ഇസ്താംബൂള്‍: തുര്‍ക്കി പ്രസിഡന്റ് റജബ്ബ് ത്വയിബ് എര്‍ദോഗന്‍ സൗദി സന്ദര്‍ശനത്തിനൊരുങ്ങുന്നു. ഫെബ്രുവരിയിലാണ് എര്‍ദോഗന്റെ സൗദി സന്ദര്‍ശനം.
സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജി 2018ല്‍ ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് കൊല്ലപ്പെട്ടതിന് ശേഷം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വലിയ രീതിയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിന് ശേഷം എര്‍ദോഗന്‍ നടത്തുന്ന ആദ്യ സൗദി സന്ദര്‍ശനമാണിത്.
എര്‍ദോഗന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
”അവര്‍ എനിക്ക് വേണ്ടി കാത്തിരിക്കുകയാണ്. അവര്‍ എന്നെ സൗദി അറേബ്യയില്‍ പ്രതീക്ഷിക്കുന്നുണ്ട്.
സൗദിക്കും തുര്‍ക്കിക്കുമിടയിലെ വ്യാപാരബന്ധങ്ങള്‍ക്ക് എര്‍ദോഗന്‍ സൗദിയുമായി നടത്തുന്ന ചര്‍ച്ച നിര്‍ണായകമാവുമെന്നാണ് വിലയിരുത്തല്‍.
2018 ഒക്ടോബര്‍ രണ്ടിനായിരുന്നു തുര്‍ക്കി നഗരമായ ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് ഖഷോഗ്ജി കൊല്ലപ്പെട്ടത്. സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഏര്‍പ്പെടുത്തിയ ആളുകളാണ് ഖഷോഗ്ജിയെ കൊലപ്പെടുത്തിയതെന്നാണ് സി.ഐ.എ അടക്കം റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
മുഹമ്മദ് ബിന്‍ സല്‍മാന്റെയും സൗദി ഭരണകൂടത്തിന്റെയും കടുത്ത വിമര്‍ശകനായിരുന്നു ഖഷോഗ്ജി.
ഖഷോഗ്ജിയുടെ വധത്തില്‍ തുര്‍ക്കി അന്വേഷണവും ആരംഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സൗദി-തുര്‍ക്കി ബന്ധം വഷളായത്. അന്വേഷണം ഉപേക്ഷിക്കാന്‍ തുര്‍ക്കിക്ക് മേല്‍ സൗദിയുടെ കടുത്ത സമ്മര്‍ദ്ദവുമുണ്ടായിരുന്നു.
തുര്‍ക്കിയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കുകയാണെന്ന് സൗദിയിലെ ബിസിനസുകാര്‍ അനൗദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഇത് കാരണം തുര്‍ക്കിയുടെ സൗദി കയറ്റുമതിയില്‍ 90 ശതമാനം ഇടിവുണ്ടായിരുന്നു.