12 വര്‍ഷത്തിന് ശേഷം ആദ്യമായി സിറിയയില്‍ എംബസി തുറന്ന് തുര്‍ക്കി
World News
12 വര്‍ഷത്തിന് ശേഷം ആദ്യമായി സിറിയയില്‍ എംബസി തുറന്ന് തുര്‍ക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th December 2024, 11:56 am

അങ്കാറ: സിറിയയില്‍ എംബസി തുറക്കുമെന്ന് ഖത്തര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഡമസ്‌കസിലെ എംബസിയുടെ പ്രവര്‍ത്തനം പുനരാരംഭിച്ച് തുര്‍ക്കി. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിറിയയില്‍ തുര്‍ക്കി എംബസി പ്രവര്‍ത്തിക്കുന്നത്.

ഇതിന്റെ ഭാഗമായി ആഫ്രിക്കന്‍ രാജ്യമായ മൗറിറ്റാനിയയിലെ തുര്‍ക്കിയുടെ അംബാസഡറായ ബുര്‍ഹാന്‍ കൊറോഗ്ലുവിനെ സിറിയന്‍ എംബസിയിലെ ആക്ടിങ് ചാര്‍ജ് ഡി അഫയേഴ്സായി നിയമിച്ചിട്ടുണ്ട്.

തുര്‍ക്കി വിദേശകാര്യ മന്ത്രിയായ ഹകന്‍ ഹിദാനാണ് ബുര്‍ഹാന്‍ കൊറോഗ്ലുവിനെ പുതിയ തസ്തികയിലേക്ക് നിയമിച്ചത്.

സിറിയയില്‍ ആഭ്യന്തരകലാപം രൂക്ഷമായതിനെത്തുടര്‍ന്ന് മറ്റ് പല രാജ്യങ്ങളെപ്പോലെ തുര്‍ക്കിയും 2012ല്‍ രാജ്യത്തെ എംബസിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. 2012 മാര്‍ച്ച് 26നാണ് തുര്‍ക്കി എംബസി അടച്ചത്.

സിറിയയുമായി 911 കിലോമീറ്റര്‍ (566 മൈല്‍) അതിര്‍ത്തി പങ്കിടുന്ന തുര്‍ക്കി, 2011 ല്‍ സിറിയയില്‍ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ബാഷര്‍ അല്‍ അസദിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തെ അട്ടിമറിക്കാനായി ശ്രമിക്കുന്നുണ്ട്. ഇതിനായി രാജ്യത്തെ പ്രതിപക്ഷ ഗ്രൂപ്പുകളെ പിന്തുണക്കുന്നവരില്‍ പ്രധാനിയുമാണ് തുര്‍ക്കി.

എന്നാല്‍ നിലവിലുണ്ടായ വിമത അട്ടിമറിയില്‍ തുര്‍ക്കി ഉദ്യോഗസ്ഥര്‍ ഇതുവരെ അവരുടെ പങ്കിനെക്കുറിച്ച് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ദീര്‍ഘകാലമായി ഇതിന് ശ്രമിക്കുന്ന തുര്‍ക്കിയുടെ സമ്മതമില്ലാതെ ഇത്തരമൊരു വിമത മുന്നേറ്റം രാജ്യത്ത് നടക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിശ്വസിക്കുന്നത്.

ആറ് മാസം മുമ്പ് അസദിന്റെ സര്‍ക്കാരിനെതിരെ ആക്രമണം നടത്താനുള്ള ശ്രമങ്ങളെക്കുറിച്ച് ‘വിമതസംഘം’തുര്‍ക്കിയെ അറിയിച്ചതായി ഒരു നയതന്ത്രജ്ഞനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തുര്‍ക്കിക്ക് പുറമെ ഖത്തറും സിറിയയിലെ അവരുടെ എംബസി പുനരാരംഭിക്കാനുള്ള താത്പര്യം അടുത്തിടെ അറിയിച്ചിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം നാളെ (ചൊവ്വാഴ്ച്ച) ഖത്തറും അവരുടെ എംബസി സിറിയയില്‍ തുറക്കും.

ഖത്തര്‍ വിദേശകാര്യമന്ത്രാലയ വക്താവും പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവുമായ ഡോ. മജിദ് അല്‍ അന്‍സാരിയാണ് എംബസി തുറക്കാനുള്ള ശ്രമങ്ങള്‍ക്ക് ഖത്തര്‍ ഭരണകൂടം തുടക്കമിട്ടതായി അറിയിച്ചത്.

അസദ് സര്‍ക്കാരിനെതിരായ പ്രക്ഷോഭം ആഭ്യന്തരയുദ്ധമായി മാറിയതിനെത്തുടര്‍ന്ന് 2011 ജൂലൈയിലാണ് ഖത്തര്‍ ഡമസ്‌കസിലെ എംബസി അടച്ചുപൂട്ടിയത്. ഇതിന് പിന്നാലെ അംബാസഡറെ തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മറ്റ് അറബ് രാജ്യങ്ങള്‍ പിന്നീട് എംബസികളുടെ പ്രവര്‍ത്തനം പുനരാരംഭിച്ചെങ്കിലും ഖത്തര്‍ ഒരിക്കലും സിറിയയിലെ എംബസി പുനഃസ്ഥാപിച്ചില്ല.

അതേസമയം നിലവില്‍ സിറിയന്‍ ജനതയ്ക്ക് ഖത്തര്‍ നല്‍കുന്ന മാനുഷിക സഹായങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി ഖത്തര്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒരു എയര്‍ ബ്രിഡ്ജ് സ്ഥാപിച്ചിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളും മരുന്നുമാണ് ഇത് വഴി കൈമാറ്റം ചെയ്യുന്നത്.

Content Highlight: Turkey to reopen their embassy in Syria after 12 years