പറഞ്ഞ സമയത്തിനുള്ളില്‍ മേഖല വിട്ടില്ലെങ്കില്‍ തലയുണ്ടാവില്ലെന്ന് കുര്‍ദിഷ് സേനയോട്‌ എര്‍ദൊഗന്‍; വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും ശാന്തമാകാതെ സിറിയ
World
പറഞ്ഞ സമയത്തിനുള്ളില്‍ മേഖല വിട്ടില്ലെങ്കില്‍ തലയുണ്ടാവില്ലെന്ന് കുര്‍ദിഷ് സേനയോട്‌ എര്‍ദൊഗന്‍; വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും ശാന്തമാകാതെ സിറിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th October 2019, 12:34 pm

അങ്കാര: വടക്കന്‍ സിറിയയില്‍ കുര്‍ദിഷ് സേനയ്ക്കു നേരെ തുര്‍ക്കി നടത്തുന്ന സൈനികആക്രമണത്തില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ നടപ്പിലാക്കിയിട്ടും ശാന്തമാകാതെ മേഖല. 120 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഈ സമയത്തിനുള്ളില്‍ സുരക്ഷിത മേഖലയില്‍ നിന്ന് കുര്‍ദിഷ് സേന പിന്‍മാറാത്ത പക്ഷം എവിടെയാണോ തങ്ങള്‍ നിര്‍ത്തിവെച്ചത് അവിടെ നിന്ന് വീണ്ടും തുടങ്ങുമെന്നും കുര്‍ദ് സേനയുടെ തല തകര്‍ക്കുമെന്നും തുര്‍ക്കി പ്രസിഡന്റ് റെജപ് തയിപ് എര്‍ദൊഗാന്റെ ഭീഷണി. കഴിഞ്ഞ ദിവസം തുര്‍ക്കിയിലെ ടെലിവിഷന്‍ പ്രസംഗത്തിലൂടെയാണ് എര്‍ദൊഗന്‍ ഇക്കാര്യം പറഞ്ഞത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതിനിടെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും മേഖലയില്‍ പലയിടങ്ങളിലായി തുര്‍ക്കി സേനയും കുര്‍ദ് സേനയും പരസ്പരം ആക്രമണം നടത്തുന്നതായി റിപ്പോര്‍ട്ട് വന്നിരുന്നു.

കുര്‍ദുകളുടെ നേതൃത്വത്തിലുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോര്‍സ് 36 മണിക്കൂറിനുള്ളില്‍ 14 തവണ തങ്ങള്‍ക്കെതിരെയായി ആക്രമണം നടത്തിയതായി തുര്‍ക്കി പ്രതിരോധ മന്ത്രാലയം അരോപിച്ചിരുന്നു.

അതേ സമയം തുര്‍ക്കിയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതെന്ന് കുര്‍ദിഷ് സേനയും പറഞ്ഞു.
ഉപരോധമുള്ള നഗരങ്ങളില്‍ നിന്ന് പരിക്കേറ്റവരെയും മറ്റും ഒഴിപ്പിക്കുന്നതിന് സുരക്ഷിത മാര്‍ഗം തീര്‍ക്കുന്നതില്‍ തുര്‍ക്കി സൈന്യം പരാജയപ്പെട്ടെന്നും എസ്.ഡി.എഫ് ആരോപിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ ദിവസമാണ് യു.എസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ നേതൃത്വത്തില്‍ തുര്‍ക്കി സൈന്യവും സിറിയന്‍ കുര്‍ദിഷ് സേനയും തമ്മില്‍ മധ്യസ്ഥത ചര്‍ച്ച നടന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ് അഞ്ച് ദിവസത്തേക്ക് വെടി നിര്‍ത്തല്‍ ഫ്രഖ്യാപിച്ചത്. ബ്രിട്ടന്‍ ആസ്ഥാനമായുള്ള സിറിയന്‍ ഒബ്‌സെര്‍വേറ്ററി ഓഫ് ഹ്യൂമണ്‍ റൈറ്റ്‌സ് എന്ന സംഘടനയുടെ കണക്കു പ്രകാരം തുര്‍ക്കിയുടെ ആക്രമണത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 86 ആയി ഉയര്‍ന്നിട്ടുണ്ട്. പത്ത്് ദിവസം പിന്നിട്ട സിറിയന്‍ കുര്‍ദ്- തുര്‍ക്കി ആക്രമണത്തെ തുടര്‍ന്ന് മൂന്ന് ലക്ഷത്തോളം പേര്‍ വടക്കന്‍ സിറിയയിലെ റസ് അല്‍ ഐനില്‍ നിന്നും പാലായനം ചെയ്യപ്പെട്ടിട്ടുണ്ട്.