ഇസ്താംബൂള്‍: ഉക്രൈനും റഷ്യയും തമ്മില്‍ ധാന്യ കയറ്റുമതി കരാറില്‍ ഒപ്പുവെക്കുമെന്ന് വ്യക്തമാക്കി തുര്‍ക്കി. ഇരു രാജ്യങ്ങളും തമ്മില്‍ വെള്ളിയാഴ്ച കരാറില്‍ ഒപ്പുവെക്കുമെന്നാണ് തുര്‍ക്കി പറഞ്ഞത്.
ഉക്രൈനില്‍ നിന്നുള്ള ധാന്യം കരിങ്കടലിലൂടെ പുറംരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത് പുനരാരംഭിക്കാന്‍ അനുമതി ലഭിക്കുന്നതിനാണ് റഷ്യയുമായി കരാറിലെത്തിയതായി തുര്‍ക്കി പറഞ്ഞു.
ഉക്രൈന്റെയും റഷ്യയുടെയും പ്രതിനിധികള്‍ക്ക് പുറമെ തുര്‍ക്കിയും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസും ഇസ്താംബൂളില്‍ വെച്ച് കരാറില്‍ ഒപ്പുവെക്കും.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഉക്രൈനില്‍ റഷ്യ അധിനിവേശം ആരംഭിച്ചത് കാരണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ലോകത്തെ ഏറ്റവു വലിയ ഗോതമ്പ് കയറ്റുമതി രാജ്യങ്ങള്‍ കൂടിയായ ഉക്രൈനും റഷ്യക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തത് ഗോതമ്പ് കയറ്റുമതിയെയും അതുവഴി ലോകത്തെ ഭക്ഷ്യസുരക്ഷയെയും തന്നെ മോശമായി ബാധിച്ചിരുന്നു.