ഒരു ഉഭയകക്ഷി ചര്‍ച്ചക്കിടെ, തുര്‍ക്കിയില്‍ താമസിക്കുന്ന ഹമാസ് നേതാക്കളെ നാടുകടത്തണമെന്ന് ഇസ്രഈല്‍ ആവശ്യപ്പെടുകയായിരുന്നെന്നും എന്നാല്‍ ഇത് അംഗീകരിക്കാന്‍ തുര്‍ക്കി വിസമ്മതിച്ചെന്നും തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്ലൂത് കാവുസോഗ്ലു (Mevlut Cavusoglu) പറഞ്ഞു.
ചൊവ്വാഴ്ച പാര്‍ലമെന്റ് നടപടികള്‍ക്കിടെ എം.പിമാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘ഗാസ മുനമ്പ് നിയന്ത്രിക്കുന്ന, ഫലസ്തീനിയന്‍ പ്രതിരോധ പ്രസ്ഥാനമായ (Palestinian resistance movement) ഹമാസിനെ ഒരു ഭീകര സംഘടനയായി കാണുന്നില്ലെ’ന്നും അവരുടെ നേതാക്കളെ പുറത്താക്കാനുള്ള ഇസ്രഈലിന്റെ ആവശ്യം അംഗീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
”ഹമാസിനെക്കുറിച്ചുള്ള ഒരു ഇസ്രഈലി അഭ്യര്‍ത്ഥനയും ഞങ്ങള്‍ പൂര്‍ത്തീകരിച്ച് കൊടുത്തില്ല. കാരണം ഞങ്ങള്‍ ഹമാസിനെ ഒരു തീവ്രവാദ ഗ്രൂപ്പായി കാണുന്നില്ല.
അവരെ ഫത്തയുമായി (Fatah) ഏകീകരിക്കാനുള്ള ശ്രമങ്ങള്‍ക്കാണ് ഞങ്ങള്‍ എല്ലായ്‌പ്പോഴും നേതൃത്വം നല്‍കുന്നത്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫലസ്തീനിയന്‍ അതോറിറ്റിയില്‍ (പി.എ) ആധിപത്യം പുലര്‍ത്തുന്ന ഹമാസിന്റെ രാഷ്ട്രീയ എതിരാളി കൂടിയായ ഫത്തയെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഒക്ടോബര്‍ അവസാന വാരം, തുര്‍ക്കി സന്ദര്‍ശനത്തിനിടെയായിരുന്നു രാജ്യത്ത് താമസിക്കുന്ന ഹമാസ് നേതാക്കളെ പുറത്താക്കണമെന്ന് ഇസ്രഈല്‍ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സ് (Benny Gatnz) തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗനോട് (Recep Tayyip Erdogan) ആവശ്യപ്പെട്ടത്, എന്നാണ് ഇസ്രഈലി വെബ്സൈറ്റ് യെനെറ്റ് റിപ്പോര്‍ട്ട് ചെയ്തത്.
വര്‍ഷങ്ങളായി തുടരുന്ന സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ തുര്‍ക്കിയും ഇസ്രഈലും സമ്പൂര്‍ണമായി നയതന്ത്രബന്ധം പുനസ്ഥാപിച്ച് രണ്ട് മാസത്തിന് ശേഷമായിരുന്നു ഈ സന്ദര്‍ശനം.
അതേസമയം ഹമാസ് ഗ്രൂപ്പുമായുള്ള ബന്ധം തുര്‍ക്കി നിലനിര്‍ത്തുകയും ഇസ്താംബൂളില്‍ അവരുടെ ചില നേതാക്കളെ സ്വീകരിക്കുകയും ചെയ്തിരുന്നു.
Content Highlight: Turkey minister says they refused Israel’s requests to act against Hamas leaders