'മിഡില്‍ ഈസ്റ്റില്‍ ആളുകള്‍ മരിക്കുമ്പോള്‍ എവിടെയായിരുന്നു'; 'നോ ടു വാര്‍' ജേഴ്‌സി ധരിക്കാന്‍ വിസമ്മതിച്ചതില്‍ തുര്‍ക്കിഷ് ഫുട്‌ബോള്‍ താരം
Football
'മിഡില്‍ ഈസ്റ്റില്‍ ആളുകള്‍ മരിക്കുമ്പോള്‍ എവിടെയായിരുന്നു'; 'നോ ടു വാര്‍' ജേഴ്‌സി ധരിക്കാന്‍ വിസമ്മതിച്ചതില്‍ തുര്‍ക്കിഷ് ഫുട്‌ബോള്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 7th March 2022, 6:47 pm

അങ്കാറ: ഉക്രൈന് ഐക്യദാര്‍ഢ്യവുമായി ക്ലബ്ബ് മത്സരത്തിന് മുമ്പ് സഹതാരങ്ങള്‍ ധരിച്ച ‘നോ ടു വാര്‍’ ജേഴ്‌സി ധരിക്കാന്‍ വിസമ്മതിച്ചതില്‍ വിശദീകരണവുമായി തുര്‍ക്കി ഫുട്‌ബോള്‍ താരം അയ്കുത് ഡെമിര്‍.

മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ യുദ്ധത്താല്‍ ആളുകള്‍ മരിക്കുമ്പോള്‍ തിരിഞ്ഞുനോക്കാത്തവര്‍ യൂറോപ്പില്‍ യുദ്ധം നടക്കുമ്പോള്‍ ഇങ്ങനെ ചെയ്യുന്നത് പ്രഹസനമാണെന്ന് ഡെമിര്‍ പറഞ്ഞു.

‘യുദ്ധത്തിന്റെ ഭീകരതയില്‍ എനിക്കും സങ്കടമുണ്ട്. നിരപരാധികളുടെ വേദനയില്‍ പങ്കുചേരുന്നു.
എന്നാല്‍ മിഡില്‍ ഈസ്റ്റിലെ പീഡനങ്ങളെ അവഗണിക്കുന്നവരാണ് യൂറോപ്പിലേക്ക് വരുമ്പോള്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യുന്നത്. ആ രാജ്യങ്ങള്‍ക്ക് വേണ്ടി ഇങ്ങനെയുള്ള ഐക്യദാര്‍ഢ്യം നടത്താത്തിനാല്‍ ‘നോ ടു വാര്‍’ ടീ ഷര്‍ട്ട് ധരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല,’ ഡെമിര്‍ പറഞ്ഞു.

ഫെബ്രുവരി അവസാനമായിരുന്നു തുര്‍ക്കിയിലെ ഒരു ലീഗ് മത്സരത്തില്‍ സഹതാരങ്ങള്‍ മത്സരത്തിന് മുമ്പ് ഉക്രൈന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ടീ ഷര്‍ട്ട് ധരിച്ചപ്പോള്‍ ഡെമിര്‍ മാത്രം വിട്ടുനിന്നത്.

ഡെമിറിന്റെ നടപടിക്കെതിരെ വലിയ വിമര്‍ശനമുണ്ടായ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ഡെമിറിന്റെ നടപടിക്ക് പിന്നാലെ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ക്ലബ്ബിന് സമ്മര്‍ദമുണ്ടായിരുന്നു.

അതേസമയം, റഷ്യന്‍ ദേശീയ ഫുട്ബോള്‍ ടീമുകളെയും റഷ്യന്‍ ക്ലബ്ബുകളെയും ആഗോള ഫുട്ബോള്‍ സംഘടനയായ ഫിഫ സസ്പെന്‍ഡ് ചെയ്തതിനു പിന്നാലെ ആഗോള സ്പോര്‍ട്സ് ബ്രാന്‍ഡായ അഡിഡാസ് റഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷനുമായുള്ള കരാര്‍ റദ്ദാക്കിയിരുന്നു.

ഫിഫയ്ക്കു പിന്നാലെ യൂറോപ്യന്‍ ഫുട്ബോള്‍ സംഘടനയായ യുവേഫയും റഷ്യന്‍ ടീമുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.

റഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷനുമായുള്ള കരാര്‍ റദ്ദാക്കിയ കാര്യം അഡിഡാസ് വക്താവിനെ ഉദ്ധരിച്ച് ബീ.ഇ.എന്‍ സ്പോര്‍ട്സാണ് റിപ്പോര്‍ട്ട് ചെയ്തത്. റഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷനുമായി ദീര്‍ഘ കാലത്തെ ബന്ധമാണ് അഡിഡാസിനുള്ളത്. എന്നാല്‍ രാജ്യത്തിന്റെ ഉക്രൈന്‍ അധിനിവേശത്തിനെതിരേ കായിക ലോകം ഒന്നിച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ അഡിഡാസും ഇവര്‍ക്കൊപ്പം ചേരുകയായിരുന്നു.