ഇസ്താംബുള്‍: അതിസമര്‍ത്ഥനോ വിഡ്ഢിയോ ആവരുതെന്ന് നിര്‍ദ്ദേശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ട് ട്രംപ് അയച്ച കത്ത് ചവറ്റുകുട്ടയിലെറിഞ്ഞെന്ന് തുര്‍ക്കി പ്രസിഡന്റ് റജപ് തയ്യിബ് എര്‍ദോഗന്‍. സിറിയക്കെതിരെ സൈനിക നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ ചരിത്രം നിങ്ങളെ പരമദുഷ്ടനായി വിലയിരുത്തുമെന്നായിരുന്നു ട്രംപ് കത്തില്‍ പറഞ്ഞത്.
‘പ്രസിഡന്റ് എര്‍ദോഗന് കത്ത് ലഭിച്ചു. അദ്ദേഹമത് പൂര്‍ണമായി അവഗണിക്കുകയും ചവറ്റുകുട്ടയിലെറിയുകയും ചെയ്തു’, തുര്‍ക്കിഷ് വൃത്തങ്ങള്‍ ബി.ബി.സിയോട് പറഞ്ഞു.
സിറിയയില്‍നിന്നും യു.എസ് സൈന്യത്തെ പിന്‍വലിച്ചതിന് ശേഷമായിരുന്നു ട്രംപ് കടന്നാക്രമണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എര്‍ദോഗന് കത്തയച്ചത്.
അമേരിക്കന്‍ ഉപരോധം വകവെക്കാതെ തുര്‍ക്കി സൈന്യം ഉത്തര സിറിയയിലെ കുര്‍ദ് പട്ടണത്തില്‍ ആക്രമണം തുടരുകയാണ്. സൈന്യത്തെ പിന്‍വലിച്ചതിനെത്തുടര്‍ന്ന് അമേരിക്കയുടെ കുര്‍ദ് സഖ്യത്തില്‍ വിള്ളല്‍ വീഴാതിരിക്കാനും രാഷ്ട്രീയപരമായി കേടുപാടുകളുണ്ടാകാതിരിക്കാനുമായി നീക്കങ്ങള്‍ നടത്താനുള്ള ശ്രമത്തിലാണ് ട്രംപ്. ഇതിന് മുന്നോടിയായി ബുധനാഴ്ച മാത്രം ഒമ്പത് കത്തുകളാണ് വൈറ്റ്ഹൗസ് തയ്യാറാക്കിയത്.
‘നമുക്ക് നല്ല ഒരു നീക്കവുമായി മുന്നോട്ടുപോകാം. ആയിരക്കണക്കിന് ആളുകളെ കൊന്നുതള്ളിയതില്‍ നിങ്ങള്‍ ഉത്തരവാദിത്വമെടുക്കേണ്ട ആവശ്യമില്ല. അതുപോലെ, തുര്‍ക്കിയുടെ സാമ്പത്തികാവസ്ഥ ഇടിച്ചുതകര്‍ത്തതില്‍ ഞാനും ഉത്തരവാദിത്വമെടുക്കുന്നില്ല’, ട്രംപ് ഏര്‍ദോഗന് നല്‍കിയ കത്തില്‍ പറയുന്നു.
സിറിയയെ ആക്രമിക്കുന്നതില്‍ തുര്‍ക്കിക്ക് യുഎസ് പച്ചക്കൊടി കാണിച്ചിട്ടില്ലെന്നും ട്രംപ് മറ്റൊരു കത്തില്‍ പറയുന്നു. മേഖലയില്‍നിന്നും സൈന്യത്തെ പിന്‍വലിച്ചതിനെ വിമര്‍ശിച്ച് നിരവധിപ്പേര്‍ രംഗത്തെത്തിയതോടെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.
‘നിങ്ങളുടെ പ്രശ്നം പരിഹരിക്കാന്‍ ഞാന്‍ കഠിനാധ്വാനം ചെയ്തു. ലോകത്തെ നിരാശപ്പെടുത്തരുത്. നിങ്ങള്‍ക്ക് ഒരു മികച്ച നീക്കം നടത്താവുന്നതാണ്’, ട്രംപ് കത്തില്‍ പറയുന്നു.
മനുഷ്യത്വപരമായും നീതിയുക്തമായും ഇപ്പോള്‍ പ്രവര്‍ത്തിച്ചാല്‍, ചരിത്രം പിന്നീട് നിങ്ങളോട് തൃപ്തികരമായി പ്രതികരിക്കും. നല്ല കാര്യങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ അത് നിങ്ങളെ എല്ലാക്കാലത്തും പരിഗണിക്കുക പരമദുഷ്ടനായിട്ടായിരുക്കും. വലിയ കാര്‍ക്കശ്യക്കാരനാവാന്‍ നോക്കരുത്. പരമ വിഡ്ഢിയാവാനും നില്‍ക്കരുത്. ഞാന്‍ പിന്നീട് വിളിക്കാം’, ട്രംപ് എര്‍ദോഗനയച്ച കത്തില്‍ മുന്നറിയിപ്പ് നല്‍കി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ