ഇസ്താംബുള്‍: ചാംപ്യന്‍സ് ലീഗില്‍ തുര്‍ക്കി ഫുട്‌ബോള്‍ ടീം സഹപരിശീലകനെതിരെ നടന്ന വംശീയാധിക്ഷേപത്തെ അപലപിച്ച് തുര്‍ക്കി പ്രസിഡന്റ് രജപ് തയ്യിപ് എര്‍ദോഗന്‍. സംഭവത്തില്‍ യുവേഫ അവശ്യനടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എര്‍ദോഗന്‍ ട്വിറ്ററില്‍ കുറിച്ചു.
‘ഞങ്ങളുടെ ബസാക്‌സേഹിറിന്റെ പ്രതിനിധി പിയറി വെബോക്കെതിരെ നടന്ന വംശീയാധിക്ഷേപത്തെ ശക്തമായി അപലപിക്കുന്നു. യുവേഫ തക്കതായ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. കായികരംഗത്തെയും മറ്റെല്ലാ മേഖലകളിലെയും വംശീയതയെയും വിവേചനത്തെയും ഞങ്ങള്‍ പരിപൂര്‍ണ്ണമായി എതിര്‍ക്കുന്നു.’ എര്‍ദോഗാന്റെ ട്വീറ്റില്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് വംശീയാധിക്ഷേപത്തെ തുടര്‍ന്ന് ചാംപ്യന്‍സ് ലീഗ് മാച്ച് ഉപേക്ഷിച്ചത്. ഫ്രഞ്ച് ക്ലബായ പി.എസ്.ജിയും തുര്‍ക്കിയില്‍ നിന്നുള്ള ഇസ്താംബുള്‍ ബസാക്സേഹിറും തമ്മില്‍ നടന്ന മത്സരത്തിനിടെ, റഫറിമാരിലൊരാള്‍ ബസാക്സേഹറിന്റെ അസിസ്റ്റന്റ് കോച്ചിനെ വംശീയമായി അധിക്ഷേപിച്ചതിനെ തുടര്‍ന്നാണ് മത്സരം ഉപേക്ഷിച്ചത്.
കോച്ചിനെ വംശീയമായി അധിക്ഷേപിച്ചതില്‍ പ്രതിഷേധിച്ച് ബസാക്സേഹറിന്റെ കളിക്കാര്‍ മത്സരം ഉപേക്ഷിച്ച് ഇറങ്ങിപ്പോവുകയായിരുന്നു. ഇതിന് പിന്നാലെ ബസാക്സേഹറിന് പിന്തുണയുമായി പി.എസ്.ജി കളിക്കാരും മത്സരം ബഹിഷ്‌കരിച്ചു.
Temsilcimiz Başakşehir’in teknik ekibinden Pierre Webo’ya karşı sarf edilen ırkçı sözleri şiddetle kınıyor, UEFA tarafından gereken adımların atılacağına inanıyorum.
Sporda ve hayatın tüm alanlarında ırkçılığa ve ayrımcılığa kayıtsız şartsız karşıyız. #Notoracism
— Recep Tayyip Erdoğan (@RTErdogan) December 8, 2020
ഗ്രൂപ്പ് എച്ചിലെ അവസാന മത്സരത്തില്‍ ഇരു ടീമുകളും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതിനിടെയാണ് തുര്‍ക്കി പരിശീലകനോട് മാച്ച് ഒഫീഷ്യല്‍ വംശീയച്ചുവയോടെ സംസാരിച്ചത്. മത്സരം തുടങ്ങി 15 മിനിറ്റ് പിന്നിട്ട സമയത്ത് നാലാം റഫറിയായ സെബാസ്റ്റ്യന്‍ കോള്‍ടെസ്‌ക്യുവും ഇസ്താംബുള്‍ സഹപരിശീലകനായ പിയറി വെബോയും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുകയായിരുന്നു.