ടെഹ്‌റാൻ: ഇറാനിലെ ഹിജാബ് നിയമം ലംഘിച്ചെന്ന് ആരോപിച്ച് ഇറാനിയൻ പൊലീസ് ടെഹ്‌റാനിലെ തുർക്കിഷ് എയർലൈൻസ് ഓഫീസ് അടച്ചുപൂട്ടിയതായി റിപ്പോർട്ട്.
പ്രാദേശിക വനിതാ ജീവനക്കാർ ഇറാന്റെ ഹിജാബ് നിയമം അനുസരിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് നടപടിയെന്നാണ് പൊലീസിന്റെ ഭാഷ്യം.
ഇറാനിലെ സ്ത്രീകൾക്ക് ഇസ്‌ലാമിക ശിരോവസ്ത്രമായ ഹിജാബ് നിർബന്ധമാണ്. തുർക്കിഷ് എയർലൈൻസിലെ പ്രാദേശിക ജീവനക്കാർ ഹിജാബ് ധരിക്കുന്നില്ലെന്ന് അറിഞ്ഞതിനെ തുടർന്ന് പൊലീസ് കഴിഞ്ഞ ദിവസം എയർലൈൻ സന്ദർശിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പൊലീസ് എത്തിയെങ്കിലും ജീവനക്കാർ തങ്ങളുടെ നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു. തുടർന്ന് പൊലീസ് എയർലൈൻ ഓഫീസ് സീൽ ചെയ്തു.
എന്നാൽ സീൽ ചെയ്ത തുർക്കിഷ് എയർലൈൻസ് വീണ്ടും തുറന്നേക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പക്ഷെ പൊലീസ് ഈ വിവരം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വിഷയത്തെക്കുറിച്ച് തുർക്കിഷ് എയർലൈൻസിൽ നിന്നും പ്രതികരണങ്ങൾ ഒന്നും ഇത് വരെ വന്നിട്ടില്ല.
ഹിജാബ് നിർബന്ധമാക്കിയില്ലെന്ന പേരിൽ ഇറാനിയൻ അധികാരികൾ കഴിഞ്ഞ വർഷങ്ങളിൽ രാജ്യത്തുടനീളമുള്ള നൂറുകണക്കിന് ബിസിനസുകൾ ഷോപ്പുകൾ, റെസ്റ്റോറൻ്റുകൾ ഫാർമസികൾ, ഓഫീസുകൾ തുടങ്ങിയവ അടച്ചുപൂട്ടിയിട്ടുണ്ട്.
ഇറാനിലെ ഷാ ഭരണകൂടത്തിനെതിരെ ആയത്തുല്ല ഖമനേയിയുടെ നേതൃത്വത്തിൽ ഇറാൻ ഇസ്‌ലാമിസ്റ്റുകൾ നടത്തിയ 1979ലെ ഇസ്‌ലാമിക വിപ്ലവത്തെ തുടർന്നാണ് ഇറാനിൽ സ്ത്രീകൾക്ക് ഹിജാബ് നിർബന്ധമാക്കിയത്.
ശിരോവസ്ത്രം ധരിക്കാത്തതോ തെറ്റായി ധരിക്കുന്നതോ ആയ സ്ത്രീകൾക്ക് പിഴയോ തടവോ ലഭിക്കും. കഴിഞ്ഞ വർഷം, ഇറാനിയൻ എം.പിമാർ ടെഹ്‌റാനിലെ മതപരമായ വസ്ത്രധാരണ ലംഘനത്തിന് കർശനമായ ശിക്ഷകൾ നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഹിജാബ് നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ ആരെങ്കിലും ഏർപ്പെടുകയാണെകിൽ അവർക്ക് പത്ത് വർഷം വരെ തടവ് ശിക്ഷയും ലഭിക്കും.
2022ൽ, ഹിജാബ് ഉത്തരവ് ലംഘിച്ചുവെന്നാരോപിച്ച് ഇറാനിലെ സദാചാര പോലീസിൻ്റെ കസ്റ്റഡിയിലിരിക്കെ മഹ്‌സ അമിനി എന്ന 22കാരി കൊല്ലപ്പെട്ടിരുന്നു. മഹ്‌സയുടെ മരണം ഇറാനിലുടനീളം മാസങ്ങളോളം വലിയ പ്രതിഷേധത്തിന് കാരണമായി. ആയിരക്കണക്കിന് പ്രതിഷേധക്കാരെ ഇറാനിയൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Content Highlight: Turkish Airlines office closed in Iran over hijab violation – media