റഷ്യ- ഉക്രൈന്‍ സംഘര്‍ഷം തുടരുന്നതിനിടെ, ഉക്രൈനില്‍ നിന്നും ധാന്യ കയറ്റുമതി നടക്കുന്ന സാഹചര്യത്തില്‍, റഷ്യയില്‍ നിന്നുകൂടി ധാന്യം കയറ്റുമതി ചെയ്യുന്നതിന് പിന്തുണയുമായി തുര്‍ക്കി.
”റഷ്യയില്‍ നിന്നും ധാന്യ കയറ്റുമതി ആരംഭിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ ഇത് പ്രതീക്ഷിക്കുന്നുണ്ട്,” തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്‍ പറഞ്ഞു. തന്റെ ത്രിരാഷ്ട്ര ബാല്‍ക്കന്‍ പര്യടനത്തിന്റെ ഭാഗമായി ക്രൊയേഷ്യയിലെത്തിയ ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എര്‍ദോഗന്‍.
നിര്‍ഭാഗ്യവശാല്‍, ഉക്രൈനില്‍ നിന്നുള്ള ധാന്യം ദരിദ്ര രാജ്യങ്ങളിലേക്കല്ല മറിച്ച് സമ്പന്ന രാജ്യങ്ങളിലേക്കാണ് പോകുന്നത് എന്നും, ഇക്കാര്യത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പറഞ്ഞത് ശരിയാണെന്നും എര്‍ദോഗന്‍ കൂട്ടിച്ചേര്‍ത്തു.
”റഷ്യക്കെതിരായ ഉപരോധം തുടരുമ്പോള്‍ തന്നെ, മറുവശത്ത്, ഈ ഉപരോധം ഏര്‍പ്പെടുത്തുന്ന രാജ്യങ്ങളിലേക്ക് ഉക്രൈനില്‍ നിന്നും ധാന്യം കയറ്റുമതി ചെയ്യുന്നത് പുടിനെ അസ്വസ്ഥമാക്കുന്നുണ്ട്,” എര്‍ദോഗന്‍ പറഞ്ഞു.
സെപ്റ്റംബറില്‍ ഉസ്‌ബെകിസ്ഥാനില്‍ വെച്ച് നടക്കുന്ന ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിക്കിടെ പുടിനുമായി ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നും എര്‍ദോഗന്‍ വാര്‍ത്താ സമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ റഷ്യ- ഉക്രൈന്‍ സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെ ധാന്യ കയറ്റുമതി മുടങ്ങിയപ്പോള്‍, ഉക്രൈനിയന്‍ ധാന്യ കയറ്റുമതി കരാര്‍ പുനസ്ഥാപിക്കുന്നതിന് മുന്‍കൈ എടുക്കുകയും മധ്യസ്ഥത വഹിക്കുകയും ചെയ്തത് എര്‍ദോഗന്റെ നേതൃത്വത്തിലുള്ള തുര്‍ക്കിയായിരുന്നു. ഈ ഇടപെടലിന് വിവിധ ലോകരാജ്യങ്ങള്‍ തുര്‍ക്കിയെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.
ഉക്രൈനിയന്‍ തുറമുഖങ്ങളില്‍ നിന്ന് കരിങ്കടലിലൂടെ ധാന്യങ്ങള്‍ കയറ്റുമതി ചെയ്യാനുള്ള അനുമതിക്ക് വേണ്ടി റഷ്യയും ഉക്രൈനും തമ്മില്‍ ഒരു കരാറുണ്ടാക്കാന്‍ ഐക്യരാഷ്ട്രസഭയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ എര്‍ദോഗന് സാധിച്ചിരുന്നു.