| Thursday, 18th November 2021, 9:30 am

ഇസ്‌ലാമോഫോബിയയ്ക്കും വംശീയതയ്ക്കുമെതിരായ പോരാട്ടം; സൈക്കിളില്‍ യൂറോപ്പ് ചുറ്റി തുര്‍ക്കി-ജര്‍മന്‍ പൗരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അങ്കാറ: വംശീയതയ്ക്കും ഇസ്‌ലാമോഫോബിയയ്ക്കുമെതിരെ ജനങ്ങളെ ബോധവാന്മാരാക്കാനും തുര്‍ക്കി സംസ്‌കാരത്തെ പരിചയപ്പെടുത്താനും ലക്ഷ്യമിട്ട് സൈക്കിളില്‍ യൂറോപ്പ് ചുറ്റി ജര്‍മനിക്കാരന്‍. റീകെ കരാക പാക് എന്നയാളാണ് കഴിഞ്ഞ 15 മാസത്തോളമായി സൈക്കിളില്‍ യൂറോപ്പ് ചുറ്റുന്നത്.

തുര്‍ക്കിയില്‍ കുടുംബവേരുകളുള്ള, ജര്‍മനിയില്‍ ജനിച്ച് വളര്‍ന്ന റീകെ തുര്‍ക്കിയുടെ പതാക കെട്ടിയ സൈക്കിളിലാണ് സഞ്ചരിക്കുന്നത്. തുര്‍ക്കി ജനതയ്ക്കും മുസ്‌ലിങ്ങള്‍ക്കുമെതിരെ യൂറോപ്പില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകളും അവരോടുള്ള വംശീയ, ഇസ്‌ലാമോഫോബിക് പെരുമാറ്റവും എതിര്‍ക്കുക എന്നതാണ് യാത്രയുടെ ലക്ഷ്യം.

സൈക്കിളില്‍ 10,000 കിലോമീറ്റര്‍ സഞ്ചരിച്ച 47കാരനായ റീകെ ഇപ്പോള്‍ തുര്‍ക്കിയില്‍ എത്തിയിട്ടുണ്ട്.

ജര്‍മനിയിലെ കൊളോഗ്‌നെയില്‍ നിന്ന് ആരംഭിച്ച് മൂണിക്ക്, ഓസ്ട്രിയ, സ്ലോവാക്യ, ഹംഗറി, സെര്‍ബിയ, ബള്‍ഗേറിയ എന്നിവിടങ്ങളില്‍ സഞ്ചരിച്ച ശേഷമാണ് റീകെ തുര്‍ക്കിയിലെത്തിയത്.

ട്രക്കിങ്ങിന്റേയോ ലോങ്ങ് റൈഡിന്റേയോ യാതൊരു മുന്‍ അനുഭവവും തനിക്ക് ഇല്ലെന്നും മണിക്കൂറുകളോളം തുടര്‍ച്ചയായി സൈക്കിള്‍ ഓടിക്കുന്നത് വെല്ലുവിളിയായിരുന്നെങ്കിലും കുറേയേറെ പ്രശ്‌നങ്ങളില്‍ ഒന്ന് മാത്രമായിരുന്നു അതെന്നുമാണ് റീകെ പ്രതികരിച്ചത്.

എന്നാല്‍ ഈ പ്രശ്‌നങ്ങളും വെല്ലുവിളികളും തന്നെ ലക്ഷ്യത്തില്‍ നിന്നും ഒരിക്കലും പിന്തിരിപ്പിച്ചില്ലെന്നും എല്ലാത്തിനേക്കാളുമുപരി യാത്രയിലൂടെ നല്‍കാനുദ്ദേശിച്ച സന്ദേശമാണ് തനിക്ക് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

60 വര്‍ഷങ്ങള്‍ക്ക് മുമ്പ് തുര്‍ക്കിയില്‍ നിന്നും ഇദ്ദേഹത്തിന്റെ കുടുംബം ജോലി ആവശ്യാര്‍ത്ഥം ജര്‍മനിയിലേയ്ക്ക് കുടിയേറുകയായിരുന്നു.

ജര്‍മനിയില്‍ വിദ്യാഭ്യാസം നേടി ബിസിനസ് തുടങ്ങിയ റീകെയുടെ കുടുംബം മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളിലാണ് ഇവിടെ താമസിക്കുന്നത്. എങ്കിലും തങ്ങള്‍ക്ക് ജര്‍മനിയില്‍ വംശീയ അധിക്ഷേപങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്.

രാജ്യത്തെ മാധ്യമങ്ങള്‍ തുര്‍ക്കി പൗരന്മാരെയും മുസ്‌ലിങ്ങളെയും പക്ഷപാതപരവും തെറ്റായതുമായ രീതിയിലാണ് ചിത്രീകരിക്കുന്നതെന്നും റീകെ കൂട്ടിച്ചേര്‍ത്തു.

ഇതിന് മാറ്റം വരുത്താനും യൂറോപ്പിലുടനീളം പരമാവധി ആളുകളോട് സംവദിച്ച് അവരെ ബോധവാന്മാരാക്കാനുമാണ് റീകെയുടെ യാത്ര.

തുര്‍ക്കിയില്‍ നിന്നും ഇനി മംഗോളിയയിലേയ്ക്കാണ് റീകെയുടെ യാത്ര.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Turkish man travel throughout Europe in cycle to tackle racism and Islamophobia

We use cookies to give you the best possible experience. Learn more