തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാനെ 'ഫാസിസ്റ്റ് ഡിക്ടേറ്റര്‍' എന്ന് വിളിച്ചതിന് എം.പിക്കെതിരെ കേസ്
World
തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാനെ 'ഫാസിസ്റ്റ് ഡിക്ടേറ്റര്‍' എന്ന് വിളിച്ചതിന് എം.പിക്കെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 31st October 2017, 4:47 pm

 

 

തന്നെ “ഫാസിസ്റ്റ് ഡിക്ടേറ്റര്‍” എന്ന് വിളിച്ച പ്രതിപക്ഷ നിരയിലുള്ള പാര്‍ലമെന്റ് അംഗത്തിനെതിരെ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍ കേസ് കൊടുത്തു. റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി അംഗമായ ബുലന്ദ് ടെസ്‌കനെതിരെയാണ് കേസ്.

പാര്‍ട്ടി വക്താവ് കൂടിയായ ടെസ്‌കന്‍ തിങ്കളാഴ്ചയാണ് പ്രസിഡന്റിനെ ഏകാധിപതിയെന്ന് വിളിച്ചിരുന്നത്. വടക്കന്‍ തുര്‍ക്കിയിലെ ഒരു പ്രാദേശിക മേയര്‍ക്കെതിരെയുള്ള അധികൃതരുടെ നടപടിയെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ടെസ്‌കന്റെ പ്രസ്താവന.

പ്രസിഡന്റിനെ അപമാനിച്ചതിന് അങ്കാറ ചീഫ് പ്രോസിക്യൂട്ടര്‍ക്ക് പരാതി നല്‍കിയെന്ന് എര്‍ദോഗാന്റെ അഭിഭാഷകന്‍ ഹുസൈന്‍ അയ്ദിന്‍ പറഞ്ഞു. പ്രതിപക്ഷ എം.പിയുടെ പ്രസ്താവന ഒറ്റപ്പെട്ടതായി കാണാനാവില്ലെന്നും പ്രസിഡന്റിനെതിരായ നീക്കത്തിന്റെ ഭാഗമാണെന്നും കഴിഞ്ഞ വര്‍ഷമുണ്ടായ ഭരണകൂട അട്ടിമറിശ്രമം നടക്കുന്നതിന് മുമ്പും ഇത്തരം പ്രചരണങ്ങള്‍ ഉണ്ടായിരുന്നതായും അഭിഭാഷകന്‍ പറഞ്ഞു.

 

പ്രസിഡന്റിനെ അപമാനിക്കുന്ന കുറ്റത്തിന് തുര്‍ക്കിയില്‍ 4 വര്‍ഷം വരെ ശിക്ഷലഭിക്കാവുന്ന കുറ്റമാണ്. നിലവില്‍ പ്രസിഡന്റിനെ അപമാനിച്ചെന്ന ആരോപണത്തില്‍ 1800ഓളം പേര്‍ക്കെതിരെ എര്‍ദോഗാന്റെ അഭിഭാഷകര്‍ കേസ് കൊടുത്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ജൂലൈ 15നാണ് തുര്‍ക്കി ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമങ്ങളുണ്ടായത്.