| Friday, 4th October 2024, 8:36 am

ഫലസ്തീനിലെ മാധ്യമപ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് കൊല്ലുന്ന ഇസ്രഈലിനെതിരെ നടപടിയുണ്ടാകണം: തുര്‍ക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അങ്കാറ: ഫലസ്തീനില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരെ പ്രത്യേകം ലക്ഷ്യമിട്ടുള്ള ഇസ്രഈലി സൈന്യത്തിന്റെ ആക്രമണങ്ങള്‍ക്കെതിരെ തുര്‍ക്കി. മാധ്യമ സ്വാതന്ത്ര്യത്തിന് എതിരായ ഇസ്രഈലിന്റെ നീക്കത്തില്‍ അന്താരാഷ്ട്ര സമൂഹം നടപടിയെടുക്കണമെന്ന് തുര്‍ക്കി കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഫഹ്രെറ്റിന്‍ അല്‍തുന്‍ പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള ഇസ്രഈല്‍ ആക്രമണം അന്താരാഷ്ട്ര നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്നും അല്‍തുന്‍ ചൂണ്ടിക്കാട്ടി. പൊതുജനങ്ങളിലേക്ക് യുദ്ധത്തിന്റെ വസ്തുതകള്‍ കൃത്യമായി എത്തുന്നത് തടയാനുള്ള നീക്കമാണ് ഇസ്രഈല്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിടുന്നത് എല്ലാ ജനാധിപത്യ തത്വങ്ങള്‍ക്കും എതിരാണ്. അന്താരാഷ്ട്ര നിയമത്തിന്റെ കീഴില്‍ മാധ്യമപ്രവര്‍ത്തകരെ സംരക്ഷിക്കേണ്ടതുണ്ട്,’ ഫഹ്രെറ്റിന്‍ അല്‍തുന്‍ പ്രതികരിച്ചു.

ഫലസ്തീന്‍ അനുകൂല ശബ്ദങ്ങളെ ലോകരാഷ്ട്രങ്ങള്‍ നിശബ്ദമാക്കാന്‍ ശ്രമിക്കുകയാണെന്നും അല്‍തുന്‍ പറഞ്ഞു. സംഘര്‍ഷ മേഖലകളില്‍ ജനീവ കണ്‍വെന്‍ഷന്‍ പ്രകാരമുള്ള നിര്‍ദേശങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലവിലെ കണക്കുകള്‍ പ്രകാരം ഗസയിലെ ഇസ്രഈല്‍ ആക്രമണത്തില്‍ 172 മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 36 മാധ്യമ പ്രവര്‍ത്തകരെ കാരണം കൂടാതെ സൈന്യം അറസ്റ്റ് ചെയ്തതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മാധ്യമ പ്രവര്‍ത്തകന്‍ മുസ്തഫ സവാഫിനെ ഐ.ഡി.എഫ് കൊലപ്പെടുത്തുകയും അദ്ദേഹത്തിന്റെ കുടുംബത്തിലെ 47 അംഗങ്ങളെ ലക്ഷ്യമിട്ട് ഇസ്രാഈല്‍ സൈന്യം ആക്രമണം നടത്തുകയും ചെയ്തിരുന്നു.

ഗസയിലെ മാധ്യമപ്രവര്‍ത്തകരെ പ്രത്യേകം ലക്ഷ്യമിട്ട് ഇസ്രഈലി സൈന്യമായ ഐ.ഡി.എഫ് ഒന്നിലധികം ആക്രമണം നടത്തിയിരുന്നു. കുടുംബാംഗങ്ങളെ കൊലപ്പെടുത്തുന്നത് ഉള്‍പ്പെടെ സൈന്യം മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയിരിക്കുന്നത് വലിയ ക്രൂരതകളാണ്.

ഗസയില്‍ ഏകപക്ഷീയമായ റിപ്പോര്‍ട്ടിങ് മാത്രമാണ് അനുവദിക്കുന്നതെന്ന് ഒന്നിലധികം അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഫലസ്തീനികള്‍ക്കെതിരെ ഇസ്രഈല്‍ നടത്തുന്ന അക്രമങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടിങ്ങില്‍ കൊല, കൂട്ടക്കൊല തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് റിപ്പോര്‍ട്ടര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഒക്ടോബര്‍ ഏഴിനാണ് തെക്കന്‍ ഇസ്രഈലില്‍ ഫലസ്തീന്‍ സായുധ സംഘടനായ ഹമാസ് പ്രത്യാക്രമണം നടത്തുന്നത്. തുടര്‍ന്ന് ഇസ്രഈല്‍ ഫലസ്തീനികള്‍ക്കെതിരായ അതിക്രമങ്ങള്‍ കടുപ്പിക്കുകയായിരുന്നു.

Content Highlight: Turkey wants there must be global action against Israel that specifically targets Palestinian journalists

We use cookies to give you the best possible experience. Learn more