അങ്കാറ: സൗദി പത്രപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ തിരോധാനത്തെ തുടര്‍ന്ന് ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ തെരച്ചില്‍ നടത്താന്‍ തുര്‍ക്കിക്ക് സൗദിയുടെ അനുമതി. തുര്‍ക്കി വിദേശ കാര്യമന്ത്രാലയമാണ് വിവരം പുറത്തുവിട്ടത്.
സൗദി കോണ്‍സുലേറ്റില്‍ ജമാല്‍ പ്രവേശിച്ചതിന് ശേഷം തിരിച്ചിറങ്ങിയിട്ടില്ലെന്ന സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം തെരച്ചില്‍ നടത്താന്‍ ഉത്തരവ് വാങ്ങിയത്.
ALSO READ: ഖഷോഗ്ജിയുടെ തിരോധാനം; സൗദിയെ പിന്തുണച്ച് കുവൈത്ത്
രണ്ടാഴ്ച മുമ്പാണ് ജമാല്‍ വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട് കോണ്‍സുലേറ്റില്‍ പ്രവേശിക്കുന്നത്. ശേഷം അദ്ദേഹത്തെ കുറിച്ച് യാതൊരു വിവരവുമില്ല. കോണ്‍സുലേറ്റില്‍ വെച്ചുതന്നെ അദ്ദേഹം കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണ് തുര്‍ക്കിയുടെ പ്രാഥമിക നിഗമനം.
നാടുകടത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി അമേരിക്കയിലാണ് ജമാല്‍ താമസിക്കുന്നത്. ഖത്തറിനെതിരെ സൗദിയുടെ നീക്കത്തേയും യമനിലെ സൗദിയുടെ ഇടപെടലിനേയും ഖഷോഗ്ജി ശക്തമായി വിമര്‍ശിച്ചിരുന്നു.
അതേസമയം പത്രപ്രവര്‍ത്തകന്റെ തിരോധാനത്തില്‍ സൗദിയുടെ പങ്ക് തെളിഞ്ഞാല്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു.