| Thursday, 23rd November 2023, 10:29 am

ഇസ്രഈലികള്‍ പോലും നെതന്യാഹു നയങ്ങളെ പിന്തുണക്കില്ല: തുര്‍ക്കി പ്രസിഡന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അങ്കാറ: ഇസ്രഈല്‍ ഒരു ഭീകര രാഷ്ട്രമാണെന്നും ഫലസ്തീനികളുടെ വേരറക്കുന്ന ഇസ്രഈല്‍ ഭരണകൂടത്തിന്റെ ക്രൂരതകള്‍ അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍.

ഫലസ്തീനില്‍ നടത്തിയ അതിക്രമങ്ങള്‍ക്ക് ഇസ്രഈല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെ അന്താരാഷ്ട്ര നീതിന്യായ കോടതി വിചാരണ ചെയ്യണമെന്നും തയ്യിബ് എര്‍ദോഗാന്‍ പറഞ്ഞു. അള്‍ജീരിയ – തുര്‍ക്കി ബിസിനസ് ഫോറം യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്രഈല്‍ നടത്തുന്ന അതിക്രമങ്ങളെ ഇസ്രഈലികള്‍ പോലും പിന്തുണക്കിലെന്നും എര്‍ദോഗാന്‍ പറഞ്ഞു. നിരന്തരമായി നടത്തുന്ന അതിക്രമങ്ങളിലൂടെ ഇസ്രഈല്‍ തന്റെ വംശീയമായ മുഖം ലോകത്തിന് മുന്നില്‍ തുറന്ന് കാണിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗസയില്‍ ഭരണാധികാരികള്‍ നടത്തിയ ക്രൂരതകള്‍ നിയമ നടപടിക്ക് വിധേയമാവാതെ അവസാനിക്കരുതെന്നും എര്‍ദോഗാന്‍ ആവശ്യപ്പെട്ടു. ഇസ്രഈല്‍ ഭരണകൂടത്തിന്റെ നയങ്ങളെ അംഗീകരിക്കാന്‍ തുര്‍ക്കിക്ക് കഴിയില്ലെന്നും നിരന്തരം ഭൂമി പിടിച്ചെടുത്തും മറ്റും അടിച്ചമര്‍ത്തപ്പെട്ട ജനതക്ക് നേരെ അധിനിവേശം നടത്തുന്നത് മാനുഷിക കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇസ്രഈല്‍ – ഫലസ്തീന്‍ സംഘര്‍ഷത്തില്‍ ഇസ്രഈല്‍ നടത്തുന്നത് യുദ്ധമല്ലെന്നും തീവ്രവാദമാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ഭരണകൂടത്തിന്റെ പ്രവര്‍ത്തനം അതിരുകടന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. എല്ലാവരെയും കൊല്ലണമെന്ന ചിന്തയോടെ മുന്നോട്ടുപോവരുതെന്നും ഇരു വിഭാഗങ്ങള്‍ക്കുമായി ലോക ജനത പ്രാര്‍ത്ഥിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

ഹമാസ് ബന്ദികളാക്കിയ 50 പേരെ മോചിപ്പിക്കുന്നതിന് പകരമായി ഗസയില്‍ നാല് ദിവസം വെടിനിര്‍ത്തലിനും ഇസ്രഈല്‍ ജയിലുകളില്‍ കഴിയുന്ന 150 ഫലസ്തീനികളെ മോചിപ്പിക്കാനും ധാരണയായിട്ടുണ്ട്.

ഖത്തറിന്റെ മധ്യസ്ഥതയിലാണ് ഒക്ടോബര്‍ ഏഴ് മുതല്‍ നടക്കുന്ന യുദ്ധത്തില്‍ ആദ്യ ഉടമ്പടി തയ്യാറായത്. ഹമാസ് കൂടുതല്‍ ബന്ദികളെ മോചിപ്പിക്കുന്ന പക്ഷം കൂടുതല്‍ ദിവസം വെടിനിര്‍ത്തല്‍ നടത്തുമെന്ന് ഇസ്രഈല്‍ അറിയിച്ചു.

നിലവില്‍ ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 5,600 കുട്ടികളടക്കം 14,100ലധികം പേര്‍ ഫലസ്തീനില്‍ ഇസ്രഈലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Content Highlight: Turkish President criticized the Israeli government

Latest Stories

We use cookies to give you the best possible experience. Learn more