അങ്കാറ: ഗസയില്‍ ഇസ്രഈലി സൈന്യം നടത്തുന്നത് വംശഹത്യയാണെന്ന് ആരോപിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇസ്രഈലിനെതിരായി ഫയല്‍ ചെയ്ത ദക്ഷിണാഫ്രിക്കയുടെ കേസിനെ പിന്തുണച്ച് തുര്‍ക്കി. ദക്ഷിണാഫ്രിക്കയുടെ നിയമനടപടി സ്വാഗതാര്‍ഹമാണെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രാലയ വക്താവ് ഓങ്കു കെസെലി (Oncu Keceli) ഔദ്യോഗികമായി അറിയിച്ചു.
വംശഹത്യാ കുറ്റം, ശിക്ഷ എന്നിവയെ അടിസ്ഥാനമാക്കിയുള്ള 1948ലെ കണ്‍വെന്‍ഷന്‍ പ്രകാരം ഇസ്രഈല്‍ തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ ലംഘിച്ചുവെന്ന ദക്ഷിണാഫ്രിക്കയുടെ പ്രസ്താവന നിയമവിധേയമാണെന്ന് ഓങ്കു കെസെലി ചൂണ്ടിക്കാട്ടി.
22,000ലധികം ഫലസ്തീന്‍ സിവിലിയന്മാരെ ഇസ്രഈല്‍ കൊലപ്പെടുത്തിയിട്ടുണ്ടെന്നും അതില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമായതിനാല്‍ ഒരു തരത്തിലും ഇസ്രഈല്‍ ഭരണകൂടം ശിക്ഷിക്കപ്പെടാതെ പോകരുതെന്ന് കെസെലി പറഞ്ഞു.
ഈ അതിക്രമത്തിന് ഉത്തരവാദികള്‍ ആയവര്‍ അന്താരാഷ്ട്ര നിയമത്തിന് മുന്നില്‍ പ്രതികളായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രഈല്‍ ഭരണകൂടത്തിനെതിരെയുള്ള ഈ നടപടി എത്രയും വേഗം പൂര്‍ത്തിയാകുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും കെസെലി വ്യക്തമാക്കി.
ഗസയിലെ ജനതക്ക് നേരെയുള്ള ഗുരുതരവും പരിഹരിക്കാനാവാത്തതുമായ അതിക്രമങ്ങളില്‍ നിന്ന് ഫലസ്തീനികളെ സംരക്ഷിക്കാനായി കോടതിയുടെ ഭാഗത്ത് നിന്ന് വ്യക്തമായ നിയമനടപടി ഉണ്ടാവുമെന്ന് കരുതുന്നുവെന്നും തുര്‍ക്കി സര്‍ക്കാര്‍ അറിയിച്ചു.
കഴിഞ്ഞ മാസം ഇസ്രഈലിനെതിരെ ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും ഗസയിലെ സൈനിക പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ ഇസ്രഈലിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
നിലവില്‍ ഒക്ടോബര്‍ 7 മുതല്‍ ഗസയില്‍ മാത്രമായി കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 22,185 ആണ്. 57,000 പേര്‍ക്ക് പരിക്കേറ്റതായും ഫലസ്തീന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
Content Highlight: Turkey in support of South Africa