അങ്കാറ: തുര്‍ക്കിയില്‍ നിലവിലെ പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദൊഗാന്‍ അധികാരം നിലനിര്‍ത്തി. എര്‍ദൊഗാന്‍ 52 ശതമാനത്തിലേറെ വോട്ടുമായി അധികാരം ഉറപ്പിച്ചതായി തുര്‍ക്കി സുപ്രീം ഇലക്ഷന്‍ കൗണ്‍സില്‍ മേധാവി പ്രഖ്യാപിച്ചു.
ഇന്ന് നടന്ന ഫേസ് ഓഫ് തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ അവസാനിക്കുമ്പോള്‍ 52.1 ശതമാനം വോട്ടുകളാണ് എര്‍ദൊഗാന് ലഭിച്ചതെന്നും എതിരാളിയായ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി കമാല്‍ കിലിക്ദാറോഗ്ലുവിന് 47.9 ശതമാനം വോട്ടുകളാണ് ലഭിച്ചത്. അങ്കാറയിലെ കൊട്ടാരത്തിന് മുന്നില്‍ എര്‍ദൊഗാന്റെ അണികള്‍ ദേശീയ പതാകകളുമേന്തി ആഘോഷങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു.
തനിക്ക് വോട്ട് ചെയ്ത് സമാധാനത്തിനും പുരോഗതിക്കും ഒപ്പം നിന്ന മുഴുവന്‍ ജനതയ്ക്കും നന്ദി അറിയിക്കുന്നതായി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദൊഗാന്‍ പറഞ്ഞു. ഫലപ്രഖ്യാപനത്തിന് പിന്നാലെ അങ്കാറയിലെ കൊട്ടാരത്തിന് മുന്നില്‍ തടിച്ചുകൂടിയ പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഈ തെരഞ്ഞെടുപ്പില്‍ ജയിച്ചത് 85 മില്യണ്‍ വരുന്ന തുര്‍ക്കിയിലെ ജനങ്ങളാണ്. ഈ തെരഞ്ഞെടുപ്പ് രാഷ്ട്രത്തോടുള്ള എന്റെ കൂറും സ്‌നേഹവും സത്യമാണെന്ന് തെളിയിക്കുന്നതാണ്. രാജ്യത്തിന്റെ ജനാധിപത്യം കൂടുതല്‍ ശക്തിപ്പെടുത്തും. എന്റെ ജനതയോടുള്ള ഉത്തരവാദിത്തം മരണം വരെ നിറവേറ്റും.
ഒരാള്‍ക്കും തുര്‍ക്കിയെ ഭയപ്പെടുത്താനാകില്ല. തുര്‍ക്കി നേടിയ നേട്ടങ്ങളെ അട്ടിമറിക്കാന്‍ ഒരാള്‍ക്കുമാകില്ല. തുര്‍ക്കിയിലെ ജനത ഉരുക്കിന്റെ ഒറ്റക്കെട്ടായി അതിനെ ചെറുക്കും. ലിബിയ, ഉസ്‌ബെക്കിസ്ഥാന്‍, പാകിസ്ഥാന്‍, ഖത്തര്‍ എന്നിവിടങ്ങളിലെ നേതാക്കളുടെ പിന്തുണയ്ക്കും നന്ദി,’ എര്‍ദൊഗാന്‍ പറഞ്ഞു.
തുര്‍ക്കിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തിയ നേതാവാണ് എര്‍ദൊഗാന്‍. 69കാരനായ എര്‍ദൊഗാന്‍ 20 വര്‍ഷം മുമ്പാണ് തുര്‍ക്കിയില്‍ അധികാരത്തിലെത്തുന്നത്. പണപ്പെരുപ്പത്തിന്റെ ദുരിതത്തില്‍ നിന്ന് രാജ്യത്തെ അദ്ദേഹം കരകയറ്റി.
അദ്ദേഹത്തിന്റെ ജയത്തോടെ തുര്‍ക്കിയിലെ 85 ദശലക്ഷം ജനങ്ങളുടെ ജീവിതനിലവാരം ഉയരുകയും വളരെക്കാലത്തിന് ശേഷം സാമ്പത്തികമായ കുതിച്ചുചാട്ടം ഉണ്ടാവുകയും ചെയ്തു. 2016ല്‍ ഉജ്വലമായ തെരഞ്ഞെടുപ്പ് വിജയങ്ങള്‍ നേടുകയും അട്ടിമറി ശ്രമത്തെ അതിജീവിക്കുകയും ചെയ്തിരുന്നു.
മെയ് 15ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ എ.കെ.പി സ്ഥാനാര്‍ത്ഥിയായ എര്‍ദൊഗാന്‍ 49.50 ശതമാനം വോട്ടുകള്‍ സ്വന്തമാക്കിയെങ്കിലും പകുതി വോട്ടുകള്‍ എന്ന മാര്‍ക്ക് മറികടക്കാനായിരുന്നില്ല. ഭരണകക്ഷിയായ ഏ.കെ പാര്‍ട്ടി ഇത്തവണ ദേശീയവാദത്തെ പിന്തുണക്കുന്ന എം.എച്ച്.പിയെയും സഖ്യകക്ഷിയായി കൂടെ കൂട്ടിയിരുന്നു.
അന്ന് പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ (സി.എച്ച്.പി) നേതാവ് കെമാല്‍ കിലിക്ദറോഗ്ലു കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. കിലിക്ദറോഗ്ലു 44.89 ശതമാനം വോട്ടുകള്‍ നേടി രണ്ടാമതെത്തുകയായിരുന്നു.
content highlights: Turkey’s Erdogan re-elected president: State media