Advertisement
നിസ്സഹരണം തുടര്‍ന്ന് തുര്‍ക്കി; ഇസ്രഈല്‍ പ്രസിഡന്റിന് വ്യോമപാത നിഷേധിച്ചു
World News
നിസ്സഹരണം തുടര്‍ന്ന് തുര്‍ക്കി; ഇസ്രഈല്‍ പ്രസിഡന്റിന് വ്യോമപാത നിഷേധിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Nov 19, 04:03 am
Tuesday, 19th November 2024, 9:33 am

അങ്കാറ: ഗസയില്‍ വംശഹത്യ തുടരുന്ന ഇസ്രഈലുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഇസ്രഈല്‍ പ്രസിഡന്റിന് വ്യോമപാത നിഷേധിച്ച് തുര്‍ക്കി. ഇസ്രഈല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗിന് COP29ന് പങ്കെടുക്കുന്നതിനായി വിമാനം കടന്ന് പോകാനുള്ള വ്യോമപാത നിഷേധിച്ചാണ് തുര്‍ക്കി പ്രതിഷേധം ശക്തമാക്കിയത്.

ഇതേത്തുടര്‍ന്ന് ഹെര്‍സോഗിന് അസര്‍ബൈജാനില്‍ നടന്ന കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സുരക്ഷാ കാരണങ്ങളാലാണ് ഉച്ചകോടിയില്‍ പങ്കെടുക്കാത്തതെന്നാണ് ഇസ്രഈല്‍ പരിസ്ഥിതി മന്ത്രാലയം ഈ വിഷയത്തില്‍ വിശദീകരണം നല്‍കിയത്.

പ്രസിഡന്റിന്റെ വിമാനം വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കാന്‍ തുര്‍ക്കി വിസമ്മതിച്ചതിനാല്‍ ഇസ്രഈല്‍ പ്രസിഡന്റ് യാത്ര റദ്ദാക്കിയതായി ഞായറാഴ്ച അസര്‍ബൈജാനിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വൈ നെറ്റ് പ്രതികരിച്ചു. കോണ്‍ഫറന്‍സിലെ ബാക്കിയുള്ള ഇസ്രഈല്‍ പ്രതിനിധികള്‍ നവംബര്‍ 11 ന് ജോര്‍ജിയ വഴി ബാക്കുവില്‍ എത്തിയിരുന്നു.

ഇസ്രഈലില്‍ നിന്ന് അസര്‍ബൈജാന്‍ തലസ്ഥാനമായ ബാക്കുവിലേക്കുള്ള ഏറ്റവും സുരക്ഷിതമായതും എളുപ്പമാര്‍ന്നതുമായ മാര്‍ഗമായിരുന്നു തുര്‍ക്കി വഴിയുള്ളത്. ഗസയിലും ലെബനനിലും ഇസ്രഈല്‍ സൈന്യം വ്യോമാക്രമണം നടത്തുമ്പോള്‍ ഇസ്രഈല്‍ പ്രസിഡന്റും പ്രധാനമന്ത്രിയുമെല്ലാം തുര്‍ക്കി വഴിയാണ് വ്യോമമാര്‍ഗം സഞ്ചരിച്ചിരുന്നത്.

എന്നാല്‍ തുര്‍ക്കിയുടെ വ്യോമമാര്‍ഗം വഴി ഇസ്രഈല്‍ നേതാക്കള്‍ക്ക് യാത്ര അനുവദിക്കേണ്ടതില്ലെന്ന് ഉന്നത വൃത്തങ്ങളില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായി തുര്‍ക്കി വ്യോമയാന ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. എന്നാല്‍ ഈ വിലക്ക് ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന് ഇസ്രഈല്‍ പ്രതീക്ഷിക്കുന്നതായി ഇസ്രഈല്‍ സര്‍ക്കാറിന്റെ കീഴിലുള്ള കാബിര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു

ഇസ്രഈലുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുന്നുവെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാനാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഗസയില്‍ ഇസ്രഈല്‍ വംശഹത്യ തുടരുന്ന സാഹചര്യത്തിലാണ് ഇസ്രഈലുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തുര്‍ക്കി ഭരണകൂടം തീരുമാനിച്ചത്.

‘റജബ് തയ്യിബ് എര്‍ദോഗാന്റ നേതൃത്വത്തിലുള്ള തുര്‍ക്കി റിപ്പബ്ലിക് ഇസ്രഈലുമായി ഒരു ബന്ധവും തുടരില്ല. ഞങ്ങളുടെ ഭരണസഖ്യം ഇസ്രഈലുമായുള്ള ബന്ധം വിച്ഛേദിക്കുന്ന കാര്യത്തില്‍ ഉറച്ച് നില്‍ക്കുന്നു. ഭാവിയിലും ഇത് അപ്രകാരം തന്നെ തുടരും,’ എര്‍ദോഗന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇസ്രഈല്‍ ഗസയില്‍ അധിനിവേശവും വംശഹത്യയും ആരംഭിച്ചതുമുതല്‍ ഇസ്രഈലിനു നേരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന നാറ്റോ രാജ്യമാണ് തുര്‍ക്കി. ഇക്കഴിഞ്ഞ മെയില്‍ ഇസ്രഈലിനുമേല്‍ തുര്‍ക്കി വ്യാപാര ഉപരോധം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും നയതന്ത്ര ബന്ധം തുടരുകയായിരുന്നു.

ഇതിന്റെ ഭാഗമായി തങ്ങളുടെ അംബാസിഡറെ ഇസ്രഈലില്‍ നിന്ന് തുര്‍ക്കി തിരിച്ച് വിളിച്ചിരുന്നു. എന്നാല്‍ അന്ന് നയതന്ത്രബന്ധം പൂര്‍ണമായി അവസാനിപ്പിച്ചിരുന്നില്ല. സമാനമായി ഇസ്രഈലും പ്രാദേശിക സുരക്ഷാ ഭീഷണികള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം അങ്കാറയിലെ ഇസ്രഈല്‍ എംബസി ഒഴിപ്പിച്ചിരുന്നു.

ഗസയില്‍ ഇസ്രഈല്‍ നടത്തുന്നത് വംശഹത്യയാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ അടക്കം അഭിപ്രായപ്പെട്ടപ്പോള്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെക്കൊണ്ട് വംശഹത്യയുടെ ഉത്തരവാദിത്വം ഏറ്റെടുപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് എര്‍ദോഗാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഈ വര്‍ഷമാദ്യം, ഫലസ്തീനെ പിന്തുണച്ച് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇസ്രഈലിനെതിരായി ഫയല്‍ ചെയ്ത വംശഹത്യ കേസില്‍ തുര്‍ക്കി ഇടപെട്ടിരുന്നു. ടെല്‍ അവീവിനെതിരെ ലോക രാജ്യങ്ങള്‍ ആയുധ ഉപരോധം ഏര്‍പ്പെടുത്തണമെന്നും തുര്‍ക്കി വാദിച്ചിരുന്നു.

Content Highlight: Turkey rejects Israeli president from entering country’s airspace