| Monday, 6th January 2025, 1:31 pm

തുര്‍ക്കിയിലെ ഊര്‍ജപദ്ധതി നീണ്ടുപോകുന്നു; സീമെൻസിനെതിരെ കേസെടുക്കാന്‍ റഷ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്‌കൊ: ഊര്‍ജ പദ്ധതിക്കുള്ള ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതില്‍ പരാജയപ്പെട്ടതോടെ ജര്‍മനിക്കെതിരെ കേസെടുക്കാന്‍ റഷ്യന്‍ ആണവഭീമന്‍.

അക്കുയു പവര്‍ പ്ലാന്റിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യുന്നതിലാണ് ജര്‍മന്‍ കമ്പനി പരാജയപ്പെട്ടത്. റോസാറ്റം (Russian state corporation that specializes in nuclear energy) ആണ് ജര്‍മന്‍ കമ്പനിക്കെതിരെ നടപടി സ്വീകരിക്കുക.

ജര്‍മന്‍ കമ്പനിയായ സീമെന്‍സിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സ്ഥാപനം പ്രീപെയ്ഡ് ഉപകരണങ്ങള്‍ വിതരണം ചെയ്തില്ലെന്നും റോസാറ്റം സി.ഇ.ഒ അലക്‌സി ലിഖാചേവ് പറഞ്ഞു.

ജര്‍മനിയില്‍ നിന്ന് ഡെലിവറി ചെയ്ത ഉപകരണങ്ങള്‍ക്ക് മേല്‍ റഷ്യ അധിക ചെലവ് വഹിക്കേണ്ടി വന്നുവെന്നും അലക്‌സി പ്രതികരിച്ചു. റഷ്യ 24 ടി.വി ചാനലിന് നല്‍കിയ അഭിമുഖത്തത്തിലാണ് ലിഖാചേവിന്റെ പരാമര്‍ശം.

ബദല്‍ ഉപകരണങ്ങള്‍ക്കായി ചൈനയുടെ സഹായം തേടിയിട്ടുണ്ടെന്നും ബംഗ്ലാദേശിലും ഈജിപ്തിലും സമാനമായ പദ്ധതികള്‍ പുരോഗമിക്കുന്നുണ്ടെന്നും അലക്‌സി പറഞ്ഞു.

തുര്‍ക്കിയും റഷ്യയും തമ്മിലുള്ള 2010ലെ കരാറിന്റെ അടിസ്ഥാനത്തിലുള്ളതാണ് അക്കുയു പദ്ധതി. നടപടികള്‍ പൂര്‍ത്തിയായാല്‍ തുര്‍ക്കിയുടെ തെക്കന്‍ മെര്‍സിന്‍ പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന അക്കുയു രാജ്യത്തെ ആദ്യത്തെ ആണവനിലയമായി മാറും.

ആണവനിലയം പ്രവര്‍ത്തനക്ഷമമായാല്‍ തുര്‍ക്കിയിലെ വൈദ്യുതി ആവശ്യത്തിന്റെ 10 ശതമാനം നികത്താന്‍ റഷ്യക്ക് സാധിക്കും. 1200 മെഗാവാട്ട് ശേഷിയുള്ള നൂതന റഷ്യന്‍ VVER-1200 റിയാക്ടറുകളുള്ള നാല് പവര്‍ യൂണിറ്റുകളാണ് പ്രവര്‍ത്തനക്ഷമമാക്കേണ്ടത്.

റഷ്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താനാണ് ജര്‍മനി ശ്രമിക്കുന്നതെങ്കില്‍ അത് തുര്‍ക്കിയെയും ബാധിക്കുമെന്ന് ഊര്‍ജമന്ത്രി അല്‍പാല്‍സ്‌ലാന്‍ ബൈരക്തര്‍ പറഞ്ഞു.

റഷ്യ-ഉക്രൈന്‍ സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെ യൂറോപ്യന്‍ യൂണിയനും യു.എസും റഷ്യക്ക് നേരെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഈ ഉപരോധങ്ങളെ തുര്‍ക്കി ശക്തമായി എതിര്‍ക്കുകയും ചെയ്തിരുന്നു.

Content Highlight: Turkey’s energy project drags on; Russia to sue German company

We use cookies to give you the best possible experience. Learn more