൂട്ടക്കൊലകളും നടത്തുന്നു. അത് ലോകത്തിലെ എല്ലാ മനുഷ്യരെയും നാണം കെടുത്തുന്നു. ന്യായമായ ഒരു ലോകം നമുക്ക് സാധ്യമാണ്. പക്ഷേ അത് അമേരിക്കക്ക് ഒപ്പമുണ്ടാവില്ല. എന്തെന്നാല്‍ അമേരിക്ക ഇസ്രഈലിനൊപ്പമാണ്,’ തുര്‍ക്കി പ്രസിഡന്റ് പറഞ്ഞു.

തുര്‍ക്കി നാറ്റോയുടെ സഖ്യകക്ഷിയായിരുന്നിട്ടും യു.എന്‍.എസ്.സിയുടെ നടപടികളില്‍ നിരാശയുണ്ടെന്നും യു.എന്‍ രക്ഷാ സമിതിയിലുള്ള പ്രതീക്ഷ തങ്ങള്‍ക്ക് നഷ്ടപ്പെട്ടുവെന്നും ത്വയ്യിബ് എര്‍ദോഗന്‍ പറഞ്ഞു. ഒക്ടോബര്‍ 7ന് ഹമാസ് നടത്തിയ പ്രത്യാക്രമണത്തെ തുടര്‍ന്ന് ഇസ്രഈല്‍ സൈന്യം ഗസയില്‍ 1,200 പേരെ കൊന്നൊടുക്കിയെന്നും ആഗോള സമാധാനം സ്ഥാപിക്കണമെന്ന ദൗത്യം മറന്നുകൊണ്ട് യു.എന്‍.എസ്.സി ഇസ്രഈലിന്റെ സംരക്ഷകനായിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള യു.എന്‍ രക്ഷാ സമിതിയുടെ പ്രമേയം അമേരിക്ക വീറ്റോ ചെയ്യുകയും പ്രമേയം തടയുന്നതിനായി യു.കെ വിട്ടുനില്‍ക്കുകയും ചെയ്തു. എന്നാല്‍ യു.എന്നിലെ 13 അംഗങ്ങള്‍ യു.എ.ഇ അവതരിപ്പിച്ച വെടിനിര്‍ത്തല്‍ പ്രമേയത്തെ അനുകൂലിച്ചു.

അതേസമയം ഐക്യരാഷ്ട്ര സമിതിയുടെയും സെക്രട്ടറി ജനറലിന്റെയും തീരുമാനങ്ങള്‍ അംഗീകരിക്കില്ലെന്ന് യു.എന്നിലെ അമേരിക്കന്‍ അംബാസിഡര്‍ റോബേര്‍ഡ് വുഡ് പറഞ്ഞിരുന്നു. നിലവില്‍ ഇസ്രഈലിന് ഹമാസ് ഒരു ഭീഷണി ആയതിനാല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ഇസ്രഈലിനെ നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്നാണ് റോബേര്‍ഡ് വുഡ് പറഞ്ഞത്.

നിലവിലെ കണക്കുകള്‍ പ്രകാരം ഗസയില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ 17,000ത്തിലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് വ്യക്തമാവുന്നത്.

CONTENT HIGHLIGHTS: Turkish President says America is Israel’s protector in preventing cease-fire announcement

We use cookies to give you the best possible experience. Learn more