| Monday, 27th June 2022, 9:23 am

പ്രൈഡ് മാര്‍ച്ചിനിടെ എല്‍.ജി.ബി.ടി.ക്യു ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്ത് തുര്‍ക്കി പൊലീസ്; 'സുരക്ഷാ കാരണങ്ങള്‍' പറഞ്ഞ് മാര്‍ച്ചിന് അനുമതി നിഷേധിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്താംബൂള്‍: തുര്‍ക്കിയിലെ ഇസ്താംബൂളില്‍ എല്‍.ജി.ബി.ടി.ക്യു പ്ലസ് കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ചുകൊണ്ട് പ്രൈഡ് മാര്‍ച്ചില്‍ പങ്കെടുത്ത ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തു. മാധ്യമപ്രവര്‍ത്തകരെയും എല്‍.ജി.ബി.ടി.ക്യു ആക്ടിവിസ്റ്റുകളെയുമാണ് ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്.

തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളിലെ ഐകോണിക്ക് ലാന്‍ഡ്മാര്‍ക്ക് ആയ തക്‌സിം സ്‌ക്വയറിന് സമീപം ഒത്തുകൂടിയവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മാര്‍ച്ച് മുന്നില്‍ക്കണ്ട് പൊലീസ് നേരത്തെ തന്നെ പ്രദേശത്ത് എത്തിയിരുന്നു. പ്രൈഡ് മാര്‍ച്ച് ആരംഭിച്ചതിന് പിന്നാലെ തന്നെ പൊലീസ് ഇതില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്യുകയും ബസില്‍ ഇവരെ കസ്റ്റഡിയില്‍ വെക്കുകയുമായിരുന്നു.

അറസ്റ്റ് ചെയ്തവരില്‍ എ.എഫ്.പി വാര്‍ത്താ ഏജന്‍സിയുടെ ചീഫ് ഫോട്ടോഗ്രാഫര്‍ ബുലെന്‍ട് കിലികും ഉള്‍പ്പെടുന്നുണ്ട്.

സംഭവത്തിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രൈഡ് മാര്‍ച്ചില്‍ പങ്കെടുത്ത നൂറുകണക്കിന് പേര്‍ പൊലീസ് സാന്നിധ്യത്തിലും മഴവില്‍ നിറങ്ങളിലുള്ള ഫ്‌ളാഗുകളേന്തി പ്രതിഷേധിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

‘ഭാവി എന്ന് പറയുന്നത് ക്വിര്‍ ആണ്'(The future is queer), ‘വി ആര്‍ ഹിയര്‍, വി ആര്‍ ക്വിര്‍, വി ആര്‍ നോട് ഗോയിങ് എനിവേര്‍’ (We are here. We are queer. We are not going anywhere) എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളും മാര്‍ച്ചില്‍ പങ്കെടുത്തവര്‍ ഉയര്‍ത്തുന്നുണ്ടായിരുന്നു.

പ്രൈഡ് മാര്‍ച്ചില്‍ പങ്കെടുത്തവരും ആക്ടിവ്‌സറ്റുകളുമടക്കം കുറഞ്ഞത് 52 പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി എല്‍.ജി.ബി.ടി.ക്യു കമ്മ്യൂണിറ്റിയില്‍പെട്ടവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ജി.എല്‍ അസോസിയേഷന്‍ ട്വീറ്റ് ചെയ്തു.

”പ്രൈഡ് മാര്‍ച്ചില്‍ പങ്കെടുത്തു എന്ന ഒരൊറ്റ കാരണം കൊണ്ടാണ് അവരെയെല്ലാം അറസ്റ്റ് ചെയ്തത്. ഇവരെ അടിയന്തരമായി റിലീസ് ചെയ്യണം,” ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പ്രതിനിധി മിലേന ബുയും പ്രതികരിച്ചു.

”ഞങ്ങള്‍ നിരോധിക്കപ്പെടുകയാണ്, തഴയപ്പെടുകയാണ്, വിവേചനം നേരിടുകയാണ്. ജീവിതത്തിലെ ഓരോ നിമിഷവും കൊല്ലപ്പെടുകയാണ്. ഞങ്ങളുടെ അവകാശങ്ങളെക്കുറിച്ചും ഞങ്ങള്‍ ഇവിടെ നിലനില്‍ക്കുന്നു എന്നും ഉറക്കെ വിളിച്ചുപറയാനുള്ള സ്‌പെഷ്യല്‍ ദിവസമാണ് ഇന്ന്.

ഞങ്ങളെ തടയാന്‍ ഉദ്ദേശിച്ചാണ് പൊലീസ് അതിക്രമം, എന്നാല്‍ അത് സാധ്യമല്ല. നിങ്ങള്‍ക്ക് ക്വിര്‍ ജനതയെ തടയാനാകില്ല,” യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി ഡിറെന്‍ പറഞ്ഞു.

2003 മുതല്‍ തുടര്‍ച്ചയായി എല്ലാ വര്‍ഷവും ഇസ്താംബൂളില്‍ പ്രൈഡ് മാര്‍ച്ച് നടക്കുന്നുണ്ട്. എന്നാല്‍ ഇത്തവണ ഇവിടെ ഒത്തുകൂടരുതെന്ന ഉത്തരവ് ഇസ്താംബൂള്‍ ഗവര്‍ണറുടെ ഭാഗത്ത് നിന്നുമുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

തുടര്‍ച്ചയായി ഏഴാം വര്‍ഷമാണ് ഇസ്താംബൂളില്‍ പ്രൈഡ് മാര്‍ച്ചിന് അനുമതി നിഷേധിക്കുന്നത്.

തങ്ങളുടെ അപേക്ഷ ഗവര്‍ണറുടെ ഓഫീസ് നിരസിക്കുകയായിരുന്നു എന്ന് പ്രൈഡ് മാര്‍ച്ചിന്റെ സംഘാടകര്‍ പറഞ്ഞു. ‘സുരക്ഷാ പ്രശ്‌നങ്ങള്‍’ എന്ന കാരണം ചൂണ്ടിക്കാണിച്ചാണ് ഗവര്‍ണറുടെ ഓഫീസ് മാര്‍ച്ചിന് അനുമതി നിഷേധിച്ചത്.

സ്വവര്‍ഗാനുരാഗം നിയമപ്രകാരം അനുവദിക്കപ്പെട്ട രാജ്യമാണ് തുര്‍ക്കി. എന്നാല്‍ എല്‍.ജി.ബി.ടി.ക്യു പ്ലസ് കമ്മ്യൂണിറ്റിയില്‍പെട്ട ആളുകള്‍ രാജ്യത്ത് നിരന്തരം ചൂഷണത്തിന് വിധേയരാകുന്നതായാണ് വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Content Highlight: Turkey Police arrest LGBTQ activists and journalist during Istanbul Pride march

We use cookies to give you the best possible experience. Learn more