World News
'ലോകം അഞ്ചിനേക്കാള്‍ വലുതാണ്'; ഗസയില്‍ പരാജയപ്പെട്ട യു.എന്നിനെയും അഞ്ച് സ്ഥിരാംഗങ്ങളെയും വിമര്‍ശിച്ച് തുര്‍ക്കി വൈസ് പ്രസിഡന്റ്
അങ്കാറ: ഗസയിലെ ഫലസ്തീനികള്‍ക്ക് നേരെ ഇസ്രഈലി ഭരണകൂടം നടത്തുന്ന അനീതികള്‍ അന്താരാഷ്ട്ര സമൂഹം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് തുര്‍ക്കി വൈസ് പ്രസിഡന്റ് സെവ്‌ഡെറ്റ് യില്‍മാസ്. ഗസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിലും ഇസ്രഈലിന്റെ ബോംബാക്രമണങ്ങള്‍ തടയുന്നതിലും ഐക്യരാഷ്ട്ര സഭ പരാജയപ്പെട്ടുവെന്ന് സെവ്‌ഡെറ്റ് യില്‍മാസ് വിമര്‍ശനം ഉയര്‍ത്തി. ഉഗാണ്ടയില്‍ നടന്ന ചേരിചേരാ പ്രസ്ഥാനത്തിന്റെ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐക്യരാഷ്ട്ര സഭയുടെ പരാജയം ഒരു വെല്ലുവിളിയാണെന്നും സംഘടനയെ ശക്തിപ്പെടുത്തുന്നതിനായി ആത്മപരിശോധന നടത്തേണ്ടതുണ്ടെന്നും തുര്‍ക്കി വൈസ് പ്രസിഡന്റ് പറഞ്ഞു. യു.എന്‍ ഏജന്‍സികള്‍ക്കുളില്‍ ഒരു നവീകരണം നിലവില്‍ അത്യാവശ്യമാണെന്നും സെവ്‌ഡെറ്റ് യില്‍മാസ് കൂട്ടിച്ചേര്‍ത്തു.
ലോകം അഞ്ചിനേക്കാള്‍ വലുതാണെന്ന് യു.എന്‍ രക്ഷാസമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങളായ ചൈന, ഫ്രാന്‍സ്, റഷ്യ, യു.കെ, യു.എസ് തുടങ്ങിയ രാജ്യങ്ങളെ പരിഹസിച്ചുകൊണ്ട് സെവ്‌ഡെറ്റ് യില്‍മാസ് പറഞ്ഞു. വിവിധ അന്താരാഷ്ട്ര പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭ പുറത്തിറക്കിയതും പ്രഖ്യാപിച്ചതുമായ നിര്‍ണായക പ്രമേയങ്ങളെ തടയാന്‍ ഈ രാജ്യങ്ങള്‍ക്ക് കഴിയുമെന്ന വസ്തുതയെ യില്‍മാസ് ശക്തമായി വിമര്‍ശിച്ചു.
പ്രസ്ഥാനം സമാധാനപരവും നീതിപരവും വിശ്വസനീയവുമായ അന്തര്‍ദേശീയ സമാധാനത്തിന് വേണ്ടി നിലകൊള്ളുന്ന സ്ഥാപനമാണെന്നും യില്‍മാസ് ചൂണ്ടിക്കാട്ടി. വര്‍ഷങ്ങളോളം ലോകം നിരവധി അതിക്രമങ്ങള്‍ക്കും അക്രമാസക്തമായ സംഘര്‍ഷങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും എന്നാല്‍ ഗസയിലെ ഇസ്രഈല്‍ ആക്രമണം വിവേചനപരവും ക്രൂരതയുമാണെന്നും അദ്ദേഹം പറഞ്ഞു.
ഉഗാണ്ടയില്‍ നടന്ന ചേരിചേരാ പ്രസ്ഥാനത്തിന്റെ 19-ാമത് ഉച്ചകോടിയില്‍ 123 രാജ്യങ്ങളില്‍ നിന്നുള്ള രാഷ്ട്രത്തലവന്മാര പങ്കെടുത്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിലവിലെ കണക്കുകള്‍ നിലവിലെ കണക്കുകള്‍ ഗസയിലെ ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഫലസ്തീനികളുടെ മരണസംഖ്യ 24,700 ആയി വര്‍ധിച്ചുവെന്നും 61,830 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വ്യക്തമാക്കുന്നു.
Content Highlight: Turkey’s vice president criticizes the UN and five permanent members who failed in Gaza