| Friday, 13th September 2024, 3:50 pm

ബ്രിക്‌സില്‍ അംഗമാകുന്ന ആദ്യ നാറ്റോ രാജ്യമാകാനൊരുങ്ങി തുര്‍ക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അങ്കാര: ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളുടെ സാമ്പത്തിക കൂട്ടായ്മയായ ബ്രിക്സില്‍ അംഗത്വമെടുക്കാന്‍ സന്നദ്ധതയറിയിച്ച് നാറ്റോ രാജ്യമായ തുര്‍ക്കി. അംഗത്വത്തിന് താല്‍പര്യം അറിയിച്ചുകൊണ്ട് തുര്‍ക്കി അപേക്ഷ സമര്‍പ്പിച്ചതായി കഴിഞ്ഞ ദിവസം ബ്ലുംബെര്‍ഗ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരുപക്ഷെ അംഗത്വം ലഭിച്ചാല്‍ ബ്രിക്സില്‍ അംഗമാകുന്ന ആദ്യ യൂറോപ്യന്‍ രാജ്യവും നാറ്റോ രാജ്യവുമാകും തുര്‍ക്കി.

അപേക്ഷ സംബന്ധിച്ച ചര്‍ച്ചകളില്‍ വരും ദിവസങ്ങളില്‍ റഷ്യയുടെ നേതൃത്വത്തില്‍ നടക്കാനിരിക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ തീരുമാനമുണ്ടായേക്കും എന്നാണ് സൂചനകള്‍.

തുര്‍ക്കി ബ്രിക്സ് സഖ്യത്തില്‍ പങ്കാളികളാകാന്‍ ആഗ്രഹിക്കുന്നതായി പ്രസിഡന്റ് റജബ് തയ്യുബ് എര്‍ദോഗന്‍ നിരവധി തവണ താത്പര്യം അറിയിച്ചിരുന്നതായി ഭരണക്ഷി വക്താവ് ഒമര്‍ സെലിക് പ്രതികരിച്ചു.

20 വര്‍ഷത്തോളമായി തുര്‍ക്കി ഭരിക്കുന്ന എര്‍ദോഗന്റെ കീഴില്‍ രാജ്യത്തിന് കൂടുതല്‍ സ്വതന്ത്രമായ വിദേശനയം രൂപപ്പെടുത്താനും അതിന്റെ ആഗോള സ്വാധീനം വര്‍ദ്ധിപ്പിക്കാനും ബ്രിക്സിലെ അംഗത്വം വഴി സാധിക്കും എന്നാണ് കണക്കുകൂട്ടല്‍. യൂറോപ്യന് യൂണിയനില്‍ അംഗത്വം എടുക്കാനുള്ള തുര്‍ക്കിയുടെ ചര്‍ച്ചകളില് കാര്യമായ പുരോഗതിയുണ്ടാകാത്തതും ഈ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് സൂചന.

പാശ്ചാത്യരാജ്യങ്ങളുടെ കൂട്ടായ്മയായ ജി-7 ന് ബദലായി കണക്കാക്കപ്പെടുന്ന  ബ്രിക്സ് 2009ല്‍ ആയിരുന്നു സ്ഥാപിതമായത്. പ്രാരംഭഘട്ടത്തില്‍ ബ്രസീലും ചൈനയും ഇന്ത്യയും റഷ്യയും മാത്രമായിരുന്നു സ്ഥാപക അംഗങ്ങള്‍. അന്ന് ബ്രിക് എന്ന് മാത്രമായിരുന്നു സംഘടനയുടെ പേര്. പിന്നീട് 2011ല്‍ ദക്ഷിണാഫ്രിക്ക് കൂടി അംഗമായതോടെ ബ്രിക്‌സ് എന്നായി മാറി പേര്.

യൂറോപ്പ്, ഏഷ്യ തുടങ്ങിയ ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചുകിടക്കുന്ന തുര്‍ക്കി 1952-ലാണ് നാറ്റോ സൈനിക പങ്കാളിയാകുന്നത്. 2005ല്‍ യൂറോപ്യന്‍ യൂണിയനില്‍ ചേരാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചെങ്കിലും എര്‍ദോഗന്റെ കീഴിലുള്ള ഭരണത്തെക്കുറിച്ചുള്ള
ആശങ്കകളും ജനാധിപത്യ പിന്നോക്കാവസ്ഥയും യൂറോപ്യന്‍ യൂണിയനിലെ അംഗമായ സൈപ്രസുമായുള്ള തര്‍ക്കങ്ങളും കാരണം ചര്‍ച്ചകള്‍ നീണ്ടുപോവുകയായിരുന്നു.

തിങ്കളാഴ്ച റഷ്യന്‍ പ്രസിഡന്റ് പുതിന്റെ വക്താവ് ദിമിത്രി പെസ്‌കോവും ബ്രിക്സില്‍ ചേരാന്‍ തുര്‍ക്കി താത്പര്യം പ്രകടിപ്പിച്ചതായി അറിയിച്ചിരുന്നു. ഈ വര്‍ഷം എതോപ്യ, ഈജിപ്ത്, ഇറാന്‍, യു.എ.ഇ എന്നീ രാജ്യങ്ങളും ബ്രിക്‌സില്‍ അംഗങ്ങളായിരുന്നു.

Content Highlight: Turkey is likely to join BRICS organization

We use cookies to give you the best possible experience. Learn more