| Saturday, 28th March 2020, 1:44 pm

കൊവിഡ്-19: തുര്‍ക്കിയില്‍ മരണം 92; വിമാനസര്‍വീസ് നിര്‍ത്തലാക്കി എര്‍ദൊഗാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അങ്കാര: തുര്‍ക്കിയില്‍ കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 92 ആയി. 5698 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ തുര്‍ക്കിയില്‍ അന്തര്‍ദേശിയ വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കി. ഒപ്പം രാജ്യത്തിനുള്ളിലെ വിമാന സര്‍വീസുകള്‍ക്കും നിയന്ത്രണമുണ്ട്. നിയന്ത്രണങ്ങള്‍ എപ്പോള്‍ അവസാനിക്കുമെന്ന് പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാന്‍ വ്യക്തമാക്കിയിട്ടില്ല.

നിലവിലെ സാഹചര്യത്തില്‍ ക്ഷമയും ത്യാഗവും കാണിക്കാന്‍ എര്‍ദൊഗാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. തുര്‍ക്കിയിലെ സ്‌കൂളുകളും മറ്റം സ്ഥാപനങ്ങളും ഭൂരിഭാഗവും അടച്ചിട്ടിരിക്കുകയാണ്. തലസ്ഥാനമായ അങ്കാര, സാമ്പത്തിക കേന്ദ്രമായ ഇസ്താംബൂള്‍ എന്നിവിടങ്ങളിലുള്‍പ്പെടെ കര്‍ശന നിയന്ത്രണമാണുള്ളത്. പ്രായമായവര്‍ക്ക് യാത്രവിലക്കും ഏര്‍പ്പെടുത്തിയുട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ നിയമങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ എന്താണ് നടക്കുന്നതെന്ന് നമുക്ക് കാണാം. യു.എസിനെ നോക്കൂ..’ എര്‍ദൊഗാന്‍ പറഞ്ഞു.

കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം ആഗോളതലത്തില്‍ 27324 ആയി. ഇറ്റലിയില്‍ ഒറ്റ ദിവസം 969 പേര്‍ മരിച്ചു. ഇതോടെ ഇറ്റലിയില്‍ ഇതുവരെ കൊവിഡ് പിടിപെട്ട് മരിച്ചവരുടെ എണ്ണം 9134 ആയി. 86000 ത്തോളം പേര്‍ക്ക് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവ് ഉണ്ടായി. ഒരുലക്ഷത്തിനാലായിരം പേര്‍ക്കാണ് ശനിയാഴ്ച രാവിലെ വരെ അമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 1700 പേര്‍ മരിക്കുകയും ചെയ്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ മൂന്നിലൊന്ന് മരണവും സംഭവിച്ചത് ഇറ്റലിയിലാണ്. ഇറ്റലിക്കു പിന്നാലെ സ്‌പെയിനിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 4858 പേരാണ് സ്‌പെയിനില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ലോകത്താകമാനം 595800 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 131000 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.

 

We use cookies to give you the best possible experience. Learn more