| Monday, 30th October 2023, 12:23 pm

നയതന്ത്ര ബന്ധത്തില്‍ ഉടക്കി തുര്‍ക്കിയും ഇസ്രഈലും; നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിച്ച് ഇസ്രഈല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്തംബുള്‍: തുര്‍ക്കിയില്‍ നിന്ന് തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചു വിളിക്കുന്നതായി ഇസ്രഈല്‍ വിദേശകാര്യ മന്ത്രി എലി കോഹന്‍. ഇസ്രഈലിനെ കുറ്റപ്പെടുത്തിയുള്ള തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് നടപടി.

ഇസ്തംബൂളില്‍ ആയിരങ്ങള്‍ പങ്കെടുത്ത ഫലസ്തീന്‍ അനുകൂല റാലിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ഇസ്രഈലിനെതിരെ എര്‍ദോഗാന്‍ കടുത്ത വിമര്‍ശനം നടത്തിയത്.

തുടര്‍ന്ന് തുര്‍ക്കിയിലെ നയതന്ത്രജ്ഞരെ തിരിച്ചുവിളിക്കുകയായിരുന്നു ഇസ്രഈല്‍ വിദേശകാര്യമന്ത്രി. ‘തുര്‍ക്കിയില്‍ നിന്നും വരുന്ന ആരോപണങ്ങളെ കണക്കിലെടുത്ത് ഇസ്രഈലും തുര്‍ക്കിയും തമ്മിലുള്ള ബന്ധത്തിന്റെ പുനര്‍വിചിന്തനം നടത്തുന്നതിനായി അവിടെയുള്ള നയതന്ത്ര പ്രതിനിധികളെ തിരികെ കൊണ്ടുവരാന്‍ ഞാന്‍ ഉത്തരവിട്ടിട്ടുണ്ട്,’ എലി കോഹന്‍ തന്റെ എക്‌സ് അക്കൗണ്ടിലൂടെ പറഞ്ഞു.

ഗസയില്‍ ഇസ്രഈല്‍ സൈന്യം ഫലസ്തീനികളെ കൂട്ടക്കൊല ചെയ്തതിന് പാശ്ചാത്യരാജ്യങ്ങളെ ‘പ്രധാന കുറ്റവാളി’ എന്ന് എര്‍ദോഗാന്‍ പറഞ്ഞു.
യുക്രൈനിലെ സാധാരണക്കാരുടെ മരണത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ കണ്ണീരൊഴുക്കുന്നു. എന്നാല്‍ ഗസയിലെ ഫലസ്തീന്‍ പൗരന്മാരുടെ മരണത്തില്‍ അവര്‍ കണ്ണടച്ചിരിക്കുകയാണ് എന്നും എര്‍ദോഗാന്‍ ആരോപിച്ചു. ഇസ്രഈലിന്റെ സഖ്യകക്ഷികള്‍ ക്രിസ്ത്യാനികളെ മുസ്ലീങ്ങള്‍ക്കെതിരെ മത്സരിപ്പിക്കുന്ന ഒരു ‘കുരിശുയുദ്ധ അന്തരീക്ഷം’ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ഇരട്ടത്താപ്പിനും കാപട്യങ്ങള്‍ക്കും ഞങ്ങള്‍ എതിരാണെന്നും അദ്ദേഹം പറഞ്ഞു.

‘ഹമാസ് ഒരു തീവ്രവാദ സംഘടന അല്ലെന്ന് ഞാന്‍ ആവര്‍ത്തിച്ചു പറയുന്നു. ഇസ്രഈല്‍ ഒരു അധിനിവേശശക്തിയാണ്. ഗസ കൂട്ടക്കുരുതിക്ക് പിന്നിലെ പ്രധാന പ്രതി പാശ്ചാത്യരാജ്യങ്ങളാണ് .

തുടര്‍ച്ചയായി 22 ദിവസങ്ങളില്‍ ഇസ്രഈല്‍ പരസ്യമായി യുദ്ധകുറ്റങ്ങള്‍ തുടരുകയാണ്. എന്നിട്ടും ഇസ്രഈലിനോട് വെടി നിര്‍ത്താന്‍ ആവശ്യപ്പെടാന്‍ പോലും പാശ്ചാത്യ നേതാക്കള്‍ക്കാകുന്നില്ല. ഫലസ്തീനികളെ തുടച്ചുനീക്കാന്‍ ആണ് ഇസ്രഈല്‍ ശ്രമം. ഇസ്രഈല്‍ യുദ്ധ കുറ്റവാളിയാണെന്ന് ഞങ്ങള്‍ ലോകത്തെ മുഴുവന്‍ അറിയിക്കും. ഞങ്ങള്‍ ഇതിനായുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണ്. തീര്‍ച്ചയായും ഇസ്രഈലിനെ യുദ്ധകുറ്റവാളിയായി പ്രഖ്യാപിക്കും,’ തുര്‍ക്കിയിലെ ഫലസ്തീന്‍ അനുകൂല റാലിയില്‍ എര്‍ദോഗാന്‍ പറഞ്ഞു.

സംഭവത്തില്‍ പ്രതികരണവുമായി ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും രംഗത്തെത്തി.
‘ഞങ്ങളില്‍ യുദ്ധ കുറ്റം ആരോപിക്കരുത്. ലോകത്തെ ഏറ്റവും ധാര്‍മികതയുള്ള സൈന്യമാണ് ഞങ്ങള്‍,’ എന്നായിരുന്നു നെതന്യാഹുവിന്റെ വാക്കുകള്‍.

Content Highlight: Turkey-Israel conflict

We use cookies to give you the best possible experience. Learn more