'രക്തദാഹികളെ വെച്ചുപൊറുപ്പിക്കില്ല'; ഇസ്രഈലിനെതിരായ വംശഹത്യക്കേസില്‍ തുര്‍ക്കി കക്ഷിചേരും: എര്‍ദോഗാന്‍
World News
'രക്തദാഹികളെ വെച്ചുപൊറുപ്പിക്കില്ല'; ഇസ്രഈലിനെതിരായ വംശഹത്യക്കേസില്‍ തുര്‍ക്കി കക്ഷിചേരും: എര്‍ദോഗാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th August 2024, 3:56 pm

അങ്കാറ: അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ഇസ്രഈലിനെതിരായ വംശഹത്യാ കേസില്‍ കക്ഷിചേരാന്‍ തുര്‍ക്കിയും. പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗനാണ് ഇക്കാര്യം അറിയിച്ചത്. വംശഹത്യാ കേസില്‍ കക്ഷിചേരാന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുമെന്ന് എര്‍ദോഗാന്‍ പ്രഖ്യാപിച്ചു.

‘ഇസ്രഈലിനെതിരായ വംശഹത്യാ കേസില്‍ കക്ഷി ചേരാന്‍ ഞങ്ങളുടെ പാര്‍ലമെന്ററി നിയമസംഘം ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ബുധനാഴ്ച അപേക്ഷ സമര്‍പ്പിക്കും,’ എന്നാണ് എര്‍ദോഗാന്‍ പറഞ്ഞത്.

രക്തദാഹിയായ ഇസ്രഈലി സര്‍ക്കാര്‍ എന്തൊക്കെ ഭീഷണി ഉയര്‍ത്തിയാലും ഗസയിലെ ഫലസ്തീനികള്‍ക്ക് നല്‍കുന്ന പിന്തുണ തുര്‍ക്കിയും രാജ്യത്തെ പൗരന്മാരും അവസാനിപ്പിക്കില്ലെന്ന് എര്‍ദോഗാന്‍ വ്യക്തമാക്കി. ഇസ്രഈലിനെതിരെ പോരാടാന്‍ തുര്‍ക്കിക്ക് കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഈ ദുഷ്‌കരമായ സാഹചര്യത്തിലും നിലനില്‍പ്പിനായി ചെറുത്തുനില്‍ക്കുന്ന മനുഷ്യരോടൊപ്പം സര്‍വശക്തിയോടും കൂടി തുര്‍ക്കി നിലകൊള്ളുകയാണെന്നും എര്‍ദോഗാന്‍ കൂട്ടിച്ചേര്‍ത്തു. ഇസ്രഈലിനെ പിന്തുണക്കുന്ന യു.എസ് നിര്‍ഭാഗ്യവശാല്‍ പാശ്ചാത്യ അഭിനേതാക്കളില്‍ ഉള്‍പ്പെടുന്നുവെന്നും സയണിസ്റ്റുകളുടെ തടങ്കലിലാണെന്നും എര്‍ദോഗാന്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം ഉക്രൈന്‍-റഷ്യ യുദ്ധത്തില്‍ അപലപിക്കുന്നവര്‍ എന്തുകൊണ്ടാണ് ഗസയിലെ ഇസ്രഈലിന്റെ തിന്മകള്‍ കാണാത്തതെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി ഹക്കന്‍ ഫിദാന്‍ പറഞ്ഞിരുന്നു. അന്താരാഷ്ട്ര കോടതിയിലെ ഇസ്രഈലിനെതിരായ കേസില്‍ കക്ഷി ചേരുമെന്ന് ഫിദാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഈജിപ്ത് സന്ദര്‍ശനത്തിന് പിന്നാലെ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയ ഇറാനില്‍ കൊല്ലപ്പെട്ട സംഭവത്തിലും ഇറാനിലും ലെബനനിലുമായി ഇസ്രഈല്‍ നടത്തിയ ആക്രമണത്തിലും ഫിദാന്‍ പ്രതികരിച്ചു. കെട്ടഴിഞ്ഞിട്ടുണ്ടെങ്കില്‍ ഇസ്രഈലിന്റെ ഉടമകള്‍ സയണിസ്റ്റ് ഭരണകൂടത്തെ പിടിച്ചുവെക്കണമെന്നും ഹക്കന്‍ ഫിദാന്‍ പറഞ്ഞു. ഇസ്രഈലിന്റെ പ്രകോപനങ്ങള്‍ ഇനി സഹിക്കാന്‍ കഴിയില്ലെന്നും ഫിദാന്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം ഇസ്രഈലിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ദക്ഷിണാഫ്രിക്കക്കായാണ് വംശഹത്യാ കേസ് ഫയല്‍ ചെയ്തത്. തുടര്‍ന്ന് ജോര്‍ദാന്‍, ബൊളീവിയ, മലേഷ്യ, നമീബിയ, മാലിദ്വീപ് അടക്കമുള്ള രാജ്യങ്ങള്‍ ദക്ഷിണാഫ്രിക്കയ്ക്ക് പിന്തുണ അറിയിച്ചിരുന്നു. ഈ കേസിലാണ് തുര്‍ക്കിയും ഇപ്പോള്‍ കക്ഷിചേരാന്‍ തീരുമാനിച്ചിരിക്കുന്നത്.

തുടര്‍ന്ന് കേസ് പരിഗണിച്ച അന്താരാഷ്ട്ര കോടതി, ഇസ്രഈല്‍ റഫയിലെ സൈനിക നടപടി അവസാനിപ്പിക്കണമെന്ന് ഉത്തരവിട്ടു. ഗസയിലേക്ക് സഹായമെത്തിക്കാന്‍ റഫ അതിര്‍ത്തി തുറക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

ഒരു മാസത്തിനുള്ളില്‍ കോടതി വിധിയില്‍ ഇസ്രഈല്‍ കൈക്കൊണ്ട നടപടികള്‍ അറിയിക്കണമെന്നും ഐ.സി.ജെ ഉത്തരവില്‍ പറഞ്ഞിരുന്നു. മെയ് 24നാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ അന്താരാഷ്ട്ര കോടതിയുടെ നിര്‍ദേശമുണ്ടായിട്ടും ഇസ്രഈല്‍ ഗസയില്‍ അതിക്രമങ്ങള്‍ തുടരുകയാണ്.

Content Highlight: Turkey to join the genocide case against Israel