മെമ്മോറാണ്ടത്തില്‍ ഒപ്പുവെച്ചു എന്നുകരുതി ഞങ്ങള്‍ എല്ലാത്തിനും അനുമതിയും നല്‍കിയെന്ന് അര്‍ത്ഥമില്ല; ഇവരുടെ നാറ്റോ പ്രവേശനത്തെ ഏത് നിമിഷവും തുര്‍ക്കിക്ക് തടയാം: എര്‍ദോഗന്‍
World News
മെമ്മോറാണ്ടത്തില്‍ ഒപ്പുവെച്ചു എന്നുകരുതി ഞങ്ങള്‍ എല്ലാത്തിനും അനുമതിയും നല്‍കിയെന്ന് അര്‍ത്ഥമില്ല; ഇവരുടെ നാറ്റോ പ്രവേശനത്തെ ഏത് നിമിഷവും തുര്‍ക്കിക്ക് തടയാം: എര്‍ദോഗന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st July 2022, 11:39 am

മാഡ്രിഡ്: സ്വീഡന്റെയും ഫിന്‍ലാന്‍ഡിന്റെയും നാറ്റോ പ്രവേശനത്തെ തുര്‍ക്കിക്ക് ഏത് നിമിഷവും തടയാമെന്ന് മുന്നറിയിപ്പ് നല്‍കി തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്‍. ഇരുരാജ്യങ്ങളും നാറ്റോ പ്രവേശനത്തിന് അപേക്ഷ നല്‍കി കാത്തിരിക്കുന്ന സാഹചര്യത്തിലാണ് എര്‍ദോഗന്റെ പ്രതികരണം.

കഴിഞ്ഞ ദിവസമായിരുന്നു സ്വീഡനും ഫിന്‍ലാന്‍ഡും നാറ്റോയില്‍ അംഗത്വമെടുക്കുന്നതിന് എര്‍ദോഗന്‍ സമ്മതം നല്‍കിയത്. ഇതിന് പിന്നാലെ തുര്‍ക്കിയും സ്വീഡനും ഫിന്‍ലാന്‍ഡും ട്രൈലാറ്ററല്‍ മെമ്മോറാണ്ടത്തില്‍ ഒപ്പുവെക്കുകയും ചില നിബന്ധനകള്‍ യോഗത്തില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

തുര്‍ക്കിയുമായി ഒപ്പുവെച്ച ഈ കരാറിലെ നിബന്ധനകള്‍ സ്വീഡനും ഫിന്‍ലാന്‍ഡും കര്‍ശനമായി പാലിക്കുകയും പിന്തുടരുകയും ചെയ്യണമെന്നും അല്ലാത്തപക്ഷം ഇവരുടെ നാറ്റോയില്‍ ചേരാനുള്ള ശ്രമങ്ങളെ തുര്‍ക്കി തടയുമെന്നുമാണ് എര്‍ദോഗന്‍ പറയുന്നത്.

മെമ്മോറാണ്ടത്തില്‍ ഒപ്പുവെച്ചു എന്ന് കരുതി സ്വീഡന്റെയും ഫിന്‍ലാന്‍ഡിന്റെയും നാറ്റോ അംഗത്വത്തിന് തുര്‍ക്കി അനുമതി നല്‍കി എന്ന് അര്‍ത്ഥമില്ലെന്നും എര്‍ദോഗന്‍ കൂട്ടിച്ചേര്‍ത്തു.

”ആദ്യം സ്വീഡനും ഫിന്‍ലാന്‍ഡും അവരുടെ ഡ്യൂട്ടികള്‍ കൃത്യമായി നിര്‍വഹിക്കണം, അത് മെമ്മോറാണ്ടത്തിലുണ്ട്. അവര്‍ അത് ചെയ്തില്ലെങ്കില്‍, അവരുടെ അപേക്ഷ ഞങ്ങളുടെ പാര്‍ലമെന്റിലേക്ക് അംഗീകാരത്തിന് വേണ്ടി അയക്കുന്ന ചോദ്യമേ ഉയരുന്നില്ല.

അവര്‍ അവരുടെ ഡ്യൂട്ടി ചെയ്യുകയാണെങ്കില്‍ ഞങ്ങള്‍ അപേക്ഷ പാര്‍ലമെന്റിലേക്ക് അയക്കും, അങ്ങനെയല്ലെങ്കില്‍ ആ ചോദ്യമേ ഉയരുന്നില്ല,” എര്‍ദോഗന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

സ്പെയിനിലെ മാഡ്രിഡില്‍ വെച്ച് നടന്ന നാറ്റോ ഉച്ചകോടിയുടെ സമാപനത്തില്‍ വെച്ചായിരുന്നു വ്യാഴാഴ്ച എര്‍ദോഗന്റെ പ്രതികരണം. നോര്‍ഡിക് രാജ്യങ്ങളായ സ്വീഡനും ഫിന്‍ലാന്‍ഡിനും ഉച്ചകോടിയില്‍ ക്ഷണമുണ്ടായിരുന്നു.

സ്വീഡന്റെയും ഫിന്‍ലാന്‍ഡിന്റെയും നാറ്റോ പ്രവേശനത്തിനെതിരായ വീറ്റോ തുര്‍ക്കി കഴിഞ്ഞ ദിവസം പിന്‍വലിക്കുകയായിരുന്നു. നാറ്റോ ഉച്ചകോടിക്ക് മുന്നോടിയായി ചൊവ്വാഴ്ച നടന്ന യോഗത്തില്‍ വെച്ചായിരുന്നു തീരുമാനം.

നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ്, എര്‍ദോഗന്‍, സ്വീഡിഷ് പ്രധാനമന്ത്രി മഗ്ദലീന ആന്‍ഡേഴ്‌സണ്‍, ഫിന്‍ലാന്‍ഡ് പ്രസിഡന്റ് സൗലി നിനിസ്റ്റോ എന്നിവരാണ് യോഗം ചേര്‍ന്നത്.

ഇതോടെ നാറ്റോ പ്രവേശനത്തിന് അപേക്ഷ നല്‍കിയതുമായി ബന്ധപ്പെട്ട നടപടികളുമായി ഇരുരാജ്യങ്ങളും മുന്നോട്ട് പോകും. നാറ്റോ അംഗരാജ്യങ്ങളെല്ലാം ഇതിന് അനുമതി നല്‍കുകയും ഈ രാജ്യങ്ങളിലെ പാര്‍ലമെന്റുകള്‍ അത് അംഗീകരിക്കുകയും ചെയ്താലേ സ്വീഡനും ഫിന്‍ലാന്‍ഡിനും നാറ്റോയില്‍ അംഗത്വം നേടാന്‍ സാധിക്കൂ.

നാറ്റോ അംഗത്വത്തിന് അപേക്ഷിക്കുമെന്ന ഫിന്‍ലാന്‍ഡിന്റെ പ്രഖ്യാപനത്തെ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് നേരത്തെ തന്നെ സ്വാഗതം ചെയ്തിരുന്നു.

ഇതുവരെ ന്യൂട്രല്‍ പൊസിഷന്‍ സ്വീകരിച്ചിരുന്ന ഈ നോര്‍ഡിക് രാജ്യങ്ങള്‍ നാറ്റോയില്‍ അംഗങ്ങളാകുന്നതോടെ യൂറോപ്യന്‍ സെക്യൂരിറ്റിയില്‍ തന്നെ വലിയൊരു ഷിഫ്റ്റായിരിക്കും സംഭവിക്കുക.

ജൂണ്‍ 29, 30 തീയതികളിലാണ് നാറ്റോ ഉച്ചകോടി നടന്നത്.

നാറ്റോ അംഗത്വത്തിന് അപേക്ഷിക്കുമെന്ന് ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി സന്ന മരിനും പ്രസിഡന്റ് സൗലി നിനിസ്റ്റോയും വ്യക്തമാക്കിയിരുന്നു.

നേരത്തെ, നാറ്റോയില്‍ അംഗത്വമെടുക്കുന്നതിനുള്ള സ്വീഡന്റെയും ഫിന്‍ലാന്‍ഡിന്റെയും ശ്രമങ്ങളെ പിന്തുണക്കില്ലെന്നായിരുന്നു തുര്‍ക്കി പ്രസിഡന്റിന്റെ നിലപാട്.

തീവ്രവാദ സംഘങ്ങളെ പിന്തുണക്കുന്ന നിലപാടാണ് ഫിന്‍ലാന്‍ഡിനും സ്വീഡനും ഉള്ളതെന്നായിരുന്നു എര്‍ദോഗന്‍ ആരോപിച്ചത്.

30 അംഗരാജ്യങ്ങളുള്ള നാറ്റോയിലെ ഏറ്റവും വലിയ രണ്ടാമത്തെ സൈനികശക്തിയാണ് തുര്‍ക്കി.

റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തോടെയാണ് നാറ്റോയില്‍ ചേരുന്നതിനുള്ള നടപടികളിലേക്ക് സ്വീഡനും ഫിന്‍ലാന്‍ഡുമടക്കമുള്ള രാജ്യങ്ങള്‍ അടിയന്തരമായി കടന്നത്. നാറ്റോയില്‍ ചേരുന്നതിന് പിന്തുണ ആവശ്യപ്പെട്ട് ഫിന്‍ലാന്‍ഡ് നേതാക്കളും രംഗത്തെത്തിയിരുന്നു.

അതേസമയം നാറ്റോയില്‍ ചേരാനാണ് ഫിന്‍ലാന്‍ഡും സ്വീഡനും ലക്ഷ്യമിടുന്നതെങ്കില്‍ തിരിച്ചടിക്കുമെന്നും, റഷ്യയുടെ ദേശീയ സുരക്ഷക്ക് ഭീഷണിയായ നീക്കത്തിനെതിരെ സൈനികപരമായ നടപടികള്‍ സ്വീകരിക്കുമെന്നും റഷ്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Content Highlight: Turkey president Erdogan says they can still block Sweden and Finland from joining NATO