അങ്കാര: തുര്‍ക്കി പ്രസിഡന്റ് റജബ്ബ് ത്വയ്യിബ് എര്‍ദോഗനെതിരെ 2016ല്‍ നടന്ന പട്ടാള അട്ടിമറിക്ക് പിന്നില്‍ അമേരിക്കയാണെന്ന വാദവുമായി തുര്‍ക്കി മന്ത്രിയെത്തിയതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വഷളാകുന്നു. നാറ്റോ സഖ്യത്തില്‍ അമേരിക്കയുമായി കൂടുതല്‍ മെച്ചപ്പെട്ട ബന്ധത്തിന് തുര്‍ക്കി ശ്രമിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിന് ഇടയിലാണ് പുതിയ വിവാദങ്ങള്‍. തുര്‍ക്കി ആഭ്യന്തര മന്ത്രിയാണ് അമേരിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
2016 ജൂലൈ 15നാണ് തുര്‍ക്കിയില്‍ എര്‍ദോഗനെതിരെ പട്ടാള അട്ടിമറി നടക്കുന്നത്. യുദ്ധവിമാനങ്ങളും ഹെലികോപ്ടറുകളും ടാങ്കുകളുമായെത്തിയായിരുന്നു പട്ടാളക്കാര്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചത്. അട്ടിമറി പരാജയപ്പെട്ടെങ്കിലും 250ലധികം പേര്‍ സംഭവത്തില്‍ കൊല്ലപ്പെട്ടിരുന്നു.
എര്‍ദോഗന്റെ മുന്‍ സഖ്യകക്ഷിയായിരുന്ന പ്രഭാഷകന്‍ ഫെത്തുള്ള ഗുലനാണ് ഈ അട്ടിമറിക്ക് പിന്നിലെന്നായിരുന്നു തുര്‍ക്കിയുടെ ആരോപണം. ഫെത്തുള്ളയുടെ അനുനായികളായവര്‍ക്കെതിരെ കര്‍ശന നടപടികളായിരുന്നു തുടര്‍ന്ന് തുര്‍ക്കി സ്വീകരിച്ചത്. ഫെത്തുള്ള ടെററിസ്റ്റ് ഓര്‍ഗനൈസേഷന്‍ (എഫ്.ഇ.ടി.ഒ) എന്നായിരുന്നു ഇവരെ തുര്‍ക്കി വിളിച്ചിരുന്നത്.
2016ല്‍ അട്ടിമറി നടന്ന സമയത്ത് അമേരിക്കയിലെ പെന്‍സില്‍വാനിയയിലായിരുന്നു ഫെത്തുള്ള താമസിച്ചിരുന്നത്. ഫെത്തുള്ളയെ കൈമാറണമെന്ന് നിരവധി തവണ തുര്‍ക്കി ആവശ്യപ്പെട്ടെങ്കിലും അമേരിക്ക അംഗീകരിച്ചിരുന്നില്ല. ഫെത്തുള്ളയെ കൈമാറാന്‍ തക്കതായ തെളിവുകള്‍ തുര്‍ക്കിയുടെ പക്കലില്ലെന്നാണ് അമേരിക്കയുടെ വാദം.
ഇക്കാര്യം കൂടി ചൂണ്ടിക്കാണിച്ചാണ് അട്ടിമറിക്ക് പിന്നില്‍ അമേരിക്കയാണെന്ന് തുര്‍ക്കി മന്ത്രി സുലൈമാന്‍ സോയ്‌ലു കഴിഞ്ഞ ദിവസം പറഞ്ഞത്. തുര്‍ക്കിയിലെ പ്രധാന പത്രമായ ഹൂറിയത്തിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം.
‘ജൂലൈ 15ന് പിന്നില്‍ അമേരിക്കയാണെന്ന് വളരെ വ്യക്തമാണ്. എഫ്.ഇ.ടി.ഒ അവരുടെ നിര്‍ദേശങ്ങള്‍ പാലിക്കുകയായിരുന്നു. യൂറോപ്പിനും സംഭവത്തില്‍ വലിയ ആവേശമായിരുന്നു.’ സുലൈമാന്‍ പറഞ്ഞു.
തുര്‍ക്കിയുടെ ഈ ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് അമേരിക്ക രംഗത്തെത്തി. ആരോപണങ്ങള്‍ പരിപൂര്‍ണ്ണമായും തെറ്റാണെന്നാണ് അമേരിക്ക സ്റ്റേറ്റ് ഡിപ്പാര്‍ട്ടമെന്റ് പ്രതികരിച്ചത്.
‘2016ലെ സംഭവത്തില്‍ അമേരിക്കയ്ക്ക് ഒരു പങ്കുമില്ല. മാത്രമല്ല, അമേരിക്ക സംഭവത്തെ അന്നേ അപലപിച്ചിരുന്നു. ഇപ്പോള്‍ മുതിര്‍ന്ന തുര്‍ക്കി നേതാവ് തന്നെ ഇത്തരം ആരോപണങ്ങളുമായി എത്തുന്നത് പൂര്‍ണ്ണമായും തെറ്റാണ്.
തുര്‍ക്കിയില്‍ നടക്കുന്ന സംഭവങ്ങളില്‍ യു.എസിന്റെ പങ്ക് ആരോപിക്കുന്ന ഇത്തരം അടിസ്ഥാനരഹിതവും നിരുത്തരവാദിത്തപരവുമായ പ്രസ്താവനകള്‍ഡ തുര്‍ക്കിയുടെ നാറ്റോയിലെ സ്ഥാനത്തെയും അമേരിക്കയുടെ പങ്കാളിയാകാനുള്ള അവസരത്തെയും ബാധിക്കും.’ യു.എസ് പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക