ഇസ്താംബൂള്‍: അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസവും സര്‍വകലാശാലാ പ്രവേശനവും നിരോധിക്കുന്ന താലിബാന്‍ സര്‍ക്കാരിന്റെ നടപടികളെ അപലപിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍. താലിബാന്റെ തീരുമാനത്തെ ‘അനിസ്‌ലാമികം’ എന്നാണ് എര്‍ദോഗന്‍ വിമര്‍ശിച്ചത്.
അഫ്ഗാനിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നം പരിഹരിക്കുന്നത് വരെ വിഷയം പിന്തുടരുമെന്നും ബുധനാഴ്ച ഒരു പ്രസംഗത്തിനിടെ തുര്‍ക്കി പ്രസിഡന്റ് വ്യക്തമാക്കി.
”ഇത് മനുഷ്യത്വരഹിതവും അനിസ്‌ലാമികവുമാണ്. നമ്മുടെ മതത്തില്‍ ഇത്തരമൊരു കാര്യമില്ല. ഇസ്‌ലാമിനെ അടിസ്ഥാനമാക്കി ആരും ഇങ്ങനെയൊരു നിരോധനത്തെ നിര്‍വചിക്കരുത്.
ഇസ്‌ലാം അത്തരമൊരു കാര്യം അംഗീകരിക്കുന്നില്ല. നേരെമറിച്ച്, ‘തൊട്ടിലില്‍ നിന്നുതുടങ്ങി ശവക്കല്ലറയിലെത്തുന്നത് വരെ അറിവ് തേടുക’ എന്ന് പറയുന്ന ഒരു മതത്തിലെ അംഗങ്ങളാണ് നമ്മള്‍,” തുര്‍ക്കി നഗരമായ അങ്കാറയില്‍ ഒരു അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കവെ എര്‍ദോഗന്‍ പറഞ്ഞു.
പ്രസിഡന്റ് എന്ന നിലയില്‍ താനും തുര്‍ക്കി വിദേശകാര്യ മന്ത്രാലയവും അഫ്ഗാനിലെ സ്ത്രീകളുടെ വിദ്യാഭ്യാസത്തിന്റെ അവസ്ഥയെ വ്യക്തിപരമായി പിന്തുടരുമെന്നും അത് പരിശോധിക്കാതെ വിടില്ലെന്നും എര്‍ദോഗന്‍ വ്യക്തമാക്കി.
സ്ത്രീകള്‍ക്ക് സര്‍വകലാശാലകളില്‍ പ്രവേശനം നിഷേധിച്ചുകൊണ്ടുള്ള താലിബാന്റെ വിവാദ ഉത്തരവിനെതിരെ നേരത്തെ തന്നെ തുര്‍ക്കി, സൗദി അറേബ്യ, ഖത്തര്‍ എന്നീ രാജ്യങ്ങളും വിവിധ മനുഷ്യാവകാശ സംഘടനകളും പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.
2021 ഓഗസ്റ്റില്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തത് മുതല്‍ കടുത്ത സ്ത്രീവിരുദ്ധ നടപടികളാണ് താലിബാന്‍ നടപ്പിലാക്കിവരുന്നത്. സ്‌കൂളുകളിലും കോളേജുകളിലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ക്ലാസ്മുറികളാക്കിയിരുന്നു.
ഏറ്റവുമൊടുവിലായാണ് സര്‍വകലാശാലകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നിഷേധിക്കുകയും വനിതാ ജീവനക്കാരെ വീട്ടിലേക്ക് തിരിച്ചയക്കാന്‍ രാജ്യത്തെ എല്ലാ പ്രാദേശിക- വിദേശ എന്‍.ജി.ഒകളോടും താലിബാന്‍ സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തത്.
ലിംഗഭേദം തടയുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചതെന്നും സര്‍വകലാശാലകളില്‍ പഠിപ്പിക്കപ്പെടുന്ന ചില വിഷയങ്ങള്‍ ഇസ്‌ലാമിന്റെ തത്വങ്ങള്‍ ലംഘിക്കുന്നതാണെന്നും അതിനാല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിരോധനം നിലനില്‍ക്കുമെന്നുമാണ് പെണ്‍കുട്ടികള്‍ക്ക് വിദ്യഭ്യാസം നിഷേധിച്ച നടപടിയെ ന്യായീകരിച്ചുകൊണ്ട് അഫ്ഗാന്റെ ഉന്നത വിദ്യാഭ്യാസമന്ത്രി നിദ മുഹമ്മദ് നദിം (Nida Mohammad Nadim) പ്രതികരിച്ചത്.
രാജ്യത്തെ എല്ലാ സര്‍ക്കാര്‍- സ്വകാര്യ സര്‍വകലാശാലകള്‍ക്കും ഉത്തരവ് ബാധകമാണ്. നേരത്തെ അഫ്ഗാനില്‍ സെക്കന്ററി സ്‌കൂളുകളിലും പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു.
വിദ്യാഭ്യാസ വിലക്കിനെതിരെ രാജ്യത്തെ സ്ത്രീകള്‍ തന്നെ പരസ്യമായി പ്രതിഷേധിക്കുന്നുണ്ട്.
Content Highlight: Turkey president Erdogan says Taliban’s ban on women’s education is un-Islamic