സ്റ്റേറ്റ് ഡി ജനീവ: കളിക്കിടെ ആരാധകനെ ഭീഷണിപ്പെടുത്തിയ തുര്‍ക്കി ക്യാപ്റ്റന്‍ ചെങ്ക് ടോസുന് ചുവപ്പ് കാര്‍ഡ്. ടുണീഷ്യയ്‌ക്കെതിരായ മത്സരത്തിനിടെയായിരുന്നു ടോസുന്‍ ഗാലറിയിലിരുന്ന കാണികള്‍ക്ക് നേരെ പാഞ്ഞടുത്തത്.
രണ്ടാംപകുതിയില്‍ പെനാല്‍റ്റിയിലൂടെ തന്റെ ടീമിനെ മുന്നിലെത്തിച്ച ഉടനെയായിരുന്നു ടോസുന്റെ ഭീഷണി. മത്സരം നടക്കുന്നതിനിടെ ഗാലറിയിലിരുന്ന തന്റെ പിതാവിനെ കാണികളിലൊരാള്‍ ആക്രമിച്ചു എന്ന് തെറ്റിദ്ധരിച്ചാണ് ആരാധകനുനേരെ രോഷം പൂണ്ടതെന്ന് ടോസൂന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
“എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ലായിരുന്നു. എന്റെ പിതാവുമായി ഒരാള്‍ തര്‍ക്കത്തിലേര്‍പ്പെടുന്നതാണ് ഞാന്‍ കണ്ടത്. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. ഫുട്‌ബോളില്‍ ക്യാരക്ടര്‍ എന്നത് വളരെ പ്രധാനമാണ്. ഇനിയൊരിക്കലും ഇങ്ങനെ സംഭവിക്കില്ലെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു. മാപ്പ്.”
ഗ്യാലറിയില്‍ ടോസുന്റെ പിതാവിനടുത്ത് ഉണ്ടായിരുന്ന ആരാധകന്‍ ഗ്രൗണ്ടിലേക്ക് തീപന്തം വലിച്ചെറിയാന്‍ ശ്രമിച്ചത് താരത്തിന്റെ പിതാവ് തടയുകയായിരുന്നു. എന്നാല്‍ അത് ആരാധകന്‍ തന്റെ പിതാവിനെ ആക്രമിച്ചതാണെന്ന് ടോസുന്‍ തെറ്റിദ്ധരിക്കുകയായിരുന്നു. ഇതോടെ ലൈനിനരികിലേക്ക് പാഞ്ഞടുത്ത് ടോസുന്‍ ആരാധകനോട് രോഷം കൊള്ളുകയും കഴുത്തറുക്കുമെന്ന് ആംഗ്യം കാണിക്കുകയുമായിരുന്നു.
സഹതാരങ്ങളും ഓഫീഷ്യലുകളും താരത്തെ തടയാനൊരുങ്ങിയെങ്കിലും ടോസുന്‍ ആരെയും വകവെയ്ക്കാതെ വീണ്ടും ഭീഷണിപ്പെടുത്തുകയായിരുന്നു. മത്സരത്തില്‍ ടോസുന്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.
അതേസമയം ഇന്നലെ നടന്ന മത്സരത്തില്‍ ഇരുടീമുകളും സമനിലയില്‍ കലാശിച്ചു. രണ്ടാംപകുതിയിലാണ് ഇരുടീമുകളും ഗോള്‍ നേടിയത് (2-2). ചെങ്ക് ടോസൂന്‍ 54ാം മിനിറ്റിലും സോയുന്‍സു 90ാം മിനിറ്റിലും തുര്‍ക്കിയ്ക്കായി ഗോള്‍ നേടിയപ്പോള്‍ ടുണീഷ്യയ്‌ക്കൊയി ബദ്രിയും ഫെജ്രാനി സാസ്സിയും ഗോള്‍ നേടി.