റിയാദ്: സമീപകാലത്ത് പൊട്ടിപ്പുറപ്പെട്ട യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഹമാസിനെയും ഇസ്രഈലിനെയും അപലപിച്ച് സൗദി രാജകുമാരനും മുന്‍ സൗദി ഇന്റലിജന്‍സ് മേധാവിയുമായ തുര്‍ക്കി അല്‍ ഫൈസല്‍. യുദ്ധത്തില്‍ നായകന്മാരില്ല എന്നും എല്ലാവരും ഇരകളാണെന്നും അദ്ദേഹം പറഞ്ഞു.
നിരപരാധികളായ കുട്ടികളെയും സ്ത്രീകളെയും വൃദ്ധരെയും കൊല്ലുന്നതും ആരാധനാലയങ്ങള്‍ നശിപ്പിക്കുന്നതും ഇസ്ലാം നിരോധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ സൗദി രാാജകുമാരന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇസ്‌ലാമിക സ്വത്വത്തിനുള്ള ഹമാസിന്റെ അവകാശവാദത്തിന് വിരുദ്ധമാണെന്നും പറഞ്ഞു.
ഹമാസ് ഇസ്രഈലിനെ ധാര്‍മികമായി സഹായിച്ചു. ഇസ്രഈല്‍ സര്‍ക്കാരിന്റെ ലക്ഷ്യങ്ങളുമായി യോജിച്ചുപോകുന്ന ഹമാസിന്റെ പ്രവര്‍ത്തനങ്ങള്‍ ഫലസ്തീന്‍ അതോറിറ്റിയെ ദുര്‍ബലപ്പെടുത്തി.
ഫലസ്തീന്‍ പ്രശ്നത്തില്‍ സമാധാനപരമായ തീരുമാനത്തിലെത്താനുള്ള സൗദി അറേബ്യയുടെ ശ്രമങ്ങളെ ഹമാസ് പരാജയപ്പെടുത്തിയെന്നും തുര്‍ക്കി അല്‍ ഫൈസല്‍ പറഞ്ഞു.
ഗസയിലെ ഫലസ്തീന്‍ പൗരന്മാര്‍ക്ക് നേരെ ഇസ്രഈല്‍ നടത്തിയ വിവേചനരഹിതമായ ആക്രമണത്തെയും അവരെ ബലം പ്രയോഗിച്ച് കുടിയിറക്കാനുള്ള ശ്രമത്തെയും തുര്‍ക്കി അല്‍ ഫൈസല്‍ ശക്തമായി അപലപിച്ചു.
‘ഫലസ്തീനികളെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങളും വിവേചനരഹിതമായ അറസ്റ്റുകളും, ഭൂമി പിടിച്ചെടുക്കലും, ഫലസ്തീന്‍ ആരാധനാലയങ്ങള്‍ക്കും വീടുകള്‍ക്കും നേരെയുള്ള അക്രമങ്ങളെയും അപലപിക്കുന്നു,’ അദ്ദേഹം പറഞ്ഞു.
അതേസമയം, ഗസയെ വളഞ്ഞാക്രമിക്കുന്നത് തടഞ്ഞ് സമാധാനത്തിലേക്കുള്ള പാത പുനഃസ്ഥാപിക്കുകയും ഫലസ്തീനികളെ അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സഹായിക്കുകയും ചെയ്യാനാണ് തന്റെ രാജ്യം ശ്രമിക്കുന്നത് സൗദിയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.
Content Highlights: Turki Al Faisal slams Hamas and Israel