| Monday, 21st November 2022, 11:18 am

'രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കും വരെ കൂടിക്കാഴ്ചക്കില്ലെ'ന്ന നിലപാടിന്റെ മഞ്ഞുരുകിയോ? ലോകകപ്പ് വേദിയില്‍ വെച്ച് ആദ്യമായി കണ്ടുമുട്ടി എര്‍ദോഗനും സിസിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദോഹ: ഖത്തര്‍ ലോകകപ്പ് വേദിയില്‍ വെച്ച് ആദ്യമായി പരസ്പരം കണ്ടുമുട്ടി തുര്‍ക്കി പ്രസിഡന്റ് റജബ് തയിബ് എര്‍ദോഗനും (Recep Tayyip Erdogan) ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദെല്‍ ഫത്ത എല്‍ സിസിയും (Abdel Fattah el Sisi).

ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിന് മുന്നോടിയായി ഞായറാഴ്ച തലസ്ഥാനമായ ദോഹയിലെ അല്‍ ബൈത് സ്‌റ്റേഡിയത്തിന് സമീപം വെച്ചായിരുന്നു ഇരു നേതാക്കളും കണ്ടത്.

എര്‍ദോഗനും സിസിയും പരസ്പരം ഹസ്തദാനം ചെയ്യുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ താനിയും (Tamim bin Hamad Al Thani) ഈ സമയത്ത് ഇവര്‍ക്ക് സമീപമുണ്ടായിരുന്നു.

ഈജിപ്തും തുര്‍ക്കിയും തമ്മിലുള്ള ബന്ധം കഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി വഷളായിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഇരു രാജ്യത്തിന്റെയും തലവന്മാരുടെ ‘കൈ കൊടുക്കല്‍’ എന്നതും ശ്രദ്ധേയമാണ്.

ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഈജിപ്തിലെ ആദ്യത്തെ പ്രസിഡന്റായിരുന്ന മൊഹമദ് മൊര്‍സിയെ (Mohamed Morsi) 2013ല്‍ പട്ടാള അട്ടിമറിയിലൂടെ സ്ഥാനത്ത് നിന്നും പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ 2014ലായിരുന്നു സിസി പ്രസിഡന്റായി ചുമതലയേറ്റത്.

എന്നാല്‍ സിസിയെ ഈജിപ്തിന്റെ പ്രസിഡന്റിയാ തുര്‍ക്കി അംഗീകരിച്ചിരുന്നില്ല.

രാജ്യത്തെ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുന്നത് വരെ സിസിയുമായി കൂടിക്കാഴ്ച നടത്തില്ലെന്ന് 2019ല്‍ എര്‍ദോഗന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. വിവിധ മനുഷ്യാവകാശ സംഘടനകളുടെ കണക്കുകള്‍ പ്രകാരം 65,000 രാഷ്ട്രീയ തടവുകാരാണ് ഈജിപ്തിലുള്ളത്.

”ഇങ്ങനെയൊരു വ്യക്തിയുമായി ഞാന്‍ ഒരിക്കലും കൂടിക്കാഴ്ച നടത്തില്ല. ആദ്യം എല്ലാ തടവുകാരെയും പൊതുമാപ്പ് നല്‍കിക്കൊണ്ട് അദ്ദേഹം മോചിപ്പിക്കട്ടെ.

അദ്ദേഹം അത് ചെയ്യാത്തിടത്തോളം കാലം ഞങ്ങള്‍ക്ക് സിസിയുമായി കൂടിക്കാഴ്ച നടത്താനാവില്ല,” എന്നായിരുന്നു എര്‍ദോഗന്‍ അന്ന് പറഞ്ഞിരുന്നത്.

അതേസമയം, എര്‍ദോഗനും സിസിക്കും പുറമെ മറ്റ് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളുടെ നേതാക്കളും ഖത്തര്‍ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

ജോര്‍ദാനിലെ അബ്ദുല്ല രാജാവ് (King Abdullah II), സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍, അള്‍ജീരിയയുടെ പ്രസിഡന്റ് അബ്ദുല്‍മദ്ജിദ് ടെബൗണ്‍ (Abdelmadjid Tebboune) ഫലസ്തീനിയന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് (Mahmoud Abbas) എന്നിവരായിരുന്നു ചടങ്ങില്‍ പങ്കെടുത്ത മറ്റ് രാജ്യത്തലവന്മാര്‍.

ഖത്തര്‍ പതാകയുടെ നിറങ്ങളുള്ള ശിരോവസ്ത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്ത സമയത്ത് എം.ബി.എസ് ധരിച്ചിരുന്നത്.

Content Highlight: Turkey’s Erdogan and Egypt’s Sisi meet for the first time during Qatar world cup opening ceremony

We use cookies to give you the best possible experience. Learn more