| Monday, 3rd April 2023, 7:43 pm

ഈ തെരഞ്ഞെടുപ്പില്‍ അമേരിക്കയെ തുര്‍ക്കികള്‍ പാഠം പഠിപ്പിക്കണം; തെരഞ്ഞെടുപ്പ് റാലിയില്‍ എര്‍ദൊഗാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അങ്കാറ: മേയില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അമേരിക്കയെ രൂക്ഷമായി വിമര്‍ശിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദൊഗാന്‍. യു.എസിനെ ഒരു പാഠം പഠിപ്പിക്കാനായി തനിക്ക് വോട്ട് ചെയ്യാനാണ് എര്‍ദൊഗാന്‍ അണികളോട് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇസ്താംബൂളില്‍ വെച്ച് നടത്തിയ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം തുര്‍ക്കിയിലെ അമേരിക്കന്‍ അംബാസിഡര്‍ ജെഫ് ഫ്‌ളേക്കും എര്‍ദൊഗാന്റെ രാഷ്ട്രീയ എതിരാളിയായ കെമാല്‍ കിലിഗ്ദറൊഗ്‌ലും തമ്മില്‍ രഹസ്യ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എര്‍ദൊഗാന്‍ അമേരിക്കക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

‘വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ നമുക്ക് അമേരിക്കയെ ഒരു പാഠം പഠിപ്പിക്കേണ്ടതുണ്ട്. ബൈഡന്റെ അംബാസിഡര്‍ എന്താണ് ഇവിടെ ചെയ്യുന്നത്. അയാള്‍ കെമാലുമായി സൗഹൃദം സ്ഥാപിക്കുന്നു. എന്തൊരു നാണക്കേടാണിത്. നിങ്ങളൊരു രാജ്യത്തിന്റെ പ്രതിനിധിയാണ്, അത് മറക്കരുത്.

ഇനി നിങ്ങള്‍ക്ക് എങ്ങനെയാണ് പ്രസിഡന്റെന്ന നിലയില്‍ എന്റെ അനുമതി കിട്ടുന്നത്. ഞങ്ങളുടെ വാതിലുകള്‍ നിങ്ങള്‍ക്ക് മുന്നില്‍ കൊട്ടിയടക്കപ്പെട്ടിരിക്കുന്നു. ഇനി അത് തുറക്കാന്‍ പോകുന്നില്ല. അംബാസിഡറെന്ന നിലയില്‍ നിങ്ങള്‍ അതിര് വിട്ടിരിക്കുന്നു. ഒരു രാജ്യത്തിന്റെ പ്രതിനിധി എങ്ങനെ പെരുമാറണമെന്ന് നിങ്ങള്‍ ആദ്യം പഠിക്കണം,’ എര്‍ദൊഗാന്‍ പറഞ്ഞതായി തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇതിന് മുമ്പും തുര്‍ക്കിയിലെ അമേരിക്കന്‍ ഇടപെടലിനെതിരെ ആരോപണവുമായി എര്‍ദൊഗാന്‍ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം തുര്‍ക്കി മന്ത്രി സുലൈമാന്‍ സോയ്‌ലു അമേരിക്കന്‍ അംബാസിഡര്‍ തുര്‍ക്കി ഭരണകൂടത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നതായി ആരോപണമുന്നയിച്ചിരുന്നു. അമേരിക്കയുടെ വൃത്തികെട്ട കരങ്ങള്‍ തുര്‍ക്കിയെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഫിന്‍ലന്റിന് നാറ്റോ അംഗത്വം നല്‍കാനുള്ള സഖ്യ രാജ്യങ്ങളുടെ ആവശ്യം തുര്‍ക്കി അംഗീകരിച്ചിരുന്നു. തുടര്‍ന്ന് അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളുമായി അനുനയ നീക്കങ്ങള്‍ക്കും തുര്‍ക്കി ശ്രമിക്കുകയാണെന്ന തരത്തിലും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എര്‍ദൊഗാന്‍ രംഗത്തെത്തിയത്.

Content Highlight: Turkey president against america

We use cookies to give you the best possible experience. Learn more