'മാര്‍ച്ചിലെ പ്രാദേശിക തെരഞ്ഞെടുപ്പ് എന്റെ അവസാനത്തെ തെരഞ്ഞെടുപ്പ്'; പ്രസിഡന്റ് സ്ഥാനമൊഴിയുമെന്ന സൂചനയുമായി എര്‍ദോഗാന്‍
World News
'മാര്‍ച്ചിലെ പ്രാദേശിക തെരഞ്ഞെടുപ്പ് എന്റെ അവസാനത്തെ തെരഞ്ഞെടുപ്പ്'; പ്രസിഡന്റ് സ്ഥാനമൊഴിയുമെന്ന സൂചനയുമായി എര്‍ദോഗാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th March 2024, 10:26 pm

ഇസ്താംബൂള്‍: മേയര്‍ തെരഞ്ഞെടുപ്പിനുശേഷം സ്ഥാനമൊഴിയുമെന്ന സൂചന നല്‍കി തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്‍. 2003 മുതല്‍ അധികാരത്തിലിരിക്കുന്ന എര്‍ദോഗന്‍ ആദ്യമായാണ് പ്രസിഡന്റ് സ്ഥാനമൊഴിയുന്നതിനെക്കുറിച്ച് പരാമര്‍ശം നടത്തുന്നത്.

താന്‍ സ്ഥാനമൊഴിഞ്ഞാലും യാഥാസ്ഥിക ജസ്റ്റിസ് ആന്റ് ഡെവലപ്മെന്റ് പാര്‍ട്ടി അധികാരത്തില്‍ തുടരുമെന്നും എര്‍ദോഗന്‍ പറഞ്ഞു. പ്രാദേശിക തെരഞ്ഞെടുപ്പിന്റെ ഫലം തനിക്ക് ശേഷം വരുന്ന സഹോദരങ്ങള്‍ക്ക് അനുഗ്രഹമാകുമെന്നും ആത്മവിശ്വാസത്തിന്റെ കൈമാറ്റമാണ് നടക്കാന്‍ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

31നാണ് തുര്‍ക്കിയില്‍ പ്രാദേശിക തെരഞ്ഞെടുപ്പ് നടക്കുക. 1994 മുതല്‍ 1998 വരെ ഇസ്താംബൂളിന്റെ മേയറായിരുന്നു എര്‍ദോഗന്‍. മൂന്ന് തവണ എര്‍ദോഗാന്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിലവില്‍ പ്രസിഡന്റ് സ്ഥാനം വഹിക്കുകയും ചെയ്യുന്നു.

അതേസമയം ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസിനെ തുര്‍ക്കി ശക്തമായി പിന്തുണയ്ക്കുന്നുവെന്നും എര്‍ദോഗാന്‍ പറഞ്ഞു. ഹമാസ് നേതാക്കളോട് തുറന്ന് സംസാരിക്കുകയും സേനയെ ശക്തമായി പിന്തുണയ്ക്കുകയും ചെയ്യുന്ന രാജ്യമാണ് തുര്‍ക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇസ്രഈലിനെ ‘ഭീകര രാഷ്ട്രം’ എന്ന് വിശേഷിപ്പിച്ച എര്‍ദോഗന്‍ ഗസയില്‍ നെതന്യാഹു സര്‍ക്കാര്‍ നടത്തുന്നത് വംശഹത്യ ആണെന്നും ആരോപിച്ചിരുന്നു.

Content Highlight: Turkish President Recep Tayyip Erdogan has hinted that he will step down after the mayoral election