അങ്കാര: അര്‍മേനിയ-അസര്‍ബൈജാന്‍ സംഘര്‍ഷം തുടര്‍ന്നു കൊണ്ടിരിക്കെ മേഖലയില്‍ നടക്കുന്ന സംഘര്‍ഷത്തില്‍ തുര്‍ക്കി വഹിക്കുന്ന പങ്കിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഘര്‍ഷത്തിനു മുമ്പായി നിരവധി സിറിയന്‍ വിമതരെ സംഘര്‍ഷ മേഖലയുടെ അടുത്തുള്ള തങ്ങളുടെ അതിര്‍ത്തി സൈനിക ക്യാമ്പിലേക്ക് തുര്‍ക്കി റിക്രൂട്ട് ചെയ്തിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
അസര്‍ബൈജാന്‍- അര്‍മേനിയ തര്‍ക്കത്തിനു കാരണമായ പര്‍വത പ്രദേശമായ നഗോര്‍നോ കറാബാക്കില്‍ നടക്കുന്ന സംഘര്‍ഷങ്ങളില്‍ ഈ സൈന്യത്തിനു പങ്കുണ്ടെന്നാണ് സൂചന.
അസര്‍ബൈജാന്‍ അതിര്‍ത്തി മേഖലയിലേക്ക് കഴിഞ്ഞ മാസം മുതല്‍ പ്രൈവറ്റ് കോണ്‍ട്രാക്റ്റര്‍മാര്‍ റിക്രൂട്ട്‌മെന്റ് നടത്തിയെന്നാണ് റിപ്പോര്‍ട്ട്. സെക്യൂരിറ്റി ഗാര്‍ഡ് പരിശീലനമാണ് ഇവര്‍ക്ക് നല്‍കുന്നത്. പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യ സംഘത്തെ ഇതിനകം മേഖലയിലേക്ക് അയച്ചിട്ടുണ്ട്. ആദ്യ ഗ്രൂപ്പില്‍ 300 പേരോളമാണുള്ളത്. പേരുവെളിപ്പെടുത്താത്ത ഔദ്യോഗിക വൃത്തങ്ങളാണ് ഇക്കാര്യം മിഡില്‍ ഈസ്റ്റ് ഐക്ക് നല്‍കിയത്.
പാര്‍ലമെന്റ് അനുമതിയില്ലാതെ തുര്‍ക്കി സേന നടത്തിയ റിക്രൂട്ട്‌മെന്റ് നിയമപരമായ പ്രത്യാഘാതങ്ങള്‍ നേരിടാനും സാധ്യതയില്ല. കാരണം ഇവര്‍ക്ക് സെക്യൂരിറ്റി ഗാര്‍ഡിനുള്ള പരിശീലനമാണ് നല്‍കിയത്. ഒപ്പം അസര്‍ബൈജാനും- അര്‍മേനിയയും തമ്മില്‍ നിലവില്‍ നടക്കുന്ന സംഘര്‍ഷത്തിനു മുമ്പാണ് ഇവരെ വിന്യസിക്കുകയും ചെയ്തത്.
അര്‍മേനിയയുമായുള്ള സംഘര്‍ഷത്തില്‍ അസര്‍ബൈജാന് പരസ്യ പിന്തുണയുമായി തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാന്‍ രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസം തങ്ങളുടെ ഒരു യുദ്ധ വിമാനം വെടിവെച്ചിട്ടത് തുര്‍ക്കിയാണെന്ന് അര്‍മേനിയ സര്‍ക്കാര്‍ ആരോപിച്ചിരുന്നു. എഫ്-16 എന്ന ഫൈറ്റര്‍ ജെറ്റ് ആക്രമണത്തില്‍ തങ്ങളുടെ ഒരു പൈലറ്റ് മരിച്ചതായാണ് അര്‍മേനിയന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.
അസര്‍ബൈജാന്‍ സൈന്യത്തിന്റെ കൈയ്യില്‍ എഫ്-16 ഫൈറ്റര്‍ ജെറ്റുകള്‍ ഇല്ല. ഇത് പരസ്യമായി രാജ്യം വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇതിനു പിന്നില്‍ തുര്‍ക്കിയാണ് എന്ന് അര്‍മേനിയന്‍ വിദേശ കാര്യമന്ത്രാലയം ആരോപിക്കുന്നത്. അതേ സമയം ആരോപണത്തെ തുര്‍ക്കി നിഷേധിച്ചു.
അര്‍മേനിയ അസര്‍ബൈജാന്‍ തര്‍ക്കം നിലനില്‍ക്കുന്ന പര്‍വത പ്രദേശമായ നഗോര്‍നോ കറാബാക്കില്‍ നടക്കുന്ന പോരാട്ടത്തില്‍ നൂറോളം പേര്‍ ഇതുവരെ കൊല്ലപ്പെട്ടു. സൈനികരും പ്രദേശത്തെ ജനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
മുന്‍ സോവിയറ്റ് യൂണിയന്‍ രാജ്യങ്ങളായിരുന്ന അസര്‍ബൈജാനും അര്‍മേനിയയും തമ്മിലുള്ള തര്‍ക്കത്തിനു കാരണമായ പര്‍വത പ്രദേശം അന്താരാഷ്ട്ര തലത്തില്‍ അസര്‍ബൈജാന്റെതായി അംഗീകരിച്ചതാണ്. എന്നാല്‍ 1988-94 യുദ്ധത്തിനു ശേഷം ഈ പ്രദേശം അര്‍മേനിയന്‍ ഗോത്ര വര്‍ഗക്കാരുടെ പക്കലാണ്. അര്‍മേനിയക്ക് റഷ്യയുടെ പിന്തുണയുണ്ട്. അതേസമയം അസര്‍ബൈജാനുമായും റഷ്യ സൗഹൃദത്തിലാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക