World News
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സിറിയയ്ക്ക് സൈനിക സഹായം നല്‍കും: തുര്‍ക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 16, 09:10 am
Thursday, 16th January 2025, 2:40 pm

അങ്കാറ: സിറിയയിലെ പുതിയ വിമത സര്‍ക്കാരുമായുള്ള നയതന്ത്ര ബന്ധം ശക്തമാക്കാനൊരുങ്ങി തുര്‍ക്കി. ഇരുരാജ്യങ്ങളിലേയും വിദേശകാര്യ മന്ത്രിമാര്‍ നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക്‌ശേഷം സിറിയയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സിറിയയ്ക്ക് കൂടുതല്‍ സൈനിക സഹായം നല്‍കുമെന്ന് തുര്‍ക്കി അറിയിച്ചു.

സിറിയന്‍ വിദേശകാര്യ മന്ത്രി അസദ് ഹസന്‍ അല്‍ ഷിബാനി, സിറിയന്‍ പ്രതിരോധ മന്ത്രി മുര്‍ഹഫ് അബു ഖസ്റ, സിറിയന്‍ ഇന്റലിജന്‍സ് മേധാവി അനസ് ഹസന്‍ ഖത്താബ് എന്നിവരടങ്ങുന്ന സിറിയന്‍ പ്രതിനിധി സംഘം തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗനുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

‘ഭീകര സംഘടനകള്‍ക്കെതിരായ പോരാട്ടത്തില്‍ മൂന്നാം രാജ്യങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ ഞങ്ങള്‍ക്ക് അനുഭവസമ്പത്തുണ്ട്. പുതിയ സിറിയന്‍ ഭരണകൂടവുമായും ഞങ്ങള്‍ സമാനമായ സഹകരണം ഉണ്ടാക്കിയെടുക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.

ഇന്റലിജന്‍സ് വിഭാഗം മുതല്‍ സൈനിക ശേഷി വര്‍ധിപ്പിക്കല്‍ വരെയുള്ള മേഖലകളില്‍ സഹായിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്,’ അങ്കാറയില്‍ സിറിയന്‍ പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം തുര്‍ക്കി വിദേശകാര്യ മന്ത്രി ഹകന്‍ ഫിദാന്‍ പറഞ്ഞു.

അതേസമയം യു.എസിന്റെ പിന്തുണയുള്ള കുര്‍ദ് സംഘടനായായ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സിനോട് (എസ്.ഡി.എഫ്) സിറിയയില്‍ വിഭജനം നടത്താന്‍ അനുവദിക്കില്ലെന്ന് തുര്‍ക്കി പറഞ്ഞു.

കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയുമായി (പി.കെ.കെ) ബന്ധമുള്ള ഗ്രൂപ്പുകളുമായി ബന്ധം പുലര്‍ത്തുന്ന എസ്.ഡി.എഫിനെ ഒരു തീവ്രവാദ സംഘടനയായാണ് തുര്‍ക്കി കണക്കാക്കുന്നത്. നിലവില്‍ സിറിയയില്‍ അധികാരത്തിലിരിക്കുന്ന ഹയാത്ത് തെഹ്‌രീര്‍ അല്‍ ഷാമും എസ്.ഡി.എഫിനെ ശത്രുക്കളായാണ് കണക്കാക്കുന്നത്.

‘സിറിയന്‍ പ്രദേശത്ത് നിന്ന് തുര്‍ക്കിക്ക് നേരെയുള്ള ഭീഷണികള്‍ നീക്കം ചെയ്യുന്നതിനാണ് പുതിയ ഭരണകൂടം മുന്‍ഗണന നല്‍കുന്നത്. എല്ലാ പ്രദേശങ്ങളും കേന്ദ്ര ഭരണത്തിന് കീഴില്‍ ഭരിക്കുന്ന ഒരു ഏകീകൃത സിറിയയാണ് ഞങ്ങള്‍ വിഭാവനം ചെയ്യുന്നത്,’ സിറിയന്‍ വിദേശകാര്യ മന്ത്രി അസദ് ഹസന്‍ അല്‍ ഷിബാനി പറഞ്ഞു.

യു.എസ് അടക്കമുള്ള പാശ്ചാത്യരാജ്യങ്ങള്‍ സിറിയയില്‍ ഐ.എസിനെ പരാജയപ്പെടുത്തിയതില്‍ പ്രധാനിയായി കണക്കാക്കുന്നത് എസ്.ഡി.എഫിനെയാണ്. നിലവില്‍ ഐ.എസ് തീവ്രവാദികളേയും കുടുംബങ്ങളെയും പാര്‍പ്പിച്ച ജയിലുകള്‍ കൈകാര്യം ചെയ്യുന്നത് എസ്.ഡി.എഫ് ആണ്. എന്നാല്‍ ഇവയുടെ നടത്തിപ്പ് ഇനിമുതല്‍ പുതിയ സിറിയന്‍ ഭരണകൂടത്തിന് നല്‍കാന്‍ സഹായിക്കാം എന്നും തുര്‍ക്കി പുതിയ സര്‍ക്കാരിന് വാഗ്ദാനം നല്‍കിയിട്ടുണ്ട്.

ഡിസംബറില്‍ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ സര്‍ക്കാര്‍ തകര്‍ന്നതോടെ സിറിയയുടെ അടുത്ത പങ്കാളികളായി തുര്‍ക്കി മാറിയിരുന്നു.

എര്‍ദോഗന്റെ നിര്‍ദേശപ്രകാരം ഊര്‍ജം, ഗതാഗതം, തുടങ്ങിയ വിവിധ മേഖലകളില്‍ തുര്‍ക്കി സിറിയയെ തുടര്‍ന്നും സഹായിക്കുമെന്ന് ഫിദാന്‍ പറഞ്ഞു. ഇതിന് പുറമെ പുതിയ ഭരണകൂടത്തിന്മേല്‍ ലോകരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര ഉപരോധം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Content Highlight: Turkey will provide military aid to Syria to prevent terrorist activities