| Wednesday, 27th December 2023, 8:50 pm

നെതന്യാഹു, നിങ്ങളും ഹിറ്റ്ലറും തമ്മിൽ എന്താണ് വ്യത്യാസം?: തുർക്കി പ്രസിഡന്റ്‌ എർദോഗൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

അങ്കാറ: ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അഡോൾഫ് ഹിറ്റ്ലറും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്ന് തുർക്കി പ്രസിഡന്റ്‌ റജബ് തയ്യിബ് എർദോഗൻ.

‘നിങ്ങളും (നെതന്യാഹു) ഹിറ്റ്ലറും തമ്മിൽ എന്താണ് വ്യത്യാസം? ഈ നടപടികളെല്ലാം ഹിറ്റ്ലറെ അനുസ്മരിപ്പിക്കുന്നതാണ്. ഹിറ്റ്ലർ ചെയ്യുന്നതിൽ കുറഞ്ഞതെന്തെങ്കിലും നെതന്യാഹു ചെയ്തിട്ടുണ്ടോ? ഇല്ല,’ എർദോഗനെ ഉദ്ധരിച്ചുകൊണ്ട് അന്തോലു ഏജൻസി റിപ്പോർട്ട് ചെയ്തു.

ജനാധിപത്യത്തിന്റെ അപ്പോസ്തലന്മാരായ യു.എൻ രക്ഷാ സമിതിയും പ്രസ് ഓർഗനൈസേഷനും യൂറോപ്യൻ യൂണിയനും ഗസയുടെ കാര്യത്തിൽ പരാജയപ്പെട്ടുവെന്നും എർദോഗൻ പറഞ്ഞു.

ഇത് ആദ്യമായല്ല എർദോഗൻ ഇസ്രഈലിനെ നാസി ജർമനിയുമായി താരതമ്യം ചെയ്യുന്നത്. 2014ൽ ഗസയിലെ ഇസ്രഈൽ യുദ്ധത്തെ തുടർന്ന്, ‘ഇസ്രഈൽ ഹിറ്റ്ലറുടെ ആത്മാവിനെ നിലനിർത്തുകയാണ്’ എന്ന് എർദോഗൻ കുറ്റപ്പെടുത്തിയിരുന്നു.

ഒക്ടോബറിൽ എർദോഗൻ ഇസ്രഈലിനെതിരെ യുദ്ധക്കുറ്റം ആരോപിച്ചതിനെ തുടർന്ന് തുർക്കിയിൽ നിന്ന് ഇസ്രഈൽ നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിച്ചിരുന്നു. പിന്നീട് തുർക്കിയും ഇസ്രഈലിൽ നിന്ന് അംബാസിഡറെ തിരികെ വിളിച്ചു.

അതേസമയം എർദോഗന്റെ വിമർശനത്തിന് മറുപടിയുമായി നെതന്യാഹുവും രംഗത്ത് വന്നു. കുർദ് വംശജരെ കൊന്നൊടുക്കുന്ന, ഭരണകൂടത്തെ എതിർക്കുന്ന മാധ്യമപ്രവർത്തകരെ ജയിലിലടക്കുന്നതിന് ലോക റെക്കോഡുള്ള എർദോഗന് ധാർമിക പ്രസംഗം നടത്താൻ യാതൊരു അർഹതയുമില്ലെന്ന് നെതന്യാഹു കുറ്റപ്പെടുത്തി.

ലോകത്തെ ഏറ്റവും ക്രൂരമായ തീവ്രവാദ സംഘടനയായ ഹമാസിനെതിരെ പോരാടുന്ന ഐ.ഡി.എഫാണ് ലോകത്തെ ഏറ്റവും ധാർമികതയുള്ള സേനയെന്നും നെതന്യാഹു പറഞ്ഞു.

Content Highlight: Turkey’s Erdogan: ‘No difference between the actions of Netanyahu and Hitler’

We use cookies to give you the best possible experience. Learn more