അങ്കാറ: സര്‍ക്കാര്‍ സ്ഥാപനങ്ങളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്ത്രീകള്‍ക്ക് ഹിജാബ് ധരിക്കാനുള്ള അവകാശത്തിനായി രാജ്യവ്യാപകമായി അഭിപ്രായ വോട്ടിങ് നടത്താനൊരുങ്ങി തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്‍.
ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മാസങ്ങളായി തുര്‍ക്കിയില്‍ വലിയ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ഈ ഒരു സാഹചര്യത്തിലാണ് ഭരണകക്ഷിയായ എര്‍ദോഗന്റെ എ.കെ പാര്‍ട്ടി ഇത്തരമൊരു നീക്കം നടത്തുന്നത്.
കഴിഞ്ഞ രണ്ട് ദശകങ്ങളായി തുര്‍ക്കിയിലെ ഭരണം കയ്യാളുന്ന എര്‍ദോഗന്‍ 2023ല്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് ഇത്തരമൊരു രാഷ്ട്രീയ നീക്കത്തിന് മുതിരുന്നത്. 2013 ലാണ് തുര്‍ക്കിയില്‍ വനിതാ ഓഫീസര്‍മാര്‍ക്ക് നിലനിന്നിരുന്ന ഹിജാബ് വിലക്ക് എര്‍ദോഗന്റെ ജസ്റ്റിസ് ആന്റ് ഡെവലപ്മെന്റ് പാര്‍ട്ടി എടുത്ത് കളഞ്ഞത്.
2002ല്‍ എര്‍ദോഗന്റെ എ.കെ പാര്‍ട്ടി തുര്‍ക്കിയില്‍ അധികാരത്തില്‍ വരുന്നതിന് തുര്‍ക്കിയില്‍ ഭരണത്തിലിരുന്ന മതേതര പാര്‍ട്ടികളുടെ ഹിജാബ് നിരോധനവും കാരണമായിരുന്നു. ഈ തന്ത്രം വീണ്ടും പയറ്റി ഭൂരിപക്ഷ വോട്ട് ബാങ്ക് തന്റെ വരുതിയില്‍ നിരാത്താനാണ് എര്‍ദോഗന്റെ പദ്ധതി.
‘നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ നമുക്കിത് അഭിപ്രായ വോട്ടെടുപ്പിന് വിധേയമാക്കാം, രാജ്യത്തെ ജനങ്ങള്‍ ഒരു തീരുമാനം എടുക്കട്ടെ’ എന്നാണ് പ്രതിപക്ഷ പാര്‍ട്ടിയായ റിപബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടിയെ (സി.എച്ച്.പി) ഉന്നംവെച്ചുകൊണ്ട് എര്‍ദോഗന്‍ പറഞ്ഞത്.
ഹിജാബ് ധരിച്ച വനിതാ ജഡ്ജിമാരെ പറ്റി രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടിയായ സി.എച്ച്.പിയില്‍ നിന്നുവന്ന പരാമര്‍ശമാണ് തുര്‍ക്കിയിലെ ഹിജാബ് വിവാദത്തിന് തുടക്കമിട്ടത്. കോടതിയില്‍ ഹിജാബ് ധരിച്ചിരിക്കുന്ന വനിതാ ജഡ്ജിമാരെ കാണുന്നത് തനിക്ക് ബുദ്ധിമുട്ടായി തോന്നുന്നുവെന്നായിരുന്നു സി.എച്ച്.പി പാര്‍ട്ടി ജനപ്രതിനിധി, മുന്‍ തുര്‍ക്കി സാംസ്‌കാരിക മന്ത്രിയായിരുന്ന ഫിക്രി സഗ്രല്‍ നടത്തിയ പരാമര്‍ശം.
പ്രതിപക്ഷ അംഗത്തിന്റെ അഭിപ്രായത്തില്‍ രൂക്ഷ പ്രതികരണവുമായി തുര്‍ക്കി പ്രസിഡന്റ് റെജബ് തയ്യിബ് എര്‍ദോഗന്‍ എത്തിയതോടെ വിവാദം രൂക്ഷമാകുകയായിരുന്നു. എന്നാല്‍ പാര്‍ട്ടി അംഗം പറഞ്ഞ വാക്കുകള്‍ പാര്‍ട്ടിയുടെ നിലപാടല്ലെന്നും സ്ത്രീകള്‍ എന്തു വസ്ത്രം ധരിക്കുന്നതെന്നതില്‍ പാര്‍ട്ടി ശ്രദ്ധ കൊടുക്കുന്നില്ലെന്നും സി.എച്ച്.പി പാര്‍ട്ടി ചെയര്‍മാന്‍ കെമാല്‍ കിലിക്ദറോഗ്ലു അന്ന് വ്യക്തമാക്കിയത്. എന്നാല്‍ പൊതു തെരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും വിവാദങ്ങള്‍ക്ക് ചൂടുപിടിക്കുകയായിരുന്നു.
തുര്‍ക്കിഷ് നിയമമനുസരിച്ച് ഭരണഘടനയിലെ മാറ്റങ്ങള്‍ക്ക് അഭിപ്രായ വോട്ടെടുപ്പില്ലാതെ 400 ജനപ്രതിധികളുടെ പിന്തുണ വേണം. എന്നാല്‍ അത്രയും സംഘബലമില്ലാത്ത ഭരണകക്ഷിക്ക് നിയമ ഭേദഗതി പാസാക്കാന്‍ സി.എച്ച്.പിയുടെ പിന്തുണ കൂടി ആവശ്യമാണ്. അല്ലാത്തപക്ഷം 360 വോട്ടുകൊണ്ട് ഈ നിര്‍ദേശം ജനങ്ങളുടെ വോട്ടെടുപ്പിലേക്ക് എത്തിക്കാം. ഇത് രാഷ്ട്രീയമായി മുതലെടുക്കാനാണ് എര്‍ദോഗന്റെ നീക്കം.
എന്നാല്‍ സി.എച്ച്.പിയും ഹിജാബ് ധാരണവുമായി ബന്ധപ്പെട്ട തങ്ങളുടെ നിലപാടില്‍ നിന്ന് വ്യതിചലിച്ചിരിക്കുകയാണ്. തങ്ങളുടെ പാര്‍ട്ടി വരുന്ന പൊതു തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്നാല്‍ ശിരോവസ്ത്ര നിരോധനം പുനഃസ്ഥാപിക്കുമെന്ന ഭയം ജനങ്ങളില്‍ ലഘൂകരിക്കാനുള്ള നീക്കമാണ് കെമാല്‍ കിലിക്ദറോഗ്ലുവും നടത്തുന്നത്.
ശിരോവസ്ത്രം ധരിക്കാനുള്ള അവകാശം ഉറപ്പുനല്‍കാനുള്ള ഭരണഘടനാപരമായ അവകാശം വേണമെന്ന നിലപാടാണ് സി.എച്ച്.പിയും നിലവില്‍ മുന്നോട്ടുവെക്കുന്നത്. വോട്ട് ബാങ്ക് ലക്ഷ്യം വെച്ചാണ് കെമാല്‍ കിലിക്ദറോഗ്ലുവിന്റെ ഇത്തരമൊരു നിലപാട് മാറ്റമെന്നാണ് മിഡിലീസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മതേതര ആധുനിക ടര്‍ക്കിഷ് റിപ്പബ്ലിക്കിന്റെ സ്ഥാപകനായ മുസ്തഫ കെമാല്‍ അത്താതുര്‍ക്ക് സ്ഥാപിച്ച പാര്‍ട്ടിയാണ് സി.എച്ച.പി. അത്താതുര്‍ക്കാണ് 1924ലെ തുര്‍ക്കി ഭരണഘടനയില്‍ തുര്‍ക്കി മതേതരവല്‍ക്കരണം കൊണ്ടുവന്നത്. അത്താതുര്‍ക്ക് ഒരിക്കലും ശിരോവസ്ത്രം നിരോധിച്ചിട്ടില്ലെങ്കിലും പൊതുവേദികളില്‍ അത് ഉപയോഗിക്കുന്നതിനെ അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ ഈ ശ്രമങ്ങള്‍ കൊണ്ട് തുര്‍ക്കിയില്‍ ഹിജാബും ബുര്‍ഖയും ഏതാണ്ട് അപ്രത്യക്ഷമായിരുന്നു.
1990കളില്‍ തുര്‍ക്കിയില്‍ ശിരോവസ്ത്രം ചര്‍ച്ചകളുടെ കേന്ദ്രമായിരുന്നു, എന്നാല്‍ മുസ്‌ലിം ഭൂരിപക്ഷമുള്ള തുര്‍ക്കിയില്‍ ഇന്ന് ഒരു പാര്‍ട്ടിയും നിരോധനം നിര്‍ദേശിക്കുന്നില്ല.